കേരളത്തിൽ ഈ വർഷം കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര ഭൗമ മന്ത്രാലയം.

164

ന്യൂഡൽഹി: കേരളമുൾപ്പെടെ രാജ്യത്തെല്ലായിടത്തും ഈ വർഷം കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര ഭൗമ മന്ത്രാലയം. കേരളത്തിൽ കഴിഞ്ഞ കൊല്ലത്തെ പോലെ പ്രളയത്തിനുള്ള സാധ്യതയുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും മന്ത്രാലയം അറിയിച്ചു. ഏപ്രിൽ മാസത്തിൽ സംസ്ഥാനത്ത് താപനില ഉയർന്നു നിൽക്കുമെന്നും അറിയിപ്പിൽ പറയുന്നു.

പസഫിക് സമുദ്രത്തിന് മുകളിൽ കനത്ത മഴയ്ക്ക് കാരണമാകുന്ന എൽനിനോ പ്രതിഭാസം രൂപപ്പെട്ടിട്ടുണ്ട്. ഇത് ജൂലൈ മാസത്തോടെ ദുർബലപ്പെടും. ഇതോടെ കേരളത്തിലുൾപ്പെടെ കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര ഭൗമ മന്ത്രാലയം സെക്രട്ടറി എം രാജീവൻ പറഞ്ഞു. എൽനിനോ പ്രഭാവം കാരണം കാലവർഷം വൈകാൻ സാധ്യതയുണ്ട്. എന്നാൽ മെയ്മാസത്തോടെ കേരളത്തിൽ ചൂട് കുറയുമെന്നും എം രാജീവൻ പറഞ്ഞു.

രാജ്യത്ത് കാർഷിക മേഖലയ്ക്ക് സഹായകമാകുന്ന വിധത്തിൽ പരക്കെ മഴ ലഭിക്കുമെന്നാണ് ഭൗമ മന്ത്രാലയത്തിന്റെ അറിയിപ്പ്. ജൂൺ ആദ്യവാരത്തോടെ മൺസൂൺ മഴ ലഭിച്ചു തുടങ്ങും. മെയ് പകുതിയോടെ മൺസൂണിന്റെ ആരംഭം കൃത്യമായി പ്രവചിക്കാൻ സാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കു കൂട്ടൽ.

ഈ കൊല്ലം രാജ്യം അഭിമുഖീകരിക്കേണ്ടി വരിക 17% വരൾച്ചയായിരിക്കുമെന്നാണ് ഭൗമകേന്ദ്രത്തിന്റെ ഇപ്പോഴത്തെ പ്രവചനം. മൺസൂണിന്റെ അളവ് 39% ആയിരിക്കുമെന്നും കേന്ദ്രം പറയുന്നു. സ്വാഭാവിക അളവിൽ നിന്ന് കുറവ് മഴ ലഭിച്ച 2017-18, 2018-19 കാലയളവിലും രാജ്യത്ത് കാർഷികമേഖലയിൽ മെച്ചപ്പെട്ട ഉത്പാദനം രേഖപ്പെടുത്തിയിരുന്നു.

NO COMMENTS