പൂക്കൾ ചിരിക്കുന്ന കനകക്കുന്നിൽ സർവം ഹരിതമയം

205

തിരുവനന്തപുരം: വസന്തോത്സവം പൂർണമായി ഹരിതചട്ടത്തിനുള്ളിൽ. പ്ലാസ്റ്റിക് കുപ്പികൾ, പേപ്പർ – തെർമോകോൾ പാത്രങ്ങൾ തുടങ്ങിയവ മഷിയിട്ടു നോക്കിയാലും വസന്തോത്സവവേദിയിലെങ്ങും കണ്ടെത്താനാവില്ല. വസന്തോത്സവം കാണാൻ കനകക്കുന്നിലെത്തുന്നവർ പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കൊണ്ടുവരേണ്ടതില്ല. സന്ദർശകർക്കായി 20 സ്ഥലങ്ങളിൽ ശുദ്ധമായ കുടിവെള്ളം കരുതിവച്ചിട്ടുണ്ട്. സൗജന്യമായി അത് ഉപയോഗിക്കാം.

പ്ലാസ്റ്റിക് കുപ്പികൾ, സഞ്ചികൾ എന്നിവ കൊണ്ടുവരുന്നവർക്ക് ആശങ്കവേണ്ട. പ്രവേശന കവാടത്തിലുള്ള ജില്ലാ ശുചിത്വമിഷന്റെ കിയോസ്‌കിൽ അവ ധൈര്യമായി ഏൽപ്പിക്കാം. ഇനി അകത്തേക്കു കൊണ്ടുപോയേ മതിയാകൂ എങ്കിൽ 10 രൂപയുടെ സ്റ്റിക്കർ പതിപ്പിച്ചുതരും. പുറത്തിറങ്ങുന്നിടത്തുള്ള ശുചിത്വ മിഷന്റെ കിയോസ്‌കിൽ സ്റ്റിക്കർ പതിപ്പിച്ച കുപ്പി കാണിച്ചു പണം തിരികെ വാങ്ങാം. മിഠായി കവറുകൾപോലുള്ള ചെറിയ വസ്തുക്കൾ വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കാനുള്ള സൗകര്യവുമുണ്ട്. പതിനായിരത്തിൽപ്പരം പൂക്കൾ പുഞ്ചിരിക്കുന്ന വസന്തോത്സവ വേദിയിൽ സർവതും ഹരിതാഭം തന്നെ.

NO COMMENTS