പോളിംഗ് ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി

12

കാസറഗോഡ് :നിയമസഭാ തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെടുന്ന പ്രിസൈഡിങ്, പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ മുന്നോടിയായി ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തി. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് റാന്‍ഡമൈസേഷന്‍ നടത്തിയത്. 8920 പോളിങ് ഉദ്യോഗസ്ഥരെയാണ് ക്രമപ്പെടുത്തിയത്.

ആകെ 11584 ഉദ്യോഗസ്ഥരെയാണ് പോളിംഗ് ജോലികള്‍ക്കായി ഉള്‍പ്പെടുത്തിയത്. ഇതില്‍ നിന്ന് ഇ പോസ്റ്റിംഗ് സോഫ്റ്റ്വയര്‍ ഉപയോഗിച്ച് ഓണ്‍ലൈനില്‍ 8920പേരെ തെരഞ്ഞെടുത്തു. 1591 പ്രിസൈഡിങ് ഓഫീസര്‍, 1591 വീതം ഫസ്റ്റ് സെക്കന്റ് തേര്‍ഡ് പോളിംഗ് ഓഫീസര്‍മാര്‍ എന്നിവരെ തെരഞ്ഞെടുത്തു. 40 ശതമാനം ഉദ്യോഗസ്ഥരെ (639 പേരെ വീതം) റിസര്‍വ് പട്ടികയിലുള്‍പ്പെടുത്തി. അങ്ങനെ 2230 പേര്‍ വീതം ആകെ 8920 പേരെ തെരഞ്ഞെടുത്തു.

ഒരു നിയോജക മണ്ഡലത്തിലെ ഒരു പോളിംഗ് ബൂത്ത് വനിതാ ബൂത്ത് ആയിരിക്കും. ഫെബ്രുവരി 16ന് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആരംഭിക്കും. മണ്ഡലം തിരിച്ചുള്ള പോളിംഗ് ഉദ്യോഗസ്ഥരുടെ റാന്‍ഡമൈസേഷന്‍ മാര്‍ച്ച് 23 നാണ്. അവസാനഘട്ട റാന്‍ഡമൈസേഷന്‍ ബൂത്ത് തലത്തില്‍ ഏപ്രില്‍ മൂന്നിനാണ്.

യോഗത്തില്‍ ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍ സൈമണ്‍ ഫ്രാന്‍സിസ്, എന്‍ ഐ സി ജില്ലാ ഓഫീസര്‍ കെ. രാജന്‍, കെല്‍ട്രോണ്‍ ജില്ലാ പ്രോഗ്രാമര്‍ ഷനോജ്, ഹുസൂര്‍ ശിരസ്തദാര്‍ എയ്ഞ്ചലോ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം. കുഞ്ഞമ്പുനമ്പ്യാര്‍, ടി എം എ കരീം, മനുലാല്‍ മേലത്ത്, ഷെരീഫ് മല്ലത്ത്, ബിജു ഉണ്ണിത്താന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

NO COMMENTS