ഭിന്നശേഷിക്കാർക്ക് സഹായകരമായ രീതിയിൽ പാഠ്യപദ്ധതി പരിഷ്‌കരിക്കും: പ്രൊഫ. സി രവീന്ദ്രനാഥ്

109

തൃശൂർ : ഭിന്നശേഷിക്കാർക്ക് സഹായകരമായ രീതിയിൽ പാഠ്യപദ്ധതി പരിഷ്‌ക്കരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. ഇതിന് വേണ്ട നടപടികൾ ഉടൻ തന്നെ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട കല്ലേറ്റുംകര നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, കേരള സാമൂഹ്യ സുരക്ഷാ മിഷൻ, സാമൂഹ്യ നീതി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഭിന്നശേഷി സഹായ ഉപകരണങ്ങളുടെ പ്രദർശനം ‘അവസരങ്ങളുടെ ആഘോഷം’ എന്ന പരിപാടിയിൽ വിഭ്യാഭ്യാസ ഉൾച്ചേർക്കലും സഹായ സാങ്കേതിക വിദ്യയും സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷി വിഭാഗത്തിന് സഹായകരമായ പാഠ്യപദ്ധതി പരിഷ്‌ക്കരണം കൊണ്ട് വരുന്നതിലൂടെ പരിമിതികളാൽ തഴയപ്പെട്ട ഒരു വിഭാഗത്തിന് കൂടുതൽ കരുണയുടെ തണലേകാൻ വിദ്യാഭ്യാസത്തിന് കഴിയും. എല്ലാ വിഭാഗം വിദ്യാർത്ഥി സമൂഹത്തെയും ഒരുപോലെ ഉൾപ്പെടുത്തി വിദ്യാഭ്യാസം കൂടുതൽ ജനകീയമാകും. കഴിവ് കൂടുതൽ എന്നോ കുറവ് എന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ മുഖ്യധാരയിലേക്ക് കൊണ്ട് വരാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.

ഒരു കുട്ടിയുടെ സർഗാത്മകമായ കഴിവ് എന്താണെന്ന് കണ്ടെത്തി കഴിവിനെ വളർത്തേണ്ടത് അത്യാവശ്യമാണ്. എല്ലാ കുട്ടികൾക്കും ഒരേ പോലെ എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയും എന്ന് വരില്ല. തനിക്ക് അപ്രാപ്യമായ കാര്യങ്ങളെ എണ്ണിപ്പറഞ്ഞു ഒരു കുട്ടിയെ കുറ്റം പറഞ്ഞ് മാറ്റി നിർത്തുന്ന ഒരു വിഭാഗം മാതാപിതാക്കളും നമ്മുക്കിടയിലുണ്ട്. കുട്ടികളുടെ ചെറിയ പരിമിതികൾ മൂലം സ്വന്തം വേണ്ട വിദ്യാഭ്യാസം പോലും നൽകാതെ വീട്ടിലിരുത്തുന്ന ഒരു വിഭാഗം ആളുകളും ഉണ്ട്. ഈ അവസ്ഥക്കാണ് അടിസ്ഥാന പരമായി മാറ്റം വരേണ്ടത്. ഓരോ കുട്ടിയുടെയും അകത്തുള്ള കഴിവുകൾ കണ്ടെത്തി അവ പരിപോഷിപ്പിക്കണം. ഭിന്നശേഷി വിഭാഗത്തിന്റെ പരിചരണത്തിലേക്ക് വരുമ്പോൾ കൂടുതൽ കരുതലും സ്‌നേഹവും ആവശ്യമാണ്. പരിമിതികളാൽ മാറ്റി നിർത്തിപ്പോരുന്ന ഭിന്നശേഷിക്കാർക്കും അറിവിന് സഹായകരമായ രീതിയിൽ വിഭ്യാഭ്യാസ രംഗത്തു കാലോചിതമായി മാറ്റം കൊണ്ടുവരും. ഒരാളുടെകഴിവിനെ കണ്ടെത്തി വേണ്ട സഹായങ്ങൾ നൽകുന്ന ടാലന്റ് ഹബുകൾ പോലുള്ള രീതികൾ പ്രയോജനപ്പെടുത്തും. പുറത്തുള്ള സഹായ ഉപകരണങ്ങളുടെ സഹായത്താൽ ഓരോ കാര്യങ്ങൾ ചെയ്യുന്നപോലെ ഓരോ കുട്ടിയുടെയും അകത്തുള്ള കഴിവിനെയും കണ്ടെത്തി പരിമിതികൾ ഓരോന്നായി മറികടക്കണമെന്നും അദ്ദേഹം പറഞ്ഞു.

സെൻട്രൽ ഡിസബിലിറ്റി ബോർഡ് അംഗം ജി വിജയരാഘവൻ വിഷയാവതരണം നടത്തി. ഡിപിസി അംഗം വർഗീസ് കണ്ടംകുളത്തി, ജില്ലാ പഞ്ചായത്ത്ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജുള അരുണൻ, വികലാംഗ ക്ഷേമ കോർപറേഷൻ ഡയറക്ടർ വിജയൻ തുടങ്ങിയവർ പങ്കെടുത്തു. എൻഐപിഎംആർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബി മുഹമ്മദ് അഷീൽ സ്വാഗതവും ഫിസിയാട്രിസ്റ്റ് സിന്ധു വിജയ കുമാർ നന്ദിയും പറഞ്ഞു.

ഭിന്നശേഷി സഹായ ഉപകരണങ്ങളുടെ പ്രദർശനം മൂന്നാം ദിവസം’ സെറിബ്രൽ പാൾസി ബാധിതരായ കുട്ടികളുടെ മാതാപിതാക്കൾക്കുള്ള അതിജീവന തന്ത്രങ്ങൾ എന്ന വിഷയത്തിൽ എൻഐപിഎംആർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആതിര ശങ്കർ ക്ലാസ്സെടുത്തു. സെറിബ്രൽ പാൾസി ബാധിതരായ 50 കുട്ടികളുടെ മാതാപിതാക്കൾ ക്ലാസ്സിൽ പങ്കെടുത്തു. തുടർന്ന് എൻഐപിഎംആറിലേയും ഭിന്നശേഷി സഹായ രംഗത്തു പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനമായ അംഹ യിലെയും കൊണ്ടാഴി ബഡ്സ് സ്‌കൂളിലെയും കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

NO COMMENTS