അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

14

അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 21ന് രാവിലെ 8 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആയുർവേദ രംഗത്തെ കുലപതിയായ പദ്മവിഭൂഷൺ ഡോ. പി.കെ വാര്യരെ നൂറാം ജ•ദിനത്തോടനുബന്ധിച്ച് സംസ്ഥാന ആയുഷ് വകുപ്പ് ആദരിക്കുന്നു.

ആയുഷ്മിഷൻ യോഗ ദിനത്തോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ‘വീട്ടിൽ കഴിയാം യോഗയ്‌ക്കൊപ്പം’ ( Be at Home, be with Yoga ) എന്നതാണ് ഈ വർഷത്തെ യോഗ ദിനാചരണ തീം. യോഗത്തോൺ, വിദ്യാർത്ഥികൾക്ക് സ്‌പെഷ്യൽ യോഗ സെഷൻ, ആയുർയോഗ പദ്ധതി എന്നിവയാണ് പ്രധാന പരിപാടികൾ.

വിവിധ രോഗങ്ങൾ ബാധിച്ചവർക്കും വിവിധ പ്രായക്കാർക്കും വിവിധ അവസ്ഥകളിലുള്ളവർക്കും ശീലിക്കാവുന്ന യോഗയുടെ രീതികൾ പരിചയപ്പെടുത്താനാണ് യോഗത്തോൺ സംഘടിപ്പിക്കുന്നത്.

വികേ്‌ടേഴ്‌സ് ചാനൽ വഴി ജൂൺ 21 മുതൽ മൂന്ന് ദിവസങ്ങളിലായി രാവിലെ 8.30നും രാത്രി 9 മണിക്കുമാണ് ‘സ്‌പെഷ്യൽ യോഗ സെഷൻ ഫോർ സ്റ്റുഡന്റ്‌സ്’ പരിപാടിയുടെ സംപ്രേഷണം. സംസ്ഥാനത്തെ എല്ലാ ആയുർവേദ കോളേജുകളും കേന്ദ്രീകരിച്ച് ആയുർവേദവും യോഗയും ബന്ധപ്പെടുത്തിക്കൊണ്ട് ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന് ആയുർയോഗ എന്ന പ്രത്യേക പദ്ധതിയും ആയുർവേദ വിദ്യാഭ്യാസ വകുപ്പ് നാഷണൽ ആയുഷ് മിഷന്റെ സഹകരണത്തോടെ ആരംഭിക്കുന്നു. ഇതുകൂടാതെ റേഡിയോ, ചാനലുകൾ, ദൃശ്യമാധ്യമങ്ങൾ, സോഷ്യൽ മീഡിയ എന്നിവയിലൂടെയും നിരവധി പരിപാടികൾ യോഗദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

NO COMMENTS