ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ടയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി

10

കാസര്‍കോട്: ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ടയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുപിയില്‍ കന്യാസ്ത്രീകള്‍ ട്രെയിനില്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്താവന യെയും പിണറായി രൂക്ഷമായി വിമര്‍ശിച്ചു. കാസര്‍കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിളാണ് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ചത്.

സാമ്പത്തിക തകര്‍ച്ചയും കൊവിഡ് മഹാമാരിയും രാജ്യത്തെ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്കും വറുതിയിലേക്കുമാണ് തള്ളിവിട്ടിരിക്കുന്നത്. സാധാരണ നിലയ്ക്ക് ജനങ്ങളുടെ ദുരിതം പരിഹരിക്കാനും ലഘൂകരിക്കാനുമുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതാണ്. എന്നാല്‍ ഇവിടെ കേന്ദ്രസര്‍ക്കാര്‍ അതിന് തയ്യാറാകുന്നില്ലെന്ന് മാത്രമല്ല, ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ടയാണ് നടപ്പാക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.ഇത് ആര്‍എസ്‌എസിന്റെ അജണ്ടയാ ണെന്നും ഇതുമായാണ് ബിജെപി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതം അടിസ്ഥാനമാക്കി പൗരത്വം നിര്‍ണയിക്കുന്നത് ഭരണഘടനാതത്വങ്ങള്‍ക്ക് എതിരാണെന്നും . ജനങ്ങളുടെ ഐക്യമാണ് ഏത് രാഷ്ട്രത്തിന്റെയും ശക്തിയെന്നും ആ ഐക്യം തകര്‍ക്കാനുള്ള ഏത് നീക്കത്തെയും എല്‍ഡിഎഫ് ശക്തമായി എതിര്‍ക്കുമെന്നും ഇത് രാജ്യത്തിന്റെ ഭാവിയെ കരുതിയുള്ള നിലപാടാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള അവകാശത്തിന് ഭരണഘടനയുടെ സംരക്ഷണമുള്ള രാജ്യത്താണ് കന്യാസ്ത്രീകളാണ് എന്ന ഒറ്റക്കാരണത്താല്‍ ആക്രമണത്തിന് ഇരയാകുന്നത്. ആ കാടത്തത്തെ സംഘപരിവാര്‍ കൊണ്ടുനടക്കുന്നു. അതിനെ ന്യായീകരിക്കാന്‍ ബിജെപിയുടെ സോഷ്യല്‍ മീഡിയാ പ്രചരണത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി തന്നെ ഒരുമടിയുമില്ലാതെ രംഗത്തെത്തി പച്ചക്കള്ളം പറയുകയാണെന്നും പിണറായി വിമര്‍ശിച്ചു. നടന്ന ആക്രമണത്തെ അപലപിക്കാന്‍ പോലും ഗോയല്‍ തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനാധിപത്യവും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കുന്ന നമ്മുടെ ഭരണഘടന തകര്‍ക്കാനുള്ള നീക്കവും ഇതിനൊപ്പം നടക്കുകയാണ്. കോണ്‍ഗ്രസ് ബി.ജെ.പിക്ക് ഒപ്പം ചേര്‍ന്നു കൊണ്ട് എല്‍.ഡി.എഫിനെ ആക്രമിക്കാനാണ് വലിയ താല്‍പര്യം പ്രകടിപ്പിക്കുന്നത്. പൗരത്വ നിയമ ഭേദഗതി കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയായാല്‍ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രിമാര്‍ ആവര്‍ത്തിച്ച്‌ പ്രഖ്യാപിക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതൊന്നും കേരളത്തില്‍ നടപ്പാക്കില്ല എന്നു തന്നെയാണ് മുഖ്യമന്ത്രി വ്യക്തമാക്കി.

NO COMMENTS