പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ പരിഗണനാ വിഷയങ്ങള്‍ ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധം : തമ്പാനൂര്‍ രവി

188

തിരുവനന്തപുരം : പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധവും സംസ്ഥാനത്തിന്റെ ധനകാര്യം, വികസനം, പൊതുസര്‍വീസുകള്‍ എന്നിവയുടെ താല്പര്യങ്ങള്‍ക്ക് എതിരുമായതിനാല്‍ അവയെ ശക്തിയുക്തം എതിര്‍ക്കുമെന്നു കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി. 15-ാം ധനകാര്യ കമ്മീനുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനു മുന്നോടിയായി മുഖ്യമന്ത്രി വിളിച്ചു കൂട്ടിയ സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന പരിഗണന വിഷയങ്ങള്‍ മാത്രമേ കോണ്‍ഗ്രസ് അംഗീകരിക്കൂ. റവന്യൂകമ്മി, ധനകമ്മി, കടം എടുക്കാനുള്ള പരിധി എന്നിവയില്‍ നിലവിലെ പരിധിയില്‍ മാറ്റം വരുത്തുന്നതിനോട് യോജിപ്പില്ല. നിലവിലുള്ള പരിധിയില്‍ വര്‍ധനവ് വരുത്തുകയാണു വേണ്ടതെന്നു തമ്പാനൂര്‍ രവി അഭിപ്രായപ്പെട്ടു. ഒന്‍പതു കാര്യങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍സന്റീവ് നല്‍കി നികുതിയും ഗ്രാന്റും വിതരണം നടത്തണമെന്ന നിര്‍ദ്ദേശം ഫെഡറല്‍ തത്വങ്ങള്‍ക്കു യോജിക്കുന്നതല്ല. കേന്ദ്ര നികുതി വിഹിതവും ഗ്രാന്റുകളും സംസ്ഥാനത്തിന്റെ അവകാശമായതിനാല്‍ അതിന്മേല്‍ നിബന്ധനകള്‍ വയ്ക്കാന്‍ പാടില്ലെന്ന് തമ്പാനൂര്‍ രവി പറഞ്ഞു.

15-ാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പൊതുവെയും വിശിഷ്യാ കേരളത്തിനും ഹാനികരമാണ്. വിദ്യാഭ്യാസം, ആരോഗ്യം, ജനസംഖ്യാ നിയന്ത്രണം തുടങ്ങിയ കാര്യങ്ങളില്‍ കേരളം ബഹുകാതം മുന്നിലാണ്. കഠിനാധ്വാനത്തിലൂടെ കൈവരിച്ച ഈ നേട്ടങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിനും പകരം അതിന്റെ പേരില്‍ സംസ്ഥാനത്തിന്റെ അവകാശം നിഷേധിക്കുന്ന സാഹചര്യമുണ്ടായാല്‍ എതിര്‍ക്കുക തന്നെ ചെയ്യുമെന്നു തമ്പാനൂര്‍ രവി പറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം ആരായുകയും പ്രാദേശികമായ രൂപമാറ്റത്തിനുള്ള സ്വാതന്ത്ര്യം നല്‍കുകയും വേണം. ബീഹാറിലെ സാഹചര്യമായിരിക്കില്ല കേരളത്തിലുള്ളത്. കേന്ദ്രം പഞ്ചവത്സര പദ്ധതികളും വാര്‍ഷിക പദ്ധതികളും നിര്‍ത്തലാക്കിയെങ്കിലും കേരളത്തില്‍ അവ തുടരുകയാണ്. നഷ്ടപ്പെട്ട പ്ലാന്‍ ഫണ്ട് തിരികെ കിട്ടാന്‍ കൂട്ടായ യത്‌നം ആവശ്യമാണ്. സംസ്ഥാനത്തിന്റെ നികുതി വിഹിതം 50% ആയി കൂട്ടണം. സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും തമ്പാനൂര്‍ രവി ഉറപ്പ് നല്‍കി.
ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ച് ഈ മാസം അവസാനം കേരളം സന്ദര്‍ശിക്കുന്ന 15-ാം ധനകാര്യകമ്മീഷന് കെ.പി.സി.സി വിശദമായ നിവേദനം നല്‍കുമെന്നും തമ്പാനൂര്‍ രവി അറിയിച്ചു.

NO COMMENTS