ടോമിന്‍ തച്ചങ്കരിയുടെ ജന്മദിനാഘോഷം വിവാദത്തില്‍

185

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ആര്‍ ടി ഒ ഓഫീസുകളിലും ഇന്ന് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിയുടെ ജന്മദിനം ആഘോഷിച്ചു. മധുരം വിതരണം ചെയ്ത് ജന്‍മദിനമാഘോഷിക്കണമെന്ന തച്ചങ്കരിയുടെ സര്‍ക്കുലര്‍ അനുസരിച്ചായിരുന്നു കേക്ക് മുറിക്കലും ലഡു വിതരണവും നടന്നത്. ജീവനക്കാര്‍ തമ്മിലെ സൗഹൃദം ഉറപ്പാക്കലായിരുന്നു ഉദ്ദേശമെന്നാണ് തച്ചങ്കരിയുടെ വിശീകരണം.
തിരുവനന്തപുരത്തെ ആര്‍ടി ഓഫീസില്‍ എത്തിയപ്പോള്‍ ഗതാഗത കമ്മീഷണര്‍ക്ക് പിറന്നാള്‍ ആശംസ നേരുന്ന കംപ്യൂട്ടര്‍ മോണിറ്ററുകളാണ് കാണാനായത്. മൂന്ന് പാക്കറ്റ് മധുര പലഹാരം പങ്കിട്ടു കഴിച്ച ഉദ്യോഗസ്ഥരും ജീവനക്കാരും. വിവിധ ആവശ്യങ്ങള്‍ക്കായി ആര്‍ടി ഓഫീസ് കയറിയെത്തിയവര്‍ക്കും കിട്ടി ലഡു. എറണാകുളത്തെ ആര്‍ടിഓഫീസ് ജീവനക്കാര്‍ക്കൊപ്പം കേക്ക് മുറിച്ചു തച്ചങ്കരി. ഇങ്ങനെയൊരു കീഴ്വഴക്കമില്ലല്ലോ എന്ന് ചോദ്യത്തില്‍ നിന്ന് കമ്മീഷണര്‍ തെന്നിമാറി
ഇന്നെന്റെ ജന്‍മ ദിനമാണെന്ന തലക്കെട്ടോടെ ഇറങ്ങിയ സര്‍ക്കുലറിന് പിന്നാലെ ഓഫീസുകളില്‍ മധുര പലഹാരം വിതരണം ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്ന ഫോണ്‍ സന്ദേശവും ആര്‍ടിഒ മാര്‍ക്ക് കമ്മീഷണര്‍ നല്‍കിയിരുന്നു. ആഘോഷത്തിന് മാനദണ്ഡങ്ങളൊന്നുമില്ലെങ്കിലും അയച്ച സന്ദേശത്തെ കുറിച്ച് അന്വേഷണമുണ്ടാകുമെന്നായിരുന്നു ഗതാഗത മന്ത്രിയുടെ പ്രതികരണം.
ജന്‍മദിനാഘോഷം നാട്ടില്‍ പാട്ടായതോടെ അസാധാരണ സര്‍ക്കുലറിന്റെയും ആഘോഷത്തിന്റെയും ഹാങ്ഓവര്‍ എവിടെ ചെന്നവസാനിക്കുമെന്ന അങ്കലാപ്പും ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ക്കുണ്ട്.