തമിഴ്നാട് നിയമസഭയില്‍ വീണ്ടും സംഘര്‍ഷം ; സഭ നടപടികള്‍ വീണ്ടും നിര്‍ത്തിവെച്ചു

227

ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് സ്പീക്കര്‍ മൂന്നുമണിവരെ സഭ നിര്‍ത്തിവെച്ചു.
സംഘര്‍ഷത്തെതുടര്‍ന്ന് 45 മിനിട്ടുനേരം നിര്‍ത്തിവെച്ച സഭ പുനരാരംഭിച്ചപ്പോള്‍ ഒ പനീര്‍ശെല്‍വം പക്ഷത്തെയും ഡിഎംകെ അംഗങ്ങളെയും സഭയില്‍ നിന്നു പുറത്താക്കി. ബലം പ്രയോഗിച്ച്‌ അംഗങ്ങളെ പുറത്താക്കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധം ശക്തമായതിനെതുടര്‍ന്നാണ് സഭ വീണ്ടും നിര്‍ത്തിവെച്ചത്.
നാടകീയ സംഭവങ്ങളാണ് വിശ്വാസ വോട്ടെടുപ്പിനിടെ നിയമസഭയില്‍ അരങ്ങേറിയത്. ഏറെനേരം സംഘര്‍ഷം തുടര്‍ന്നു. രഹസ്യബാലറ്റ് ആവശ്യപ്പെട്ട് സ്പീക്കറെ ഘെരാവോ ചെയ്തു. നിയമസഭയില്‍ കസേരയേറും പേപ്പര്‍ പരസ്പരം വലിച്ചെറിഞ്ഞു.
മൈക്ക് കേടുവരുത്തുകയും സ്പീക്കറുടെ മേശ നശിപ്പിക്കുകയും ചെയ്തു. ഇതിനെതുടര്‍ന്ന് വിശ്വാസ വോട്ടെടുപ്പ് തടസ്സപ്പെട്ടു. പിന്നീട് നാല്‍ത്തിയഞ്ചു മിനിട്ട് നേരം സഭ നിര്‍ത്തിവെക്കുകയായിരുന്നു. സഭയിലെ സംഘര്‍ഷത്തില്‍ ഒരു ജനപ്രതിനിധിക്ക് പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

വിശ്വാസവോട്ടെടുപ്പ് മാറ്റിവെക്കണമെന്നും രഹസ്യ ബാലറ്റ് നടപ്പാക്കണമെന്നും സ്റ്റാലിനും പനീര്‍ശെല്‍വവും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സഭയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. എന്തിനാണ് ഇത്ര തിടുക്കത്തില്‍ വോട്ടെടുപ്പ് നടത്തുന്നതെന്നും സ്റ്റാലിന്‍ സഭയില്‍ ചോദിച്ചു. വ്യാഴാഴ്ച്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പളനിസാമിക്കു തുടരാന്‍ സഭയില്‍ വിശ്വാസവോട്ട് നേടണമായിരുന്നു.
പനീര്‍ശെല്‍വത്തിന് അനുകൂലമായി എംഎല്‍എമാര്‍ മുദ്രാവാക്യം വിളിച്ചു. സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങരുതെന്ന് വിശ്വാസ വോട്ടിന് മുമ്ബ് ഒ പനീര്‍ശെല്‍വം എംഎല്‍എമാരോട് പറഞ്ഞിരുന്നു. രഹസ്യബാലറ്റ് വേണമെന്ന് പനീര്‍ശെല്‍വം ഇന്നലെയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എംഎല്‍എമാര്‍ക്ക് സംരക്ഷണം വേണമെന്ന് ചീഫ് വിപ്പ് സെമ്മലൈയും ആവശ്യപ്പെട്ടു.
പ്രതിപക്ഷം ഒ പനീര്‍ശെല്‍വത്തിനൊപ്പം ചേര്‍ന്നു. കോണ്‍ഗ്രസ്സും മുസ്ലീം ലീഗും സര്‍ക്കാരിനെതിരെ വോട്ട് ചെയ്യുമെന്ന് നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു. വിശ്വാസവോട്ടെടുപ്പ് തുടങ്ങിയപ്പോള്‍ തന്നെ ഡിഎംകെ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ച്‌ സഭയില്‍ ബഹളം വെച്ചിരുന്നു. ജനങ്ങളുടെ ശബ്ദമാകണം വിശ്വാസവോട്ടില്‍ പ്രതിഫലിക്കേണ്ടതെന്നും എംഎല്‍എമാരെ വീട്ടില്‍ പോകാന്‍ അനുവദിക്കണമെന്നും പനീര്‍ശെല്‍വം ആവശ്യപ്പെട്ടു. രഹസ്യവോട്ടെടുപ്പ് വേണമെന്നും പനീര്‍ശെല്‍വം സഭയില്‍ ആവശ്യമുന്നയിച്ചു. എന്നാല്‍ രഹസ്യവോട്ടെടുപ്പിന് സ്പീക്കര്‍ അംഗീകാരം നല്‍കിയില്ല. ഇതിനിടെ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് നിയമസഭയിലെ മീഡിയ റൂം പൂട്ടി മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. മാധ്യമപ്രവര്‍ത്തകര്‍ക്കു വിലക്കേര്‍പ്പെടുത്തിയത് ജനാധിപത്യ വിരുദ്ധമാണെന്ന് ജസ്റ്റിസ് മാര്‍കണ്ഡേയ കഡ്ജു പ്രതികരിച്ചു.

NO COMMENTS

LEAVE A REPLY