മത്സ്യഫെഡ് പിരിച്ച് വിടാനുള്ള നീക്കത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണം : ടി.എന്‍.പ്രതാപന്‍

224

മത്സ്യഫെഡ് പിരിച്ച് വിടാനുള്ള നീക്കത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരളപ്രദേശ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നീക്കത്തിനെതിരെ ഡിസംബര്‍ 8 ന് സെക്രട്ടേറിയറ്റിലേക്ക് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും. മാര്‍ച്ച് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ 222 മത്സ്യഗ്രാമങ്ങളില്‍ നിന്നും 666 മത്സ്യത്തൊഴിലാളി പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രതിനിധികള്‍ തെരഞ്ഞെടുത്ത മത്സ്യഫെഡ് ഭരണസമിതിക്ക് ഇനിയും മൂന്നര വര്‍ഷം കലാവധിയുണ്ട്. വസ്തുത ഇതായിരിക്കെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് മത്സ്യഫെഡ് പിരിച്ചുവിടാന്‍ ഗൂഢനീക്കം സര്‍ക്കാര്‍ നടത്തുന്നു. നോട്ട്പിന്‍വലിച്ചതിന്റെ പശ്ചാത്തലത്തില്‍ മത്സ്യമേഖല പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. മത്സ്യബന്ധനത്തിന് ആവശ്യമായ ഇന്ധനമോ കടലില്‍ നിന്നും പിടിച്ച മത്സ്യത്തിന് വിലയോ ലഭിക്കുന്നില്ല.അതുകൊണ്ട് തീരപ്രദേശത്ത് പട്ടിണിയും ദാരിദ്ര്യവും രൂക്ഷമായിരിക്കുകയാണ്.

ഇക്കൂട്ടരുടെ ദുരിതം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. കൂടാതെ മത്സ്യത്തൊഴിലാളികളുടെ നിലവിലുള്ള മുഴുവന്‍ വായ്പകളുടേയും പലിശ പൂര്‍ണ്ണമായും ഒഴുവാക്കണം. കേരളതീരപ്രദേശത്തെ ബന്ധപ്പെടുത്തി 16000 കോടിരൂപയുടെ ഗ്രീന്‍ കോറിഡോര്‍ കൊണ്ടുവരാനുള്ള ശ്രമം കൂടുതല്‍ പഠനവിധേയമാക്കണം. തീരപ്രദേശത്ത് നിന്നും 35 മീറ്റര്‍ ദൂരപരിധിയില്‍ പ്രദേശവാസികളെ മാറ്റിപാര്‍പ്പിക്കുമ്പോള്‍ അരലക്ഷത്തോലം മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ഇത് നേരിട്ട് ബാധിക്കും. അതുകൊണ്ട് ഇതുസംബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് ഇടയില്‍ ഹിതപരിശോധന നടത്തണം.മറിച്ച് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും പ്രതാപന്‍ പറഞ്ഞു. തീരദ്ദേശ മേഖലയിലെ ജനതയുടെ അടിസ്ഥാനപരമായ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പഠിക്കുന്നതിനും പരിഹാരം നിര്‍ദ്ദേശിക്കുന്നതിനും ഒരു ഉന്നതാധികാര സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കണമെന്നും പ്രതാപന്‍ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY