ത​ര്‍​ക്ക​ഭൂ​മി കേസ് – 2010 ലെ അലഹാബാദ് ഹൈക്കോടതി വിധി .

127

ന്യൂഡൽഹി : അയോധ്യ ഭൂമി കേസില്‍ അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിലെ ജഡ്ജിമാരായ സിഗ്ബത്തുല്ല ഖാന്‍, സുധീര്‍ അഗര്‍വാള്‍, ധരംവീര്‍ ശര്‍മ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് 2010 സെപ്റ്റംബര്‍ 30ന് വിധി പറഞ്ഞത്. മൂന്നു പേരും എഴുതിയതു വെവ്വേറെ വിധിന്യായങ്ങള്‍. മൊത്തം 8189 പേജ്. 4 ഹര്‍ജികളാണ് കോടതിപരിഗണിച്ചത്. ഈ വിധിക്കെതിരായ അപ്പീലാണ്‌ ഇന്ന്‌ പരിഗണിക്കുന്നത്‌. വിധി ചുവടെ.

60 വര്‍ഷം പഴക്കമുള്ള കേസില്‍ മൂന്നംഗ ബെഞ്ചിലെ ഒരു ജഡ്ജി വ്യത്യസ്ത വിധി പുറപ്പെടുവിച്ചു. 1949ല്‍ സ്ഥാപിച്ച രാമവിഗ്രഹം ഇരിക്കുന്ന സ്ഥലം ഹിന്ദുമഹാസഭയ്ക്കും ‘രാം ഛബൂത്രയും’ ‘സീത രസോയിയും’ സ്ഥിതിചെയ്യുന്ന സ്ഥലം സന്യാസി സംഘടനയായ നിര്‍മോഹി അകാഡയ്ക്കും ബാക്കി സ്ഥലം സുന്നി വഖഫ് ബോര്‍ഡിനും നല്‍കാന്‍ ജസ്റ്റിസുമാരായ എസ് യു ഖാനും സുധീര്‍ അഗര്‍വാളും ഉത്തരവായി. പ്രദേശത്ത് മൂന്ന് മാസത്തേക്ക് നിലവിലുള്ള സ്ഥിതി തുടരാനും ഭൂരിപക്ഷ വിധിയില്‍ നിര്‍ദേശിച്ചു.

എന്നാല്‍, കേസിന് ആസ്പദമായ സ്ഥലം രാമന്റെ ജന്മഭൂമിയാണെന്നും ഇസ്ലാംമത തത്വങ്ങള്‍ക്ക് വിരുദ്ധമായാണ് ഇവിടെ മസ്ജിദ് സ്ഥാപിച്ചതെന്നും ഇതിനെ ആരാധനാലയമായി പരിഗണിക്കാന്‍ കഴിയില്ലെന്നും ബെഞ്ചിലെ മറ്റൊരു ജഡ്ജിയായ ജസ്റ്റിസ് ഡി വി ശര്‍മയുടെ വിധിയില്‍ പറഞ്ഞു. മൂന്ന് ജഡ്ജിമാര്‍ ചേര്‍ന്ന് 8189 പേജ് വരുന്ന വിധിന്യായമാണ് അന്ന്‌ പുറപ്പെടുവിച്ചത്.

കോടതി നിയമിച്ച റിസീവര്‍ ശിവശങ്കര്‍ ലാല്‍ തയ്യാറാക്കിയ സ്കെച്ചിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ഭാഗമായി സ്ഥലം വിഭജിക്കേണ്ടതെന്ന് ജസ്റ്റിസുമാരായ ഖാനും അഗര്‍വാളും വ്യക്തമാക്കി. മസ്ജിദിന്റെ പ്രധാന താഴികക്കുടം നിലനിന്നിരുന്നതിന്റെ താഴെയാണ് രാമന്റെ ജന്മസ്ഥലമെന്നാണ് ഹിന്ദുക്കളുടെ വിശ്വാസം വിധിയില്‍ നിരീക്ഷിച്ചു.
മൂന്ന് തുല്യഭാഗമായാണ് 2.7 ഏക്കര്‍ സ്ഥലം വീതിക്കേണ്ടതെങ്കിലും പ്രായോഗികസൗകര്യം മുന്‍നിര്‍ത്തി ചെറിയ തോതില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്താം. എന്നാല്‍, ഇത് മറ്റൊരു കക്ഷിയെ ബാധിക്കാത്ത വിധത്തില്‍ തൊട്ടടുത്ത പ്രദേശത്തുനിന്ന് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു നല്‍കി പരിഹരിക്കണം. വിഭജനം സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് മൂന്നു മാസം സമയം നല്‍കിയിട്ടുണ്ട്. വിധിയില്‍ അപ്പീല്‍ നല്‍കാനും അന്ന്‌ മൂന്ന് മാസത്തെ സമയം അനുവദിച്ചു. വിഭജനം സംബന്ധിച്ച അന്തിമവിധി മൂന്നുമാസത്തിനുശേഷം സുപ്രീംകോടതി ചീഫ്ജസ്റ്റിസുമായി കൂടിയാലോചിച്ച്‌ പ്രഖ്യാപിക്കും.

ബാബറുടെ ഉത്തരവ് പ്രകാരമാണ് മസ്ജിദ് നിര്‍മിച്ചതെന്ന് ജസ്റ്റിസ് ഖാന്‍ വിധിയില്‍ നിരീക്ഷിച്ചു. എന്നാല്‍, ഈ സ്ഥലം ബാബറുടെ ഉടമസ്ഥതയില്‍ ഉള്ളതായിരുന്നു എന്നതിന് തെളിവില്ല. മസ്ജിദ് പണിയാനായി ക്ഷേത്രം തകര്‍ത്തിട്ടില്ല. ദീര്‍ഘകാലമായി ജീര്‍ണാവസ്ഥയിലായിരുന്ന ക്ഷേത്രം സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് മസ്ജിദ് നിര്‍മിച്ചതെന്ന് വിധിയില്‍ പറയുന്നു. മസ്ജിദ് നിര്‍മിച്ച്‌ കുറെക്കാലം കഴിഞ്ഞശേഷമാണ് രാമന്റെ ജന്മസ്ഥലം ഇവിടെയാണെന്ന് ഹിന്ദുക്കള്‍ കരുതാന്‍ തുടങ്ങിയത്. 1885നു മുമ്ബേ രാം ഛബൂത്രയും സീത രസോയിലും പ്രദേശത്ത് നിലനിന്നിരുന്നു. ഹിന്ദുക്കള്‍ ഇവിടെ ആരാധനയും നടത്തിവന്നു. വളരെ അസാധാരണമായ അവസ്ഥയായിരുന്നു അത്. ഒരു ഭാഗത്ത് മുസ്ലിങ്ങള്‍ നമസും മറുഭാഗത്ത് ഹിന്ദുക്കള്‍ പ്രാര്‍ഥനയും നടത്തി.

ഭൂമിയില്‍ വിഭജനമൊന്നും ഇല്ലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും സംയുക്തമായി കൈവശം വച്ചിരുന്ന ഭൂമിയായിരുന്നു ഇതെന്ന് വ്യക്തമാകുന്നു. എന്നാല്‍, ഇരുകൂട്ടര്‍ക്കും ഭൂമിയുടെ കൈവശാവകാശം തെളിയിക്കുന്ന രേഖ ഹാജരാക്കാന്‍ കഴിഞ്ഞില്ല. തെളിവ് നിയമപ്രകാരം സംയുക്താവകാശമുള്ള ഭൂമിയായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ എന്ന്‌ ജസ്റ്റിസ് ഖാന്‍ പറഞ്ഞു.

രാമവിഗ്രഹം ആദ്യമായി ഇവിടെ സ്ഥാപിച്ചത് 1949 ഡിസംബര്‍ 23നു പുലര്‍ച്ചെയാണെന്നും ജസ്റ്റിസ് ഖാന്‍ ചൂണ്ടിക്കാട്ടി. ഇതിനു കുറച്ചുകാലം മുമ്ബു മുതലാണ് മസ്ജിദിന്റെ പ്രധാന താഴികക്കുടത്തിന് താഴെയാണ് രാമന്റെ ജന്മസ്ഥലമെന്ന് ഹിന്ദുക്കള്‍ കരുതാനും വിശ്വസിക്കാനും തുടങ്ങിയതെന്നും വിധിയില്‍ പറഞ്ഞു. അതേസമയം, പഴയ മന്ദിരം തകര്‍ത്തശേഷമാണ് മസ്ജിദ് നിര്‍മിച്ചതെന്ന് ജസ്റ്റിസ് ശര്‍മ നിരീക്ഷിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പര്യവേക്ഷണം ഇത് വ്യക്തമാക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍, 1949ലാണ് ഇവിടെ രാമവിഗ്രഹം സ്ഥാപിച്ചതെന്നതിന് തെളിവുണ്ടെന്ന നിഗമനത്തോട് അദ്ദേഹം യോജിച്ചു.

NO COMMENTS