വാട്‌സ്ആപ് നിരോധിക്കണമെന്ന് സുപ്രിംകോടതിയില്‍ ഹരജി

218

ഏറെ പ്രചാരം നേടിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ് സുരക്ഷാ പ്രശ്‌നങ്ങളുടെ പേരില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി. ഹരിയാനയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ സുധീര്‍ യാദവാണ് സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

വാട്‌സ്ആപ്, വൈബര്‍ തുടങ്ങിയവ തീവ്രവാദികള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഇതിലൂടെ ദേശീയ സുരക്ഷ തന്നെ അപകടത്തിലാകുമെന്നും ഇവയുടെ ഉപയോഗം ഇന്ത്യയില്‍ നിരോധിക്കണമെന്നുമാണ് ഹരജിയില്‍ പറയുന്നത്. ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ജൂണ്‍ 29 ന് പരിഗണിക്കും.

വാട്‌സ്ആപ് അപ്ലിക്കേഷന്‍ സന്ദേശങ്ങള്‍ എന്‍സ്‌ക്രിപ്റ്റ് ചെയ്യുന്നതിനാല്‍ അയക്കുന്ന ആളിനും ലഭിക്കുന്ന ആളിനും മാത്രമേ കാണാനാവുകയുള്ളു എന്ന് വാട്‌സ്ആപ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് തീവ്രവാദികള്‍ക്കും സാമൂഹ്യവിരുദ്ധ ശക്തികള്‍ക്കും സഹായകരമായി മാറിയിട്ടുള്ളതായും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.