പട്ടികജാതി- പട്ടിക വര്‍ഗ നിയമം ദുര്‍ബലപ്പെടുത്തിയ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.

124

ന്യൂഡല്‍ഹി: പട്ടികജാതി-വര്‍ഗക്കാരുടെ സമത്വത്തിനായുള്ള പോരാട്ടം ഇന്നും അവസാനിച്ചിട്ടില്ല. അവര്‍ ഇപ്പോഴും തൊട്ടുകൂടായ്മയും അവഗണനയും നേരിടുകയും അതിക്രമങ്ങള്‍ക്കു വിധേയരാവുകയും ചെയ്യുന്നു. പട്ടികജാതി-വര്‍ഗ (അതിക്രമം തടയല്‍) നിയമം ദുര്‍ബലപ്പെടുത്തിയ മുന്‍ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഈ നിയമപ്രകാരമുള്ള പരാതികളില്‍ സര്‍ക്കാരുദ്യോഗസ്ഥരെ പ്രാഥമികാന്വേഷണം നടത്താതെ ഉടനടി അറസ്റ്റു ചെയ്യരുതെന്നടക്കം രണ്ടംഗബെഞ്ച് കഴിഞ്ഞവര്‍ഷം മാര്‍ച്ച്‌ 20-നു പുറപ്പെടുവിച്ച ഉത്തരവാണ് മൂന്നംഗ ബെഞ്ച് റദ്ദാക്കിയത്.

ജഡ്ജിമാരായ എ.കെ. ഗോയല്‍, യു.യു. ലളിത് എന്നിവരടങ്ങിയ ബെഞ്ച് 2018 മാര്‍ച്ചില്‍ പുറപ്പെടുവിച്ച വിധി ഉത്തരേന്ത്യയില്‍ വന്‍പ്രക്ഷോഭത്തിന് ഇടയാക്കിയിരുന്നു. പട്ടികജാതി-വര്‍ഗ (അതിക്രമം തടയല്‍) നിയമപ്രകാരമുള്ള പരാതികളില്‍ പ്രാഥമികാന്വേഷണം നടത്താതെ സര്‍ക്കാരുദ്യോഗസ്ഥരെ അറസ്റ്റുചെയ്യരുതെന്ന നിര്‍ദേശത്തിനുപുറമേ ഒട്ടേറെ മാര്‍ഗനിര്‍ദേശങ്ങളും കോടതി നല്‍കിയിരുന്നു. ഇത്തരം കേസുകളില്‍ മുന്‍കൂര്‍ജാമ്യം നല്‍കാനാവില്ലെന്ന അവസ്ഥയുണ്ടാകരുത്, ഡിവൈ.എസ്.പി. റാങ്കില്‍ കുറയാത്ത പദവിയിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രാഥമികാന്വേഷണം നടത്തണം, ബന്ധപ്പെട്ട അധികൃതരില്‍നിന്ന് അനുമതി നേടിയശേഷമേ അറസ്റ്റ് പാടുള്ളൂ എന്നിവയായിരുന്നു നിര്‍ദേശങ്ങള്‍. സര്‍ക്കാരുദ്യോഗസ്ഥരല്ലാത്തവരെ അറസ്റ്റുചെയ്യാന്‍ ജില്ലാ പോലീസ് മേധാവിയുടെ രേഖാമൂലമുള്ള അനുമതി വേണം.

പട്ടികജാതി-വര്‍ഗ (അതിക്രമം തടയല്‍) നിയമപ്രകാരം അറസ്റ്റുചെയ്യുന്നവരെ ഹാജരാക്കുമ്ബോള്‍ മജിസ്‌ട്രേറ്റ് യുക്തിസഹമായി ചിന്തിച്ചു തീരുമാനമെടുക്കണം. നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുന്നതു തടയാനായി എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുന്നതിനുമുമ്ബ് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രാഥമികാന്വേഷണം നടത്തി നിയമത്തിനുകീഴില്‍ വരുന്നതാണോയെന്നു പരിശോധിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും വിധിയിലുണ്ടായിരുന്നു. ഈ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ കോടിയലക്ഷ്യ നടപടികള്‍ നേരിടേണ്ടിവരുമെന്നും രണ്ടംഗബെഞ്ച് വ്യക്തമാക്കി.

പട്ടികജാതി-വര്‍ഗ സംഘടനകളുടെ പ്രക്ഷോഭം അവസാനിപ്പിക്കാനായി വിധിയെ നിരാകരിക്കുംവിധം കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവന്നു. 2018 ഓഗസ്റ്റിലാണ് പാര്‍ലമെന്റ് നിയമമാക്കിയത്. ഭരണഘടനയുടെ 15-ാം വകുപ്പ് പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കു സംരക്ഷണം നല്‍കുന്നുണ്ട്. എങ്കിലും, അവര്‍ സാമൂഹികമായ വേര്‍തിരിവിനും ദുരുപയോഗത്തിനും വിധേയരാകുന്നു. നിയമത്തിന്റെ ആനുകൂല്യത്തില്‍ കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതിന്റെപേരില്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളെ പൂര്‍ണമായി സംശയദൃഷ്ടിയോടെ കാണാനാകില്ല’ -ഗാന്ധിജയന്തിദിനത്തലേന്ന് പുറപ്പെടുവിച്ച ഉത്തരവില്‍ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.

ഭരണഘടനയുടെ അന്തസ്സത്തയ്ക്കു ചേര്‍ന്നതല്ല രണ്ടംഗ ബെഞ്ചിന്റെ ഉത്തരവെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം. ഫലത്തില്‍ ഇതംഗീകരിക്കുന്നതാണ് ചൊവ്വാഴ്ചത്തെ വിധി.ഉത്തരവിനെതിരേ പ്രതിഷേധം വ്യാപകമായതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയിലാണ് ജഡ്ജിമാരായ അരുണ്‍ മിശ്ര, എം.ആര്‍. ഷാ, ബി.ആര്‍. ഗവായ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. നിയമനിര്‍മാണം പാര്‍ലമെന്റിന്റെ അധികാരപരിധിയില്‍പ്പെട്ടതാണെന്നും പരമോന്നതകോടതി നിയമനിര്‍മാണത്തിനു മുതിരരുതെന്നും വിധിയില്‍ ബെഞ്ച് നിരീക്ഷിച്ചു.

‘ഭരണഘടനയ്ക്കും ചട്ടങ്ങള്‍ക്കുമെതിരേ എങ്ങനെയാണ് ഉത്തരവിറക്കാന്‍ സാധിക്കുന്നത്. പട്ടികജാതി-വര്‍ഗത്തില്‍ പെട്ടവര്‍ക്കെതിരേയുള്ള അതിക്രമക്കേസുകളില്‍ അന്വേഷണം വൈകാന്‍ ഇടയാക്കുന്നതാണ് രണ്ടംഗബെഞ്ചിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍. പ്രാഥമികാന്വേഷണം വേണമെന്ന വ്യവസ്ഥ ദുര്‍ബലവിഭാഗങ്ങള്‍ക്കു ദോഷകരവും ഉന്നതജാതിയില്‍പ്പെട്ടവര്‍ക്ക് ആനുകൂല്യം നല്‍കുന്നതുമാണ്’ -വിധിയില്‍ നിരീക്ഷിച്ചു.

NO COMMENTS