സുപ്രീം കോടതിയുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞെന്ന് ജഡ്ജിമാര്‍

267

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ പ്രവര്‍ത്തനം ക്രമരഹിതമെന്ന് സുപ്രീം കോടതി ജസ്റ്റിസ് ജെ ചെലമേശ്വര്‍. കോടതി നിര്‍ത്തിവെച്ച്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് മദന്‍ വി ലോക്കൂര്‍ എന്നീ ജഡ്ജിമാരും അദ്ദേഹത്തൊടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ തീരുമാനങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധിച്ചാണ് ഇവര്‍ വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തത്. അസാധാരണമായ സംഭവമാണിത്. ഒട്ടും സന്തോഷത്തോടെയല്ല ഇത്തരമൊരു നടപടിക്ക് തുനിഞ്ഞത്. സുപ്രീം കോടതിയുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലാണ്. കോടതിയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കാനാണ് പ്രതിഷേധം. ഞങ്ങള്‍ നിശബ്ദരായിരുന്നുവെന്ന് നാളെ ആരും കുറ്റപ്പെടുത്തരുത്. സുപ്രീം കോടതി ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരും. കോടതിയോടും രാജ്യത്തോടുമാണ് ഞങ്ങളുടെ ഉത്തരവാദിത്വമെന്നും ചെലമേശ്വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സുഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന സി ബി ഐ പ്രത്യേക കോടതി ജഡ്ജി ബി എച്ച്‌ ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് പ്രതിഷേധം എന്നത് പൊട്ടിത്തെറിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
2014 ഡിസംബര്‍ ഒന്നിനായിരുന്നു സി ബി ഐ ജഡ്ജി ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കളും വിവിധ പോലീസ് ഉദ്യോഗസ്ഥരും സംശയ നിഴലിലുണ്ടായിരുന്ന സുഹ്റാബുദ്ദീന്‍ കേസില്‍ വാദം കേട്ടിരുന്ന ജഡ്ജിയായിരുന്നു ലോയ. ഇന്ന് ലോയയുടെ കേസ് പരിഗണിച്ച കോടതി മഹാരാഷ്ട്ര സര്‍ക്കാറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

NO COMMENTS