കാവേരി നദീതര്‍ക്കം: കര്‍ണാടകം വീണ്ടും സുപ്രീംകോടതിയില്‍

168

ദില്ലി: കാവേരി നദീതര്‍ക്കത്തില്‍ കര്‍ണാടകം വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു.. തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കാനാകില്ലെന്നും മുന്‍ ഉത്തരവില്‍ മാറ്റം വരുത്തണമെന്നുമാണ് കര്‍ണാടകത്തിന്റെ ആവശ്യം.. ഹര്‍ജി കോടതി നാളെ പരിഗണിക്കും.കാവേരി നദിയില്‍ നിന്നുള്ള വെള്ളം ബംഗളുരുവിന്റേയും കാവേരി നദീതട ജില്ലകളുടേയും കുടിവെള്ളാവശ്യത്തിന് മാത്രമെ ഉപയോഗിക്കൂ എന്ന പ്രമേയം കഴിഞ്ഞ ദിവസം കര്‍ണാടക നിയമസഭ പാസാക്കിയിരുന്നു. ഈ പ്രമേയത്തോടൊപ്പം വരള്‍ച്ച കാരണം തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കാനാകില്ലെന്നും ആറായിരം ക്യുസക്‌സ് വെള്ളം വിട്ടുനല്‍കണമെന്ന മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തണമെന്ന ഹര്‍ജിയും കര്‍ണാടക സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ഈ വര്‍ഷം അവസാനത്തോടെ മാത്രമെ തമിഴ്‌നാടിന് കാവേരിയില്‍ നിന്ന് വെള്ളം നല്‍കാനാകൂ എന്നും കര്‍ണാടകം ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. കാവേരിയില്‍ നിന്ന് കൂടുതല്‍ വെള്ളം ആവശ്യപ്പെട്ടുള്ള തമിഴ്‌നാടിന്റെ ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കുന്നു. ഇതോടൊപ്പം കര്‍ണാടകത്തിന്റെ അപേക്ഷയും ജസ്റ്റിസുമാരായ ദീപക് മിശ്ര, യുയു ലളിത് എന്നിവര്‍ അംഗങ്ങളായ ബെഞ്ച് പരിഗണിക്കും. സുപ്രീം കോടതിയെ ധിക്കരിക്കുന്നതിന് സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. കര്‍ണാടക നിയമസഭ പാസാക്കിയ പ്രമേയത്തിന്റെ കാര്യത്തില്‍ കോടതി നാളെ എന്ത് നിലപാടെടുക്കുമെന്നത് ഇരു സംസ്ഥാനങ്ങള്‍ക്കും നിര്‍ണായകമാണ്.

NO COMMENTS

LEAVE A REPLY