ബിനാലെയുടെ വിശാല വീക്ഷണത്തിലേക്ക് സൃഷ്ടികളുമായി കശ്മീരി കലാവിദ്യാര്‍ഥികള്‍

251

കൊച്ചി: എന്നെ കേള്‍ക്കുന്നില്ലേ? വേദനയുടെ കടലില്‍? വേദനയുടെ കടലിലേക്ക് തിരികെയെത്തുമോ ഒരിക്കലെങ്കിലും? ഒരിക്കലുമില്ലേ? ചിലെയന്‍ വിപ്ലവ കവി റൗള്‍ സുറിതയുടെ ഇന്‍സ്റ്റലേഷന്‍, വേദനയുടെ കടലി(സീ ഓഫ് പെയ്ന്‍)ന്റെ ചുമരുകളില്‍ വേറിട്ടു പതിപ്പിച്ചിരിക്കുകയാണ് ഈ വാക്കുകള്‍. സന്ദര്‍ഭങ്ങളെപ്പോലും അപ്രസക്തമാക്കുകയും ഹൃദയം തകര്‍ക്കുകയും ചെയ്യുന്ന വാക്കുകള്‍.

ആസ്പിന്‍വാള്‍ ഹൗസിന്റെ വിശാലതയിലെ ഇന്‍സ്റ്റലേഷന്‍ ഇടം നിറയ്ക്കാനുപയോഗിച്ച കടല്‍ജലത്തിലൂടെ നടക്കുമ്പോഴും കശ്മീരില്‍നിന്നെത്തിയ 11 ചിത്രകലാ വിദ്യാര്‍ഥികളുടെ ഉള്ളില്‍ നിറഞ്ഞത് വേദനകളുടെ പര്‍വതങ്ങള്‍… സിറിയന്‍ അഭയാര്‍ഥി പ്രക്ഷോഭങ്ങളിലെ രക്തസാക്ഷികള്‍ക്കുള്ള പ്രണാമമായി കവി സൃഷ്ടിച്ച ഇന്‍സ്റ്റലേഷന്‍, കലാപങ്ങളുടെ സന്തതികളായ ഈ പതിനൊന്നു പേരുടെയും ഉള്ളിലാണു കോര്‍ത്തുകയറിയത്. സിറിയന്‍ അഭയാര്‍ഥി പ്രശ്‌നത്തില്‍ തന്റെ വേദന ഹൃദയഭേദകമായ കുറിപ്പില്‍ സുറിത കോറിയിടുമ്പോള്‍ ബിനാലെയില്‍ തങ്ങള്‍ക്ക് ആത്മബന്ധം തോന്നുന്നത് സുറിതയുടെ സൃഷ്ടിയോടാണെന്നും കശ്മീരിലായാലും ലോകത്തിന്റെ ഏതു കോണിലായാലും കലാപങ്ങള്‍ കൊളുത്തുന്ന വേദന തങ്ങള്‍ തിരിച്ചറിയുന്നുവെന്നും ആദ്യവര്‍ഷ ചിത്രകലാ വിദ്യാര്‍ഥിയായ നുമൈര്‍ ഖദ്രി പറഞ്ഞു.

സൃഷ്ടിപരമായ സ്വാതന്ത്ര്യം ആഘോഷിക്കാനും കലാസൃഷ്ടികള്‍ ആസ്വദിക്കാനുമാണ് കശ്മീര്‍ സര്‍വകലാശാലയിലെ മ്യൂസിക്-ഫൈന്‍ ആര്‍ട്‌സ് വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ ശ്രീനഗറില്‍നിന്നു ബിനാലെയിലേക്കുള്ള ദൂരം താണ്ടിയത്. സ്റ്റുഡന്റ്‌സ് ബിനാലെയുടെ രണ്ടാം പതിപ്പില്‍ പങ്കാളികളാകുന്ന 55 ചിത്രകലാ സ്‌കൂളുകളിലൊന്നാണ് ഇവരുടേത്.

മട്ടാഞ്ചേരിയില്‍ സ്റ്റുഡന്റ്‌സ് ബിനാലെയുടെ ഏഴു വേദികളിലൊന്നായ കൊട്ടാച്ചേരി ബ്രദേഴ്‌സ് ആന്‍ഡ് കമ്പനി വെയര്‍ഹൗസില്‍ ഇവരുടെ 12 വിഡിയോകള്‍ പ്രദര്‍ശനത്തിനുണ്ട്. അറുപതടി ഉയരമുള്ള ചിനാര്‍ മരത്തില്‍ കശ്മീരി പേപ്പര്‍ പള്‍പ്പുകളില്‍ കലാസൃഷ്ടി നടത്തുന്ന വിദ്യാര്‍ഥികളെയാണ് വിഡിയോ പകര്‍ത്തിയിട്ടുള്ളത്.
ഈ വിദ്യാര്‍ഥികളെല്ലാവരും കലാസൃഷ്ടികളില്‍ നേരിട്ടു പങ്കാളികളല്ലെങ്കില്‍പ്പോലും ഇവരുടെ സാന്നിധ്യം ജനങ്ങളുടെ ബിനാലെയുടെ വീക്ഷണവൈവിധ്യങ്ങള്‍ക്ക് പുതിയൊരു മാനം കൂടി നല്‍കുകയാണ്.

കഴിഞ്ഞ മൂന്നു നൂറ്റാണ്ടായി അസ്തിത്വത്തിനു വേണ്ടിയുള്ള സംഘര്‍ഷത്തിലാണ് കശ്മീരിലെ ജനതയെന്ന് ആദ്യവര്‍ഷ വിദ്യാര്‍ഥിയായ ക്വാസി തബിയ പറയുന്നു. അടിച്ചമര്‍ത്തലിന്റെ നിരന്തരമായ ഭീതിയിലാണ് ഇവിടുത്തെ സമൂഹം. ഇരുണ്ട മേഘങ്ങള്‍ക്കു കീഴെയുള്ള ജീവിതവും തീവ്രവാദ അന്തരീക്ഷവുമായുള്ള പടപൊരുതലുമെല്ലാം തങ്ങളുടെ സൃഷ്ടികളില്‍ പ്രകടമാകുന്നുവെന്നും തബിയ ചൂണ്ടിക്കാട്ടുന്നു.

ഇരുരാജ്യങ്ങള്‍ക്കുംവേണ്ടി തങ്ങളുടെ മണ്ണിനെ പോര്‍ക്കളമാക്കരുത്, തങ്ങളും മഹാത്മാഗാന്ധിയുടെയും നെഹ്‌റുവിന്റെയും ഭഗത് സിങ്ങിന്റെയും പിന്‍ഗാമികള്‍ തന്നെയാണെന്നും കൂട്ടത്തിലെ മുതിര്‍ന്ന സ്വരമായ അഹമദ് മുസമിര്‍ പറയുന്നു. സ്വതന്ത്രജീവിതം ഞങ്ങളും ആഗ്രഹിക്കുന്നു. അതെപ്പോള്‍ സംഭവിക്കുമെന്ന് ദൈവം തീരുമാനിക്കട്ടെ, അതു വരെ ഞങ്ങള്‍ തങ്ങളുടെ ശ്രമം തുടരുമെന്ന് മുസമിര്‍.
കശ്മീര്‍ താഴ്‌വരയിലെ നിരന്തര വെടിവയ്പ്പുകള്‍ സാധാരണ ജീവിതത്തിനു വിഘാതമാകുമ്പോള്‍ ഇവരുടെ കലാലയവും തുറന്നു പ്രവര്‍ത്തിക്കുന്നില്ല, പഠനം തടസ്സപ്പെടുകയാണ്. നാലുമാസമായി അടഞ്ഞുകിടക്കുന്ന കലാലയത്തില്‍ തങ്ങളും തടവിലാണെന്ന് മുസമിര്‍ പറയുന്നു. ക്ലാസുകളില്ല, കലാസാമഗ്രികകളുമില്ലെന്ന് മുസമിര്‍ ദുഃഖത്തോടെ അറിയിച്ചു.

പഠനം മുറിഞ്ഞപ്പോഴാണ് ചിനാര്‍മരത്തില്‍ പത്രക്കടലാസുകള്‍ പൊതിയാന്‍ തുടങ്ങിയത്. പിന്നീട് മരത്തില്‍ കോറിവരയ്ക്കാനും പെയ്ന്റ് ചെയ്യാനും ടാറ്റൂ ഡിസൈനുകള്‍ പതിപ്പിക്കാനും തുടങ്ങി. നിരാശാബോധത്തെ സൃഷ്ടിക്കുള്ള ഇന്ധനമാക്കുകയായിരുന്നു തങ്ങള്‍. കലാപത്തിന്റെ സൃഷ്ടികളാണു തങ്ങളെന്നാണ് കലാകാരന്‍ എന്ന നിലയില്‍ കരുതുന്നതെന്ന് മുസമിര്‍ കൂട്ടിച്ചേര്‍ത്തു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും കലാസൃഷ്ടികളുടെയും ലോകത്തെ കണ്ടറിഞ്ഞുകൊണ്ട്, അനുഭവങ്ങള്‍ കടുപ്പമേറിയതാക്കിത്തീര്‍ത്ത മനസ്സുമായി ഇവര്‍ ബിനാലെ വേദികള്‍ തോറും സഞ്ചരിക്കുകയാണ്.

കൊച്ചി-മുസിരിസ് ബിനാലെ കാഴ്ച വയ്ക്കുന്ന സൃഷ്ട്യുന്മുഖമായ സംസ്‌കാരത്തിന്റെയും കലാപരമായ സ്വാതന്ത്ര്യത്തിന്റെയും ഫലങ്ങള്‍ ഇവര്‍ക്ക് അനുഭവിക്കാനാകുന്നത് ആഹ്ലാദകരമായ അനുഭവമാണെന്ന് ബിനാലെ പ്രോഗ്രാം ഡയറക്ടറും ബിനാലെ സ്ഥാപകരിലൊരാളുമായ ചിത്രകാരന്‍ റിയാസ് കോമു പറയുന്നു. സ്റ്റുഡന്റ്‌സ് ബിനാലെയും ഇതേ വികാരങ്ങള്‍ തന്നെയാണു പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യയൊട്ടാകെ നിന്നുള്ള വിദ്യാര്‍ഥികളെ, അവരുടെ രീതികളെ, കാഴ്ചപ്പാടുകളെ, സൃഷ്ടികളെ വിദ്യാര്‍ഥി ബിനാലെ ഒരുമിപ്പിക്കുന്നുവെന്നും റിയാസ് കോമു ചൂണ്ടിക്കാട്ടി.

NO COMMENTS

LEAVE A REPLY