അതിർത്തികളിൽ കർശന ജാഗ്രത പുലർത്തും: മുഖ്യമന്ത്രി

88

തിരുവനന്തപുരം : അതിർത്തികളിൽ കർശന ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കർണാടകത്തിലെ കുടകിൽ നിന്ന് കണ്ണൂരിലെ കാട്ടിലൂടെ എത്തിയ എട്ടു പേരെ കൊറോണ കെയർ സെന്ററിലേക്ക് മാറ്റി. ഈ ആഴ്ച 57 പേർ കുടകിൽ നിന്ന് നടന്ന് അതിർത്തി കടന്നെത്തി. ഇവരെയെല്ലാം ഇരിട്ടിയിലെ രണ്ട് കൊറോണ കെയർ സെന്ററുകളിലായി പാർപ്പിച്ചിരിക്കുകയാണ്. കോവിഡ് ഇതര രോഗമുള്ളവർക്ക് ജീവൻരക്ഷാ മരുന്നുകൾ ലഭ്യമാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾ വഴി നടപടിയെടുക്കും.

ലോക്ക്ഡൗണിൽ വരുമാനം നിലച്ച നിർധനരായ ഡയാലിസിസ്, അവയവമാറ്റം, അർബുദ രോഗികൾക്ക് ഇൻസുലിൽ ഉൾപ്പെടെ ആവശ്യമായ മരുന്നുകൾ എത്തിക്കുന്നതിന് കേരള മെഡിക്കൽ സർവീസസ് കോർപറേഷന് കാലതാമസം ഉണ്ടായാൽ കാരുണ്യ നീതി സ്‌റ്റോറുകളിൽ നിന്ന് വാങ്ങാൻ അനുമതി നൽകി. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് 41 കോടി രൂപ അനുവദിച്ചു. 82 നഗരസഭകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ രജിസ്റ്റർ ചെയ്തവർക്ക് സാമ്പത്തിക സഹായം നൽകാൻ 15 കോടി രൂപ കൂടി അനുവദിച്ചു. ഇതോടെ ആകെ 27.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

കേരള തയ്യൽ തൊഴിലാളി ക്ഷേമബോർഡ് അംഗങ്ങൾക്ക് സഹായം ലഭ്യമാക്കുന്നതിന് 9.70 കോടി രൂപ അനുവദിച്ചു. മൂന്നാറിൽ റേഷൻ വിതരണത്തിൽ ക്രമക്കേട് നടത്തിയ ത്യാഗരാജൻ എന്നയാളെ അറസ്റ്റ് ചെയ്തു. കടയുടെ അംഗീകാരം റദ്ദാക്കി. വാഹനത്തിൽ കടത്തിയ 67 ചാക്ക് റേഷൻ ധാന്യം പിടികൂടി. അനധികൃതമായി കടത്തിയ ഗോതമ്പും പച്ചരിയും പിടിച്ചെടുത്തു. വ്യവസായ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ 307 ഏക്കർ സ്ഥലത്ത് പച്ചക്കറി, കിഴങ്ങ്, വാഴ കൃഷി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

NO COMMENTS