കൊല്ലം ഹാര്‍ബറില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി – മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

60

കൊല്ലം ഹാര്‍ബറിലും ബീച്ചിലും മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ദുരന്തനിവാരണം നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. തീരദേശത്തെ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

തീരദേശത്ത് മാലിന്യ സംസ്‌കരണത്തിനായി ഏഴോളം തുമ്പൂര്‍മുഴി പദ്ധതികള്‍ കോര്‍പ്പറേഷന്‍ നടപ്പിലാക്കിയെങ്കിലും അനിയന്ത്രിതമായി മാലിന്യം ഇടുന്നത് ഗുരുതരമായ ആരോഗ്യ-പാരിസ്ഥിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
ശുചിത്വ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തിനുള്ളില്‍ ഹാര്‍ബറിലും ബീച്ചിലുമുള്ള മാലിന്യങ്ങള്‍ എല്ലാം നീക്കംചെയ്ത് മത്സ്യബന്ധന യാനങ്ങള്‍, വലകള്‍ എന്നിവ സൂക്ഷിക്കുന്നതിനുള്ള സൗകര്യമുണ്ടാക്കും. ഹാര്‍ബര്‍ വകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിലൂടെ മാലിന്യ കൊണ്ടിടുന്നവരെ കണ്ടെത്താന്‍ സാധിക്കും.

കടലിലേക്ക് മലിനജലം ഒഴുകിയെത്തുന്നത് തടയുന്നതും യോഗം ചര്‍ച്ച ചെയ്തു. നഗരത്തിലെ ഹോട്ടലുകളില്‍ നിന്നുള്ള മലിനജലം ബീച്ചിലേക്ക് തുറക്കുന്ന അഞ്ചോളം ഓടകളിലൂടെ കടലിലെത്തുന്നുണ്ട്. മലിനജലം രണ്ട് സംസ്‌കരണ കേന്ദ്രങ്ങളിലെത്തിച്ച് ശുദ്ധീകരിച്ച ശേഷം കടലിലേക്കൊഴുക്കുതിന് നടപടി സ്വീകരിക്കും.
നഗരത്തിലെ മാലിന്യ സംസ്‌കരണത്തില്‍ കോര്‍പ്പറേഷനും ഹാര്‍ബര്‍ വകുപ്പും വ്യാപാരി വ്യവസായികളും സംയുക്തമായി സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

മേയര്‍ ഹണി ബഞ്ചമിന്‍, എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, കോര്‍പ്പറേഷന്‍-ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

NO COMMENTS