പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് നിർദ്ദേശങ്ങളുമായി സംസ്ഥാന പോലീസ് മേധാവി

59

തിരുവനന്തപുരം : നിരോധനം നടപ്പാക്കുന്നതിന് നിയോഗിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വെയിലും ചൂടുമേറ്റ് ജോലി ചെയ്യുന്ന പോലീസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം ജില്ലാ പോലീസ് മേധാവിമാർക്ക് ആയിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പോലീസുകാർക്ക് കൃത്യസമയത്ത് ഭക്ഷണവും വെള്ളവും ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം. അവർക്ക് ഗ്ലൌസ്, മാസ്‌ക്, സാനിറ്റൈസർ എന്നിവയും നൽകണം. കൃത്യമായ ഇടവേളകളിൽ കൈകൾ കഴുകാൻ സംവിധാന മൊരുക്കണം. പോലീസുകാർ നിർബന്ധമായും സാമൂഹ്യ അകലം പാലിക്കണം. പരിശോധന നടത്തുമ്പോൾ വാഹനങ്ങളിലോ വ്യക്തികളെയോ സ്പർശിക്കാൻ പാടില്ല. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ കൃത്യമായ അകലം പാലിക്കണം.

നിയന്ത്രണങ്ങൾ ദീർഘനാൾ തുടരുന്ന സാഹചര്യത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ വിശ്രമം ലഭിക്കുന്നതിനുവേണ്ടി ജോലി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ആക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. അടിയന്തിരഘട്ടങ്ങളിൽ നിയോഗിക്കുന്നതിന് ഒരുവിഭാഗം പോലീസുകാരെ റിസർവ്വ് ആയി നിർത്താനും ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. ഡിവൈ.എസ്.പി തലത്തിലെ ഉദ്യോഗസ്ഥനായിരിക്കും പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനുള്ള ചുമതല.

പോലീസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് റേഞ്ച് ഡി.ഐ.ജിമാരും സോണൽ ഐ.ജിമാരും നടപടി സ്വീകരിക്കും. ബറ്റാലിയനിലെ ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് അസിസ്റ്റൻറ് കമാൻറൻറ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കും. ഡ്യൂട്ടിയിൽ ഇല്ലാത്ത ബറ്റാലിയനുകളിലെ പോലീസുകാർ ബാരക്കിൽത്തന്നെ തുടരേണ്ടതാണ്. സാമൂഹ്യ അകലം പാലിക്കൽ, വ്യക്തിശുചിത്വം എന്നിവയെക്കുറിച്ച് എല്ലാദിവസവും പോലീസുകാർക്ക് നിർദ്ദേശങ്ങൾ നൽകണമെന്നും സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ടു.

NO COMMENTS