ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്തായ നടി ശ്രീത ശിവദാസിനെ ചോദ്യംചെയ്തു

178

കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കാര്യങ്ങള്‍ പുതിയ ദിശയില്‍. നടിയുടെ അടുത്ത സുഹൃത്തായ മറ്റൊരു നടി ശ്രീത ശിവദാസിനെ ചോദ്യംചെയ്തു. ആക്രമിക്കപ്പെട്ടതിന് ശേഷം നടി ഒരു ദിവസം ശ്രീതയുടെ വീട്ടില്‍ താമസിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുക്കല്‍.
മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി കൊടുക്കാന്‍ വന്ന സമയത്താണ് നടി ശ്രീതയുടെ വീട്ടില്‍ തങ്ങിയത്. താനും നടിയും അടുത്ത സുഹൃത്തുക്കളാണെന്നും തന്റെ വിവാഹത്തില്‍ നടി പങ്കെടുത്തിട്ടുണ്ടെന്നും ആക്രമിക്കപ്പെട്ടശേഷം ഫോണില്‍ നിരവധി തവണ വിളിച്ചതായും ശ്രീത മൊഴി നല്‍കി. കഴിഞ്ഞ ദിവസം ഉളിയന്നൂരുള്ള വീട്ടിലെത്തിയാണ് ശ്രീതയുടെ മൊഴി അന്വേഷണസംഘം എടുത്തത്. നടന്‍ ദിലീപുമായി തനിക്ക് യാതൊരു സൗഹൃദവും ഇല്ലെന്ന് ശ്രീത വ്യക്തമാക്കി.
ദിലീപുമായി വിദേശയാത്ര നടത്തുകയോ ഷോകളില്‍ പങ്കെടുക്കുകയോ സിനിമയില്‍ അഭിനയിക്കുകയോ ചെയ്തിട്ടില്ലെന്നും നടി മൊഴി നല്‍കിയതായി പ്രമുഖദിനപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.