ബിസിസിഐ വിലക്കിനെതിരെ ശ്രീശാന്ത് ഹൈക്കോടതിയില്‍

219

കൊച്ചി: ബിസിസിഐ വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് ഹൈക്കോടതിയില്‍. ബിസിസിഐ അച്ചടക്ക സമിതി ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീശാന്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സ്കോട്ലന്‍ഡിലെ പ്രീമിയര്‍ ലീഗ് കളിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യമുണ്ട്. ഡല്‍ഹി പൊലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ബിസിസിഐ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത്. പൊലീസിന്റെ വാദങ്ങള്‍ തള്ളിയ കോടതി, കേസില്‍ തന്നെ കുറ്റവിമുക്തനാക്കിയതാണെന്നും ഹര്‍ജിയില്‍ ശ്രീശാന്ത് പറയുന്നു.
വിലക്കിനെതിരെ ബി.സി.സി.ഐയുടെ താല്‍ക്കാലിക ഭരണസമിതി അധ്യക്ഷനായ വിനോദ് റായിക്ക് അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും പത്ത് ദിവസത്തിനകം അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ശ്രീശാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.
ക്രിക്കറ്റില്‍ നിന്ന് വിലക്കിയതായി കാണിച്ച്‌ ശ്രീശാന്തിന് 2013 ഒക്ടോബറില്‍ ബി.സി.സി.ഐ ഔദ്യോഗികമായി കത്തയച്ചിരുന്നു. എന്നാല്‍ തനിക്ക് അങ്ങനെയൊരു അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ശ്രീശാന്ത് വ്യക്തമാക്കിയതിനെത്തുടര്‍ന്ന് അന്നത്തെ കത്തിന്റെ പകര്‍പ്പ് ബിസിസിഐ ശ്രീശാന്തിന് അയച്ചിരുന്നു. എറാണാകുളം ജില്ലാ ക്രിക്കറ്റ് ലീഗില്‍ കളിക്കാനൊരുങ്ങവെയാണ് വിലക്കിന്റെ പകര്‍പ്പ് ബിസിസിഐ ശ്രീശാന്തിന് വീണ്ടും അയച്ചത്.
ബിസിസിഐ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ സ്കോട്ട്ലന്‍ഡിലെ ഗ്ലെന്റോര്‍ത്ത്സ് ക്രിക്കറ്റ് ക്ലബില്‍ ചേരാനുള്ള ശ്രീശാന്തിന്റെ ശ്രമങ്ങള്‍ വിജയിച്ചിരുന്നില്ല.ബിസിസിഐ അനുമതി നല്‍കിയാല്‍ മാത്രമേ ക്രിക്കറ്റ് സ്കോട്ട്ലന്‍ഡിന് ശ്രീശാന്തിനെ ഗ്ലെന്റോര്‍ത്ത്സിന്റെ കളിക്കാരനായി റജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയുള്ളു. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ചട്ടങ്ങള്‍ ലംഘിക്കാതെ വിദേശടീമിനായി കളിക്കാന്‍ ബിസിസിഐ ശ്രീശാന്തിന് എന്‍ഒസി നല്‍കണം. എന്നാല്‍ വിലക്കിന്റെ പേരില്‍ ബിസിസിഐ ഇത് നിഷേധിച്ചതിനെത്തുടര്‍ന്നാണ് ശ്രീശാന്ത് ഇപ്പോള്‍ കോടതിയിലെത്തിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY