ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ 186 കോടി രൂപയുടെ സ്വര്‍ണ്ണപാത്രങ്ങള്‍ നഷ്ടമായതായി പരാതി

185

തിരുവനന്തപുരം: 186 കോടി രൂപയുടെ സ്വര്‍ണ്ണപാത്രങ്ങള്‍ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നഷ്ടമായതായി പരാതി. പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ സാമ്ബത്തിക തിരിമറികള്‍ നടക്കുന്നു എന്ന അമികസ്ക്യൂരി റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ക്ഷേത്രത്തിലെ സ്വത്ത് വിവരങ്ങളെക്കുറിച്ച്‌ പൂര്‍ണ്ണ പഠനം നടത്താന്‍ ചുമതല ലഭിച്ച സിഎജി വിനോദ് റായ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍. ഉരുക്കാനും ശുദ്ധീകരിക്കാനും കൊണ്ടു പോയതില്‍ 263 കിലോഗ്രം സ്വര്‍ണ്ണം നഷ്ടമായിട്ടുണ്ട്.
നിയമ വിരുദ്ധമായി 1990 മുതല്‍ 2002 വരെയുള്ള കാലയളവില്‍ ഏഴ് തവണയില്‍ കൂടുതല്‍ ബി നിലവറ തുറന്നിട്ടുണ്ടെന്നും കണ്ടെത്തി. സ്വര്‍ണ്ണ പാത്രങ്ങള്‍ക്കെല്ലാം പണ്ട് മുതല്‍ നമ്ബര്‍ രേഖപ്പെടുത്തിയിരുന്നു. സാധാരണ ഉത്സവങ്ങള്‍ക്ക് 1000 വരെയുള്ള പാത്രങ്ങളായിരുന്നു പുറത്തെടുത്തിരുന്നത്. പിന്നീട് പാത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ 1988 നമ്ബറുള്ളത് വരെ കണ്ടെത്തിയിരുന്നു. അതായത് നിലവറയില്‍ അത്രത്തോളം പാത്രങ്ങള്‍ ഉണ്ടാകേണ്ടതാണ്. ആഭരണത്തിനായ് 822 സ്വര്‍ണ്ണ ഉരുക്കിയിരുന്നു. ബാക്കി 1166 പാത്രങ്ങള്‍ ഉണ്ടാകേണ്ട സ്ഥാനത്ത് ഇപ്പോള്‍ ഉള്ളത് വെറും 397 പാത്രങ്ങള്‍ മാത്രമാണ്. ബാക്കി 776 കിലോ വരുന്ന സ്വര്‍ണ്ണ പാത്രങ്ങള്‍ നഷ്ടമായിട്ടുണ്ട്.
ഇവയുടെ മൂല്യം 186 കോടി രൂപയാണ് കണക്കാക്കുന്നത്. ഉരുക്കാനും ശുദ്ധീകരിക്കാനും പുറത്തേയ്ക്ക് കൊണ്ടു പോയ 887 കിലോ സ്വര്‍ണ്ണത്തില്‍ 624 കിലോ മാത്രമേ തിരിച്ചു കിട്ടിയിട്ടുള്ളു. 35 കിലോ വെള്ളി കട്ടിയും നഷ്ടമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്ബത്തിക വരവുകള്‍ ക്ഷേത്രത്തില്‍ കൃത്യമായ് രേഖപ്പെടുത്തുന്നില്ല. 2009 മുതല്‍ വഴിപാടായ് ലഭിച്ചിട്ടുള്ള 14 ലക്ഷം വില വരുന്ന സ്വര്‍ണ്ണത്തെക്കുറിച്ചുള്ള രേഖകളൊന്നുമില്ല. അന്വേഷണ സംഘവുമായ് ക്ഷേത്ര അധികൃതര്‍ സഹകരിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഓഡിറ്റ് ഹെഡ് ആയ സിഐജി വിനോദ് റായ് രാജ്യത്ത് ഏറെ വിവാദമായ ടൂജി സപെക്‌ട്രം അഴിമതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഉദ്യോഗസ്ഥനാണ്. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ അന്വേഷണങ്ങളും സത്യസന്ധമായാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ക്ഷേത്ര സ്വത്ത് നഷ്ടമാകാന്‍ ഇടവരരുതെന്നെ ചിന്തിക്കുന്നുള്ളു എന്നും വിനോദ് റായ് വ്യക്തമാക്കി.