വിന്‍ഡീസിനു ബാറ്റിങ് തകര്‍ച്ച

186

കിങ്സ്റ്റൺ ∙ കളിയിൽ ബഹുദൂരം പിന്നിലായ വെസ്റ്റ് ഇൻഡീസിനെ തൽക്കാലം കാലാവസ്ഥ കാത്തു. ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 304 റൺസിന്റെ ലീഡ് വഴങ്ങിയ ആതിഥേയരെ രക്ഷപ്പെടുത്തി നാലാംദിനം മഴയിൽ കുതിർന്നു. തലേന്നു ചായ സമയത്ത് ഇന്ത്യ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തതിനു പിന്നാലെയെത്തിയ മഴ ഒന്നു വിട്ടുമാറിയത് നാലാം ദിനം ലഞ്ചിനോടടുപ്പിച്ച്.

രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ വിൻഡീസിനു മൂന്നാം ഓവറിൽ ആദ്യ വിക്കറ്റ് നഷ്ടമായി. ഇഷാന്തിന്റെ പന്തിൽ രാജേന്ദ്ര ചന്ദ്രിക ക്ലീൻ ബോൾഡ്. 15.5 ഓവറിൽ നാലു വിക്കറ്റിന് 48 റൺസ് എന്ന നിലയിലാണ് അവരിപ്പോൾ. ഒൻപതിന് 500 എന്ന കൂറ്റൻ സ്കോറിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്സ് ബാറ്റിങ് നിർത്തിയത്.

കെ.എൽ.രാഹുലിന്റെ സെഞ്ചുറിക്കു പിന്നാലെ അജിങ്ക്യ രഹാനെയും ഇന്ത്യയ്ക്കു വേണ്ടി ശതകം തികച്ചു. മൂന്നാം ദിനം അഞ്ചിന് 358 എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. രാഹുൽ തുടങ്ങിവച്ചത് രഹാനെ അതുപോലെ ഏറ്റെടുത്തു. വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ രഹാനെയ്ക്കു മികച്ച പിന്തുണ നൽകി. ആറാം വിക്കറ്റിൽ 98 റൺസാണ് ഇവർ കൂട്ടിച്ചേർത്തത്. അർധ സെഞ്ചുറിക്കു മൂന്നു റൺസകലെ സാഹ മടങ്ങിയതിനു ശേഷം അമിത് മിശ്രയായി രഹാനെയ്ക്കു കൂട്ട്. 116 പന്തിൽ അഞ്ചു ഫോറുകൾ അടങ്ങുന്നതാണു സാഹയുടെ ഇന്നിങ്സ്.

മിശ്ര ഇറങ്ങിയതിനു ശേഷം ഇന്ത്യ എപ്പോൾ ഇന്നിങ്സ് ഡിക്ലയർ ചെയ്യുമെന്നതു മാത്രമായി ചോദ്യം. ഒടുവിൽ രഹാനെ അർഹിച്ച സെഞ്ചുറി നേടി. മിശ്രയും (21) ഷമിയും (പൂജ്യം) അടുത്തടുത്ത പന്തുകളിൽ പുറത്തായതിനു ശേഷം ഉമേഷ് യാദവ് (19) രഹാനെയ്ക്കു മികച്ച പിന്തുണ നൽകി. യാദവ് പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ കൃത്യം 500. പിന്നാലെ വിരാട് കോഹ്‌ലി ഇന്നിങ്സ് ഡിക്ലയർ ചെയ്തു.