സ്‌പെഷ്യൽ തപാൽ വോട്ട് നവംബർ 29 മുതൽ; വിതരണത്തിന് ജില്ലയിൽ 300 ഉദ്യോഗസ്ഥർ

7

തിരുവനന്തപുരട: കോവിഡ് ബാധിതർക്കും ക്വാറന്റൈനിലുള്ളവർക്കും സ്‌പെഷ്യൽ തപാൽ വോട്ട് ചെയ്യുന്നതിനുള്ള ബാലറ്റ് പേപ്പർ വിതരണ നടപടികൾക്ക് ജില്ലയിൽ നവംബർ 29 ന് തുടക്കമാകും. 300 ഉദ്യോഗസ്ഥരെയാണ് സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് വിതരണത്തിനു നിയോഗിച്ചിട്ടുള്ളത്. 150 സ്‌പെഷ്യൽ പോളിങ് ഓഫിസർമാരും 150 അസിസ്റ്റന്റ് പോളിങ് ഓഫിസർമാരുമാണ് ഇവർ. ഇവരെ സഹായിക്കാൻ 150 പൊലീസ് ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്.

സ്‌പെഷ്യൽ പോളിങ് ഓഫിസർമാരുടെ പരിശീലനം നവംബർ 28 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. ആരോഗ്യ വകുപ്പിൽനിന്നുള്ള ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫിസർ തയാറാക്കി നൽകുന്ന പട്ടികയുടെ (സർട്ടിഫൈഡ് ലിസ്റ്റ്) അടിസ്ഥാനത്തിലാണ് സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് നൽകുന്നത്.

നവംബർ 29 വൈകിട്ട് മൂന്നിന് ആദ്യ സർട്ടിഫൈഡ് ലിസ്റ്റ് തയാറാകും. ഡിസംബർ ഏഴിനു വൈകിട്ടു മൂന്നു വരെ ദിവസവും ഇതേ രീതിയിൽ സർട്ടിഫൈഡ് ലിസ്റ്റ് തയാറാക്കും. ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫിസർ കളക്ടറേറ്റിലെ സ്‌പെഷ്യൽ വോട്ടേഴ്‌സ് സെല്ലിലേക്കു നൽകുന്ന പട്ടിക പരിശോധന പൂർത്തിയാക്കി അതത് ബ്ലോക്ക് പഞ്ചായത്ത്, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി റിട്ടേണിങ് ഓഫിസർമാർക്കു നൽകും. റിട്ടേണിങ് ഓഫിസർമാർ അവരവരുടെ അധികാര പരിധിയിൽ വിന്യസിച്ചിട്ടുള്ള സ്‌പെഷ്യൽ പോളിങ് ഓഫിസർമാർക്ക് സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ കൈമാറും.

ഡിസംബർ ഏഴിനു വൈകിട്ട് മൂന്നു വരെ കോവിഡ് പോസിറ്റിവ് ആയിരിക്കുന്നവരുടേയും ക്വാറന്റൈനിലുള്ളവരുടേയും പട്ടികയാണ് സർട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. ഈ ലിസ്റ്റിൽ ഉൾപ്പെട്ട സമ്മതിദായകൻ വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ എട്ടിനോ അതിനു മുൻപോ കോവിഡ് മുക്തനായാലും ക്വാറന്റൈൻ കാലയളവ് പൂർത്തിയാക്കിയാലും ബൂത്തിലെത്തി വോട്ട് ചെയ്യാനാകില്ല. അവർ തപാൽ വോട്ട് തന്നെ ചെയ്യണം.

സ്‌പെഷ്യൽ പോളിങ് ഓഫിസർ, അസിസ്റ്റന്റ് പോളിങ് ഓഫിസർ, പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന 83 ടീമുകളാണ് ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ത്രിതല പഞ്ചായത്തുകളിലേക്കുള്ള ബാലറ്റുകൾ നൽകുക. പാറശാല – 5, പെരുങ്കടവിള – 8, അതിയന്നൂർ – 5, നേമം – 13, പോത്തൻകോട് – 6, വെള്ളനാട് – 11, നെടുമങ്ങാട് – 10, വാമനപുരം – 6, കിളിമാനൂർ – 8, ചിറയിൻകീഴ് – 5, വർക്കല – 6 എന്നിങ്ങനെയാണ് ബ്ലോക്ക് അടിസ്ഥാനത്തിൽ നിയോഗിച്ചിരിക്കുന്ന ടീമുകളുടെ എണ്ണം.

ആറ്റിങ്ങൽ, വർക്കല മുനിസിപ്പാലിറ്റികൾക്കായി ഓരോ ടീമുകളെ വീതം നിയോഗിച്ചിട്ടുണ്ട്. നെടുമങ്ങാട്, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റികളിൽ അഞ്ചു ടീമുകൾ വീതവും പ്രവർത്തിക്കും.

ജില്ലയിൽ കോവിഡ് രോഗികൾ ഏറ്റവും കൂടുതലുള്ള കോർപ്പറേഷൻ പരിധിയിൽ 40 ടീമുകളാകും സ്‌പെഷ്യൽ തപാൽ ബാലറ്റ് വിതരണം ചെയ്യാനുണ്ടാകുക. ഒന്നു മുതൽ 25 വരെ ഡിവിഷനുകൾക്ക് 11, 26 മുതൽ 50 വരെ ഡിവിഷനുകൾക്ക് 13, 51 മുതൽ 75 വരെയും 76 മുതൽ 100 വരെയുമുള്ള ഡിവിഷനുകൾക്ക് എട്ടു ടീമുകൾ വീതവുമാണുണ്ടാകുക.