ഓരോ ജില്ലയ്ക്കും പ്രത്യേക രോഗപ്രതിരോധ പ്ലാൻ, ആശുപത്രികളിൽ ടെലിമെഡിസിൻ സൗകര്യം

79

തിരുവനന്തപുരം : കോവിഡ് പ്രതിരോധ നടപടികൾ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയ്ക്കും പ്രത്യേകമായ രോഗപ്രതിരോധ പ്ലാൻ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ചില പഞ്ചായത്തുകളും നഗരസഭകളും ഹോട്ട്‌സ്‌പോട്ട് മേഖലയിൽ വരുന്നതായാൽ സവിശേഷമായ പ്ലാനിങ് വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.രോഗവിമുക്തരായി ഡിസ്ചാർജ് ചെയ്യുന്നവരും കുടുംബാംഗങ്ങളും 14 ദിവസം പുറത്തിറങ്ങുകയോ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുകയോ ചെയ്യരുത്. തദ്ദേശസ്വയംഭരണ തലത്തിൽ ഈ കുടുംബങ്ങളെ നിരീക്ഷിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തും.

ജനങ്ങൾക്ക് സ്വാഭാവിക ജീവിതം നയിക്കാൻ സഹായകമായ രീതിയിൽ ചില മേഖലകളിൽ ഇളവുകൾ നൽകേണ്ടി വരും. ക്രയവിക്രയ ശേഷി വർധിപ്പിക്കുന്നതിന് ആളുകൾക്ക് വരുമാനം ഉണ്ടാകാൻ തൊഴിൽമേഖല സജീവമാക്കാനാവണം.

ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങൾ ഒഴിവാക്കി ബാക്കി സ്ഥലങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ച് കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി നിർമാണ മേഖലയിൽ പ്രവർത്തനം പുനരാരംഭിക്കും. ശാരീരിക അകലം പാലിക്കുകയും ശുചിത്വ മാനദണ്ഡങ്ങൾ അനുസരിക്കുകയും വേണം. ഓരോ പ്രവൃത്തി സ്ഥലത്തും എത്തുന്ന തൊഴിലാളികളുടെ ആരോഗ്യ പരിശോധന നിർബന്ധമാണ്. തൊഴിൽ നടത്തിക്കുന്ന ആളുകളുടെ ചുമതലയായിരിക്കും അത്.

വ്യവസായ മേഖലയിൽ കഴിയുന്നത്ര പ്രവർത്തനം ആരംഭിക്കാനാവണം. പ്രത്യേകിച്ച് കയർ, കശുവണ്ടി, കൈത്തറി, ബീഡി, ഖാദി എന്നീ മേഖലകളിൽ. ഹോട്ട്‌സ്‌പോട്ടുകൾ അല്ലാത്ത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തനം പുനരാരംഭിക്കണം. ഇത്തരം സ്ഥാപനങ്ങളിൽ പ്രത്യേക എൻട്രി പോയിൻറുകളിലൂടെ യാവണം ജീവനക്കാർ പ്രവേശിക്കേണ്ടത്. ജീവനക്കാർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്ന് മാനേജ്‌മെൻറുകൾ ഉറപ്പുവരുത്തണം. സ്ഥാപനത്തോട് അനുബന്ധിച്ച് പ്രത്യേക താമസസൗകര്യം ഇല്ലാത്ത കമ്പനികൾ ജീവനക്കാർക്ക് വരുന്നതിനും പോകുന്നതിനും വാഹന സൗകര്യവും ഏർപ്പെടുത്തണം. കൂടുതൽ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങളിൽ 50 ശതമാനത്തിൽ താഴെ മാത്രം തൊഴിലാളികളെ വച്ച് ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തനം നടത്താൻ ശ്രദ്ധിക്കണം.

മെഡിക്കൽ രംഗത്ത് വിവിധ ആവശ്യങ്ങൾക്ക് റബ്ബർ ഉപയോഗിക്കുന്നതിനാൽ റബ്ബർ സംസ്‌കരണ യൂണിറ്റുകൾക്ക് ഇളവുകൾ നൽകും. കെട്ടിട നിർമാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിർത്തിവയ്‌ക്കേണ്ടിവന്ന സ്ഥിതിയാണുള്ളത്. മെയ് മാസം കഴിയുന്നതോടെ കനത്ത മഴയ്ക്ക് സാധ്യത ഉള്ളതിനാൽ അതിനകം നല്ല ഭാഗം പൂർത്തീകരിക്കാൻ കഴിയണം. ലൈഫ് പദ്ധതിയിലുള്ള വീടുകളുടെ നിർമാണവും ഉടനെ പൂർത്തിയാക്കണം. അതിനുവേണ്ടി താൽക്കാലികമായ സംവിധാനങ്ങൾ ഒരുക്കണം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇതിന് അനുമതി നൽകണം. ഹോട്ട്‌സ്‌പോട്ട് ഒഴികെയുള്ള പ്രദേശങ്ങളിൽ കാർഷികവൃത്തി അനുവദിക്കും. വിത്ത് ഇടുന്നതിന് പാടശേഖരങ്ങൾ പാകപ്പെടുത്തുന്നതിനും മഴക്കാലപൂർവ്വ പ്രവർത്തനങ്ങളും അനുവദിക്കും.

കാർഷികോൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ മാർക്കറ്റുകൾ തുറക്കാം. ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകൾ (ഓയിൽ മിൽ, റൈസ് മിൽ, ഫ്‌ളവർ മിൽ, വെളിച്ചെണ്ണ ഉൽപ്പാദനം) തുടങ്ങിയവ പ്രവർത്തിപ്പിക്കാം. കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശത്തിൽ ഉൾപ്പെടുത്താത്ത വെളിച്ചെണ്ണ കൂടി ഉൾപ്പെടുത്തും. കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന യൂണിറ്റുകൾക്കും അനുമതി നൽകും.വളവും വിത്തും മറ്റും വിൽക്കുന്ന കടകൾക്ക് അനുമതി നൽകും.

മിനിമം ജീവനക്കാരെ വെച്ച് സഹകരണ സ്ഥാപനങ്ങൾ തുറക്കാം. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷി ഭവൻ, അക്ഷയ സെൻററുകൾ എന്നിവ തുറന്നു പ്രവർത്തിക്കേണ്ടതാണ്. ജനങ്ങൾക്കുള്ള സേവനം ഒരു തരത്തിലും മുടങ്ങാൻ പാടില്ല.

തോട്ടം മേഖലയിൽ കേന്ദ്രസർക്കാർ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ വിട്ടുപോയ ഏലവും കൂടി പട്ടികയിൽ ഉൾപ്പെടുത്തും. 50 ശതമാനം തൊഴിലാളികളെ വെച്ചാണ് ഒരുഘട്ടത്തിലുള്ള പ്രവർത്തനം തോട്ടങ്ങളിൽ നടത്തുക.
ആശുപത്രികൾ, ക്ലിനിക്കുകൾ, ലാബുകൾ, ഫിസിയോതെറാപ്പിയുടെ യൂണിറ്റുകൾ തുടങ്ങിയവ തുറന്നു പ്രവർത്തിക്കണം. തദ്ദേശസ്വയംഭരണാതിർത്തിയിൽ ഓരോ വാർഡിലും ഉള്ള രോഗം വരാൻ സാധ്യത കൂടുതലുള്ള (വൾനറബിൾ) ഗ്രൂപ്പിനെ പ്രത്യേകം അടയാളപ്പെടുത്തണം (60 വയസ്സിനു മുകളിലുള്ളവർ, ഹൃദയം, വൃക്ക, കരൾ, പ്രമേഹം, ബിപി തുടങ്ങിയ അസുഖങ്ങൾക്ക് ചികിത്സയിലുള്ളവർ). രോഗബാധിതരായ മുതിർന്ന പൗരൻമാർക്ക് ഡോക്ടറുമായി ബന്ധപ്പെടാൻ അവസരം വേണം. അതിന് തദ്ദേശസ്വയംഭരണ അതിർത്തിയിൽ ടെലിമെഡിസിൻ സൗകര്യങ്ങൾ ഉറപ്പുവരുത്തും.

ആരെയെങ്കിലും ഡോക്ടർക്ക് കാണേണ്ടതുണ്ടെങ്കിൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ വാഹനം അതിനായി ഉപയോഗിക്കാം. രോഗിയുടെ വീട്ടിൽ ഡോക്ടർ എത്തുന്ന ക്രമീകരണമാണ് ഉദ്ദേശിക്കുന്നത്. പ്രദേശത്തിന്റെ പ്രത്യേകതയുടെ അടിസ്ഥാനത്തിൽ കൂടുതൽ രോഗികളെ ഇത്തരത്തിൽ കാണേണ്ടിവരുമെങ്കിൽ ഒരു മൊബൈൽ മെഡിക്കൽ യൂണിറ്റ് ഏർപ്പെടുത്തണം. ഇക്കാര്യത്തിൽ സ്വകാര്യമേഖലയുടെ സഹായവും തേടാൻ നിശ്ചയിച്ചിട്ടുണ്ട്. ഓരോ ജില്ലയിലും ജില്ലാ കലക്ടറും ഡി.എം.ഒയും കൂടി സ്വാകാര്യ മേഖലയിലെ ആശുപത്രി പ്രതിനിധികളുടെ യോഗം വിളിക്കും. ഒരു ഡോക്ടർ, ഒരു സ്റ്റാഫ് നേഴ്‌സ്, ഒരു പാരാമെഡിക്കൽ സ്റ്റാഫ്, മറ്റ് ആവശ്യമായ സജ്ജീകരണങ്ങൾ എന്നിവ ഉൾപ്പെടുത്തി മൊബൈൽ മെഡിക്കൽ യൂണിറ്റ് സജ്ജമാക്കണം.

സ്വകാര്യ ആശുപത്രികളെയും കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമാക്കും. ഓരോ ആശുപത്രിയുടെയും സൗകര്യങ്ങൾ രണ്ട് ഭാഗമാക്കും. ഒരു ഭാഗം കോവിഡ് ചികിത്സയ്ക്കു മാത്രമായി മാറ്റിവയ്ക്കും. രണ്ടാമത്തെ ഭാഗം മറ്റ് അസുഖങ്ങൾക്കുള്ളവർക്കായി മാറ്റിവയ്ക്കും. ഇത്തരത്തിൽ വിഭജനം കഴിഞ്ഞാൽ ബാക്കി വരുന്ന ആ സ്ഥാപനത്തിലെ ജീവനക്കാർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഫീൽഡിൽ പ്രവർത്തിക്കാൻ സഹായിക്കണം. ഇതോടൊപ്പം ആയൂർവ്വേദ മേഖലയിലും ഹോമിയോ വിഭാഗത്തിലുമുള്ള ചികിത്സാലയങ്ങളും മരുന്ന് ഷോപ്പുകളും തുറന്നു പ്രവർത്തിപ്പിക്കാം.

തൊഴിലുറപ്പ് പദ്ധതി (അയ്യങ്കാളി തൊഴിലുറപ്പ് ഉൾപ്പെടെ) പ്രകാരമുള്ള ജോലി സംസ്ഥാനത്ത് ആരംഭിക്കും. അഞ്ചിൽ കൂടുതൽ തൊഴിലാളികൾ ഒരു ടീമിൽ ഉണ്ടാകാത്ത രീതിയിൽ ക്രമീകരിക്കും.പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ആയൂർവേദ മരുന്നുകളുടെ പ്രാധാന്യം പൊതുവെ അംഗീകരിച്ചിട്ടുണ്ട്. ആയൂർവേദ/ ഹോമിയോ മരുന്ന് നിർമാണ കമ്പനികൾക്ക് സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ അനുമതി നൽകും.

മരുന്നുകൾ കൊണ്ടുപോകുന്നതിന് സംസ്ഥാനതലത്തിലായാലും അന്തർസംസ്ഥാന തലത്തിലായാലും അനുമതി നൽകും.
മെയ് 3 വരെ കോസ്മറ്റിക്‌സ് ഉപയോഗിച്ചുള്ള സൗന്ദര്യവർദ്ധന സേവനങ്ങൾ ഇല്ലാതെ ബാർബർ ഷോപ്പുകൾ ശനി, ഞായർ ദിവസങ്ങളിൽ പ്രവർത്തിപ്പിക്കാം. എസി ഉപയോഗിക്കരുത്. രണ്ടിൽ കൂടുതൽ ആളുകൾ ഷോപ്പിൽ കാത്തിരിക്കാൻ പാടില്ല. പ്ലംബർ, ഇലക്ട്രീഷ്യൻ, മൊബൈൽ-കമ്പ്യൂട്ടർ ടെക്‌നീഷ്യൻ തുടങ്ങിയവർ വാതിൽപ്പടി സേവനം നൽകുമ്പോൾ ശരിയായ ശാരീരിക അകലം പാലിക്കുകയും മാസ്‌ക്ക് ഉപയോഗിക്കുകയും വേണം. പനി, ചുമ, ജലദോഷം എന്നിവ ഉള്ളവർ പുറത്തിറങ്ങാനേ പാടില്ല.

NO COMMENTS