സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷനു ഗുരുതര വീഴ്ച പറ്റിയെന്ന് സുപ്രീംകോടതി

178

ന്യൂ‍ഡല്‍ഹി• സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷനു ഗുരുതര വീഴ്ച പറ്റിയെന്ന് സുപ്രീംകോടതി. വിചാരണവേളയില്‍ ഹാജരാക്കിയ സാക്ഷിമൊഴികള്‍ വിശ്വസിക്കണോ അതോ ഡോക്ടറുടെ മൊഴി വിശ്വസിക്കണോയെന്ന് കോടതി ചോദിച്ചു. കുറ്റം ചെയ്തതെന്ന് 101 ശതമാനം ഉറപ്പുണ്ടെങ്കില്‍ മാത്രമേ വധശിക്ഷ വിധിക്കാനാകൂ. സംശയത്തിന്റെ കണികപോലും ഉണ്ടെങ്കില്‍ വധശിക്ഷ നല്‍കാനാകില്ലെന്നും കോടതി പറഞ്ഞു. സൗമ്യ ട്രെയിനില്‍നിന്ന് രക്ഷപെട്ടതായി രണ്ടുപേര്‍ മൊഴി നല്‍കി. ഈ മൊഴികള്‍ എങ്ങനെ വിശ്വസിക്കാതിരിക്കും. സാക്ഷിമൊഴി വിശ്വാസത്തിലെടുത്താണ് വധശിക്ഷ ഒഴിവാക്കിയത്- കോടതി വ്യക്തമാക്കി.
സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ കൊലക്കുറ്റത്തില്‍നിന്ന് ഒഴിവാക്കി വധശിക്ഷ റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതി ഗണേശും നല്‍കിയ പുനഃപരിശോധനാ ഹര്‍ജികളാണ് സുപ്രീംകോടതി ഇന്നു പരിഗണിച്ചത്.

തുറന്ന കോടതിയിലായിരുന്നു കേസിന്റെ വാദം കേള്‍ക്കല്‍.അതേസമയം, കേസ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയുടെ അഭിഭാഷകനും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് കോടതി 17 ലേക്കു മാറ്റി. സര്‍ക്കാര്‍ അഭിഭാഷകരുടെ വീഴ്ച അന്വേഷിക്കണമെന്നും നീതികിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും സൗമ്യയുടെ അമ്മ സുമതി പ്രതികരിച്ചു. അതിനിടെ, പ്രോസിക്യൂഷന്‍ കൊണ്ടുവന്ന രേഖകള്‍ കളവാണെന്ന് ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍ ബി.എ.ആളൂര്‍ ആരോപിച്ചു.
സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയിട്ടെന്നായിരുന്നു വിചാരണക്കോടതിയിലും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പ്രോസിക്യൂഷന്റെ നിലപാട്. സൗമ്യ ചാടി രക്ഷപ്പെടുന്നതായി കണ്ടെന്ന് ഒരു മധ്യവയസ്കന്‍ പറഞ്ഞതായി ടോമി ദേവസി (നാലാം സാക്ഷി), അബ്ദുല്‍ ഷുക്കൂര്‍ (40-ാം സാക്ഷി) എന്നിവര്‍ നല്‍കിയ മൊഴിയും പ്രാധാന്യത്തോടെ ഉന്നയിച്ചു. മൊഴികളിലെയും വാദത്തിലെയും വൈരുധ്യം എടുത്തുകാട്ടിയാണ് കോടതി കൊലക്കുറ്റം ഒഴിവാക്കിയത്.

NO COMMENTS

LEAVE A REPLY