സൗമ്യ വധക്കേസ്: പുന:പരിശോധനാ ഹര്‍ജി ഈയാഴ്ച : എ.കെ ബാലന്‍

193

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ ഈയാഴ്ച തന്നെ സുപ്രീം കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കുമെന്ന് നിയമമന്ത്രി എ.കെ ബാലന്‍. കേസില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി തുറന്ന കോടതിയില്‍ പ്രസ്താവന നടത്തുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ജീവപര്യന്തം തടവെന്നാല്‍ ജീവിതാന്ത്യം വരെയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളകാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കാതെ ഗോവിന്ദച്ചാമി പുറംലോകം കാണാന്‍ പോകുന്നില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
അറ്റോര്‍ണി ജനറലുമായി ന്യൂഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ കണ്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ അറ്റോര്‍ണി ജനറലുമായി ടെലിഫോണില്‍ സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേസ് വാദിച്ച അഡ്വ. തോമസ് പി ജോസഫ് അടക്കമുള്ളവരുമായി കേസുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്തിയെന്ന് മന്ത്രി ബാലന്‍ പറഞ്ഞു.സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ നടപടിയില്‍ കടുത്ത ജനരോഷം ഉയര്‍ന്നിരുന്നു. പ്രോസിക്യൂഷന്റെ വീഴ്ചമൂലമാണ് ഗോവിന്ദച്ചാമി വധശിക്ഷയില്‍നിന്ന് രക്ഷപെട്ടതെന്ന ആരോപണം ഉയര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെയും പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തിരക്കിട്ട ശ്രമങ്ങള്‍ തുടങ്ങിയത്. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് ഗോവിന്ദച്ചാമിയെ സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ച് വധശിക്ഷയില്‍നിന്ന് ഒഴിവാക്കിയത്.

NO COMMENTS

LEAVE A REPLY