സൗരോർജ്ജ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തും – മന്ത്രി എം.എം മണി

299

തിരുവനന്തപുരം : സൗരോർജ്ജ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി ഊർജ്ജരംഗത്ത് മുന്നോട്ടുപോകുമെന്ന് വൈദ്യുതിമന്ത്രി എം.എം. മണി പറഞ്ഞു. അനർട്ട് സംഘടിപ്പിച്ച പാരമ്പര്യേതര ഊർജ്ജ വ്യവസായികളുടെയും സാ ങ്കേതിക വിദഗ്ധ രുടേയും ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജലവൈദ്യുതി പദ്ധതികൾക്കുള്ള സാധ്യതകൾ ഇനി കുറവാണ്. താപനിലയവും ലാഭകരമല്ല. കൽക്കരിയിൽ നിന്നുള്ള ഊർജ്ജവും കേരളത്തിന്റെ ഭൂപ്രകൃതിയിൽ നടപ്പാനാവില്ല. അത്തരത്തിൽ പ്രശ്നങ്ങളൊന്നും സൗരോർജ്ജ ഉത്പാദനത്തിലില്ല. പുരപ്പുര പ്ലാൻറു കൾ അനവധി സ്ഥാപിക്കാനാകും.

ഉപയോഗശൂന്യമായ ഭൂമി, സർക്കാർ കെട്ടിടങ്ങൾ, സ്വകാര്യ കെട്ടിടങ്ങൾ തുടങ്ങിയവയിൽ സൗരോർജ്ജ ഉത്പാദനത്തിന് ഏറെ സാധ്യതയുണ്ട്. ഇത് പരമാവധി ഉപയോഗപ്പെടുത്താനാണ് സർക്കാരും അനെർട്ടും ലക്ഷ്യമിടുന്നത്. വാട്ടർ അതോറിറ്റിയുടെ സ്ഥലം, ജലസംഭരണികൾ തുടങ്ങിയവയിലൂടെ സൗരോർജ്ജ ഉത്പാദനം വർധിപ്പിക്കാനാകും. ഇതിനായാണ് ഈ മേഖലയിലുള്ളവരുടെ സഹകരണവും അഭിപ്രായവും സർക്കാർ ആരായുന്നതെന്നും മന്ത്രി പറഞ്ഞു.

മാസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഊർജ്ജ സെക്രട്ടറി ഡോ. ബി അശോക് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കേരളവാട്ടർ അതോറിറ്റി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിൻഡ് എനർജി എന്നീ സ്ഥാപനങ്ങളുമായി മന്ത്രിയുടെ സാന്നിധ്യത്തിൽ അനെർട്ട് ധാരണാപത്രം ഒപ്പിട്ടു. ധാരണാപത്ര പ്രകാരം കേരള വാട്ടർ അതോറിറ്റിയുടെ ഉടമസ്ഥത യിലുളള കെട്ടിടങ്ങളിലും, തരിശുഭൂമിയിലും 13.5 മെഗാ വാട്ട് ശേഷിയുള്ള സൗരോർജ്ജ പ്ലാൻറുകളാണ് അനെർട്ട് സ്ഥാപിക്കുന്നത്. വാട്ടർ അതോറിറ്റി എം.ഡി ഡോ. എ. കൗശികനും അനെർട്ട് ഡയറക്ടർ അമിത് മീണയുമാണ് ധാരണാപത്രം ഒപ്പിട്ടത്. ആദ്യഘട്ടമായി പാലക്കാട് മൂങ്ങിൽമടയിലെ 36 ഏക്കറിലാണ് സോളാർ പ്ലാൻറ് സ്ഥാപിക്കുന്നത്.

കാറ്റാടിപ്പാടങ്ങളിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുളള വിൻഡ് എനർജി മാപ്പ് തയ്യാറാക്കുന്നതിനാണ് കേന്ദ്ര നവീന ഊർജ്ജ മന്ത്രാലയത്തിനു കീഴിലുളള ഗവേഷണസ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിൻഡ് എനർജിയുമായി ധാരണാപത്രം ഒപ്പിട്ടത്. ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡി. ലക്ഷ്മണനും അനെർട്ട് ഡയറക്ടർ അമിത് മീണയുമാണ് ഒപ്പിട്ടത്.

സർക്കാർ വകുപ്പുകളെ സൗരോർജ്ജത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് അനെർട്ട് നടത്തുന്നതെന്ന് ഡയറക്ടർ അമിത് മീണ പറഞ്ഞു. ആദ്യഘട്ടത്തിൽ പോലീസ്, വാട്ടർ അതോറിറ്റി, ഐ.ടി.ഐ, കെ.എസ്.ആർ.ടി.സി, റവന്യൂ എന്നിവയിൽ പദ്ധതി നടപ്പാക്കാനാണ് പരിഗണിക്കുന്നത്.വാട്ടർ അതോറിറ്റി എം.ഡി ഡോ. എ. കൗശികൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിൻഡ് എനർജി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡി. ലക്ഷ്മണൻ തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ അനെർട്ട് ജനറൽ മാനേജർ പി. ചന്ദ്രശേഖരൻ സ്വാഗതവും ഫിനാൻസ് മാനേജർ മുഹമ്മദ് ഹാരിസ് നന്ദിയും പറഞ്ഞു.

സൗരോർജ്ജ രംഗത്തെ വിവിധ സ്ഥാപനപ്രതിനിധികൾ, വിദഗ്ധർ തുടങ്ങിയവർ ശിൽപശാലയിൽ പങ്കെടുത്ത് ആശയങ്ങൾ പങ്കുവെച്ചു. ഊർജ്ജകേരളമിഷന്റെ ഭാഗമായി 2021-ൽ 1000 മെഗാവാട്ട് എന്ന ലക്ഷ്യം പൂർത്തീ കരിക്കാനാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുപ്രകാരം 300 മെഗാവാട്ട് സൗരോർജ്ജത്തിൽ നിന്നും 100 മെഗാവാട്ട് കാറ്റാടിപ്പാടങ്ങളിൽ നിന്നും ഊർജ്ജ ഉത്പാദനത്തിനാണ് അനെർട്ട് ശ്രമിക്കുന്നത്.

NO COMMENTS