റഷ്യന്‍ ഐടി ബിസിനസ് സംഘം സ്മാര്‍ട് സിറ്റി സന്ദര്‍ശിച്ചു

226

കൊച്ചി: ഐടി രംഗത്തും ഉന്നതമൂല്യ ഉല്‍പ്പാദന മേഖലകളിലും ടൂറിസം രംഗത്തുമുള്ള പരസ്പര സാധ്യതകള്‍ ആരായുന്നതിനായി കേരളം സന്ദര്‍ശിക്കുന്ന 42 പേരുള്‍പ്പെട്ട റഷ്യന്‍ ഐടി ബിസിനസ് സംഘം കൊച്ചി സ്മാര്‍ട് സിറ്റി സന്ദര്‍ശിച്ചു. കേരളത്തിലെ ഐടി പാര്‍ക്കുകളിലും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലുമുള്ള നിക്ഷേപ സാധ്യതകള്‍ ആരായുകയാണ് സംഘത്തിന്‍റെ പ്രധാന ഉദ്ദേശമെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു. ഇതിന്‍റെ ഭാഗമായി സ്മാര്‍ട് സിറ്റിക്കു പുറമെ തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, സ്റ്റാര്‍ട്ടപ്പ് വില്ലേജ് തുടങ്ങിയവയും സംഘം സന്ദര്‍ശിച്ചു. എക്സിക്യുട്ടീവ് ഡയറക്ടര്‍മാര്‍, സി.ഇ.ഒമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഉന്നതതല ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടായിരുന്നത്.ഐടി മേഖലയില്‍ നിന്നുള്ള ലാനിറ്റ്സിബിര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഓള്‍ഗ ബോര്‍ട്നികോവ, വോസ്റ്റോക്ക്സപഡ് ഡിപ്പാര്‍ട്ട്മെന്‍റ് തലവന്‍ വാഡിം അബാനിന്‍, 2 ജിസ് സഹസ്ഥാപകന്‍ ഡിമിട്രി പ്രോകിന്‍, ആങ്കോര്‍ സി.ഇ.ഒ യുലിയ അനിസിമോവ, ലിഗ്നം സ്ഥാപകനും സി.ഇ.ഒയുമായ എവ്ഗേനി ഇവോനോവ്, യുള്യാനോവ്സ്ക് സ്പെഷല്‍ എക്കണോമിക് സോണ്‍ സി.ഇ.ഒ ഡെനിസ് ബാറിഷിങ്കോവ്, ഓര്‍ഡെന്‍റ് സി.ഇ.ഒ ലാറിസ സഡോന്‍സ്കിഖ് തുടങ്ങിയവരുള്‍പ്പെട്ടതായിരുന്നു സംഘം. സ്മാര്‍ട് സിറ്റി പവലിയന്‍ ഓഫീസും ആദ്യ ഐടി ടവറും രണ്ടാം ഘട്ട നിര്‍മാണ പുരോഗതികളും ഉള്‍പ്പെട്ട പദ്ധതി പ്രദേശം മുഴുവന്‍ സന്ദര്‍ശിച്ച സംഘത്തിനു മുന്നില്‍ സ്മാര്‍ട് സിറ്റി ഉന്നത ഉദ്യോഗസ്ഥര്‍ ബിസിനസ് സാധ്യതകള്‍ അവതരിപ്പിച്ചു. ആര്‍ബിട്രോണ്‍ ഇന്ത്യയുടെ സ്ഥാപകനും സി.ഇ.ഒയുമായ എസ്.എസ് കണ്‍സട്ടിങ് തലവന്‍ ഷിലെന്‍ സഗുനന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ റഷ്യാ സന്ദര്‍ശനത്തിന്‍റെ ഭാഗമായി അവതരിപ്പിച്ച പ്രഭാഷണ പരന്പരയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സംഘം കേരളത്തിലെത്തിയത്.