പള്ളിയില്‍ നിന്നും പ്രാര്‍ത്ഥനാ ചടങ്ങുകള്‍ കഴിഞ്ഞ് മടങ്ങവെ – ജയ്ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ച പതിനാറുകാരന് ക്രൂര മർദ്ദനം.

168

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരിൽ പള്ളിയില്‍ നിന്നും പ്രാര്‍ത്ഥനാ ചടങ്ങുകള്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെ മുസ്ലീം സമുദായത്തില്‍പ്പെട്ട ബാറാ സ്വദേശി മുഹമ്മദ് താജിനെയാണ് ജയ്ശ്രീറാം വിളിക്കാത്തതിന് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിചു അവശനാക്കിയത് .

മുഹമ്മദ് താജിന്റെ വീടിന് സമീപത്ത് വെച്ച്‌ മോട്ടോര്‍ ബൈക്കിലെത്തിയ സംഘം കുട്ടിയെ തടഞ്ഞു നിര്‍ത്തുകയും തൊപ്പി ഊരാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. മുഹമ്മദ് വിസമ്മതിച്ചതോടെ സംഘം ആക്രമണം നടത്തുകയായിരുന്നുവെന്ന് ബാറാ സ്റ്റേഷന്‍ ഓഫീസര്‍ സതീഷ് കുമാര്‍ സിംഗ് വ്യക്തമാക്കി.

അതിക്രൂരമായി കുട്ടിയെ ചവിട്ടുകയും ഇടിക്കുകയും ചെയ്തു. മുഹമ്മദിന്റെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ ഇവര്‍ സംഭവസ്ഥലത്ത് നിന്നും രക്ഷപെട്ടു. തൊപ്പി ധരിക്കുന്നത് ഈ പ്രദേശത്ത് അനുവദനീയമല്ലെന്ന് അക്രമികള്‍ പറഞ്ഞതായും പരാതിയില്‍ പറയുന്നു. ഐപിസി സെക്ഷന്‍ 153 എ പ്രകാരം പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാരെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ജാര്‍ഖണ്ഡിലെ ഖര്‍സ്വാനില്‍ തബ്രീസ് അന്‍സാരി എന്ന യുവാവ് ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിച്ച്‌ അവശനാക്കിയ യുവാവിനോട് ജയ്ശ്രീറാം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

NO COMMENTS