ഡോങ് ലാങ് മേഖലയിലേക്ക് ഇന്ത്യ കൂടുതല്‍ സൈനികരെ അയച്ചു

163

ന്യൂഡല്‍ഹി: സിക്കിമിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഡോങ് ലാങ് മേഖലയിലേക്ക് ഇന്ത്യ കൂടുതല്‍ സൈനികരെ അയച്ചു. ഒരു മാസക്കാലമായി ഡോങ് ലാങ് മേഖലയില്‍ അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുകയും മേഖലയിലെ ഇന്ത്യന്‍ ബങ്കറുകള്‍ ചൈന തകര്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ സൈനിക നീക്കം. 1962 ലെ യുദ്ധത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ ഇത്ര രൂക്ഷമായ സംഘര്‍ഷം ഇത് ആദ്യമാണ്. യുദ്ധത്തിന് സജ്ജമല്ലാത്ത നോണ്‍ കോംബാറ്റീവ് മോഡിലാണ് സൈനികര്‍ ഡോങ്ലാങ് ലക്ഷ്യമാക്കി നീങ്ങുന്നത്. തോക്കിന്‍ കുഴല്‍ താഴേക്ക് തിരിച്ചു പിടിച്ചു കൊണ്ട് മുന്നോട്ടു പോവുന്നതാണ് നോണ്‍ കോംബാറ്റീവ് മോഡ്. ഡോങ്ലാങില്‍ 2012 ല്‍ ഇന്ത്യ നിര്‍മ്മിച്ച രണ്ട് ബങ്കറുകള്‍ നീക്കം ചെയ്യണമെന്ന് കഴിഞ്ഞ മാസം(ജൂണ്‍ ഒന്നിന്)ചൈന ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ ഭൂട്ടാന്‍ ചൈന രാജ്യങ്ങള്‍ സന്ധിക്കുന്ന മേഖലയിലാണ് ഈ ബങ്കറുകള്‍ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശം ചൈനയുടേതാണെന്നും ഇന്ത്യക്കും ഭൂട്ടാനും ഇതില്‍ അവകാശമില്ലെന്നുമാണ് ചൈനയുടെ അവകാശ വാദം. ഇതിന് വഴങ്ങാതിരുന്നതിനാലാണ് ഇന്ത്യയുടെ ബങ്കറുകള്‍ ചൈന ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ തകര്‍ത്തത്. അതിനുശേഷം ചൈനയുടെ തുടര്‍മുന്നേറ്റങ്ങള്‍ ഇന്ത്യ തടഞ്ഞിരുന്നു.

NO COMMENTS