അടിയന്തരാവസ്ഥയെക്കാള്‍ കറുത്ത ദിനങ്ങളാണിപ്പോള്‍ : രാകേഷ് ശര്‍മ്മ

206

കൊച്ചി: അദൃശ്യമായ അടിയന്തരാവസ്ഥയാണ് രാജ്യത്ത് നടമാടുന്നതെന്ന് സംവിധായകന്‍ രാകേഷ് ശര്‍മ്മ. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൈന്‍സ് ചലച്ചിത്രമേളയില്‍ ജോണ്‍ ഏബ്രഹാം സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ന്യൂനപക്ഷ ദളിത് വിഭാഗങ്ങളെ അടിച്ചമര്‍ത്തുകയാണ് ഭരണകൂടം ചെയ്യുന്നതെന്ന് സൈന്‍സ് ജൂറി ചെയര്‍മാന്‍ കൂടിയായ അദ്ദേഹം ആരോപിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സന്നദ്ധ സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. വെറും 29 ശതമാനം വരുന്ന സസ്യഭോജികളാണ് 71 ശതമാനത്തിലധികം വരുന്ന സസ്യേതര ഭോജികളായ ജനങ്ങളുടെ ഭക്ഷണശീലത്തെ ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 2002 ഗുജറാത്ത് കലാപത്തിന്റെക്കുറിച്ചുള്ള അന്വേഷണാത്മക ഡോക്കുമെന്ററി ‘ഫൈനല്‍ സൊല്യൂഷന്‍സ്’-ന്റെ സംവിധായകനാണ് രാകേഷ് ശര്‍മ്മ.ഓണത്തോടനുബന്ധിച്ച് വാമന ജയന്തി ആശംസിച്ച അമിത ഷായ്ക്ക് കേരള ജനത നല്‍കിയ മറുപടിയില്‍ ആഹ്ലാദമുണ്ടെന്ന് രാകേഷ് ശര്‍മ്മ പറഞ്ഞു. സഹിഷ്ണുത രാജ്യത്ത് കുറഞ്ഞുവരികയാണ്. താന്‍ താമസിക്കുന്ന ഹൗസിംഗ് സൊസൈറ്റിയിലെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ കശ്മീരിലെ ജനങ്ങളെ അനുകൂലിച്ച് പോസ്റ്റ് ചെയ്തതിന്റെ പേരില്‍ തന്നെ ഒറ്റപ്പെടുത്തുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.ഭരണകൂട ഭീകരതയ്‌ക്കെതിരെ ദളിത് സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവന്നത് അഭിനന്ദിക്കപ്പെടേണ്ട കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അതിനേയും അടിച്ചമര്‍ത്താനുള്ള ശ്രമം ഭരണകൂടം നടത്തിക്കൊണ്ടിരിക്കുകയാണ്. ഫാസിസം എന്നത് പെട്ടെന്ന് സമൂഹത്തില്‍ കാണപ്പെടുന്ന പ്രതിഭാസമല്ല, അത് പരീക്ഷണങ്ങളിലൂടെയും മറ്റും കടന്ന് വര്‍ഷങ്ങളെടുത്ത് നിലവില്‍ വരുന്നതാണ്. അതിനാല്‍തന്നെ സമൂഹത്തെ ഫാസിസ്റ്റാക്കാനുള്ള പ്രാരംഭ ശ്രമങ്ങളെപ്പോലും തടയാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.സൈന്‍സ് ചലച്ചിത്രമേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ സി.എസ് വെങ്കിടേശ്വരന്‍ സ്വാഗതം പറഞ്ഞു