18 ഫീറ്റ് ; ജാതിവേര്‍തിരിവ് കുറയ്ക്കാനൊരു ശ്രമം : സംവിധായകന്‍ രഞ്ജിത് കുഴൂര്‍

199

കൊച്ചി : ജാതിവ്യവസ്ഥയുടെയും അയിത്തത്തിന്റെയും കഥ പറയുകയാണ് രഞ്ജിത് കുഴൂര്‍ സംവിധാനം ചെയ്ത 18 ഫീറ്റ് എന്ന ഡോക്യുമെന്ററി. സൈന്‍സ് 2016 ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തിയ ഡോക്യുമെന്ററി സംവിധായകന്റെ ആദ്യ സംരംഭം കൂടിയാണ്.ഡോക്യുമെന്ററിയില്‍ അഖിലേഷ് എന്നയാള്‍ തന്റെ സ്‌കൂള്‍കാല അനുഭവം പങ്കുവയ്ക്കുന്നുണ്ട്. എവിടെ നിന്നാണ് വരുന്നത് എന്ന് ചോദിക്കുന്ന അധ്യാപികയോട് പറയര്‍ കോളനിയില്‍ നിന്നാണ് എന്ന് പറയാന്‍ അഖിലേഷ് മടിക്കുന്നു. ഒടുവില്‍ മറുപടി പറയുമ്പോഴാകട്ടെ, അധ്യാപികയും മറ്റു വിദ്യാര്‍ഥികളും പരിഹസിച്ച് ചിരിക്കുന്നു. ഈ വൈമനസ്യത്തിന്റെയും പരിഹാസത്തിന്റെയും ദ്വന്ദമാണ് ജാതിവ്യവസ്ഥയുടെയും അതിന്റെ ദോഷങ്ങളുടെയും മൂലാധാരമെന്ന് രഞ്ജിത് കുഴൂര്‍ പറയുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമുദായത്തിലെ വ്യക്തിക്ക് സ്വന്തം സ്വത്വം കാരണം മറ്റാരേക്കാളും താഴെയാണ് താനെന്ന തോന്നലുണ്ടാകാന്‍ പാടില്ല. പരിവര്‍ത്തനം ഇരുവശത്തുനിന്നും ഉണ്ടാവേണ്ടതാണെന്നും രഞ്ജിത്ത്.എട്ടുവര്‍ഷമെടുത്ത് പൂര്‍ത്തിയാക്കിയ 77 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി കരിന്തലക്കൂട്ടം തദ്ദേശിയ കള്‍ട്ട് മ്യൂസിക് ബാന്‍ഡിന്റെയും അവരുടെ നിശ്ചയദാര്‍ഢ്യത്തിന്റെ സംഗീതത്തിന്റെയും പാത പിന്തുടരുകയാണ്. ബാന്‍ഡിന്റെ എല്ലാ അംഗങ്ങളും ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ്. ജാതിവ്യവസ്ഥയേയും സംഗീതത്തിലൂടെ അതിനെ മറികടന്നതിനേയും പറ്റിയുള്ള തങ്ങളുടെ അനുഭവങ്ങള്‍ ഇവര്‍ ഡോക്യുമെന്ററിയില്‍ പങ്കുവയ്ക്കുന്നു.കേരള സംസ്ഥാന പുരസ്‌കാരങ്ങളില്‍ ഡോക്യുമെന്ററി വിഭാഗത്തിലെ മികച്ച സംവിധായകനുള്ള അവാര്‍ഡ് 18 ഫീറ്റ് നേടിയിരുന്നു. മുംബൈ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരവും ഡോക്യുമെന്ററി നേടി. സൈന്‍സ് 2016ല്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 18 ഫീറ്റ് കഴിഞ്ഞ ദിവസം (ശനിയാഴ്ച്ച) പ്രേക്ഷകര്‍ക്കുമുന്നിലെത്തിയിരുന്നു.സവര്‍ണ്ണജാതിക്കാരില്‍ നിന്ന് കീഴാളര്‍ പാലിക്കേണ്ടിയിരുന്ന തീണ്ടാപ്പാട് ദൂരമാണ് 18 ഫീറ്റ് എന്ന ടൈറ്റില്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ജാതിയും ജാതിവ്യവസ്ഥയും ഇന്നും നിലനില്‍ക്കുന്നുണ്ടെന്ന് രഞ്ജിത് വ്യക്തമാക്കുന്നു. ആ വസ്തുത നിഷേധിച്ചിട്ടു കാര്യമില്ല. ജാതിയെ അകമേനിന്ന് പോരാടുകയാണ് മുന്നോട്ടുള്ള മാര്‍ഗം. കരിന്തലക്കൂട്ടം സംഘാംഗങ്ങളുടെ അനുഭവങ്ങള്‍ പകര്‍ത്തിയെടുക്കാന്‍ ആദ്യം പ്രയാസം നേരിട്ടു. അവരെയെല്ലാം ബാല്യംമുതല്‍ തന്നെ അറിയാമായിരുന്നിട്ടുകൂടിയും. എന്നാല്‍ അവര്‍ തുറന്നു സംസാരിക്കാന്‍ തുടങ്ങിയതോടെ അതൊരു വൈകാരിക അനുഭവം കൂടിയായി. അതിനെ സത്യസന്ധമായി പകര്‍ത്താന്‍ ശ്രമിച്ചതായും രഞ്ജിത് കൂട്ടിച്ചേര്‍ത്തു.കരിന്തലക്കൂട്ടം സംഘാംഗങ്ങളുടെ നാടായ തൃശ്ശൂരിലെ വടമയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചശേഷം, ഇവരുടെ ബന്ധുക്കളും ദളിത് സമൂഹാംഗങ്ങളും പുതിയൊരു ആത്മവിശ്വാസം പങ്കുവച്ചതായും രഞ്ജിത് അഭിപ്രായപ്പെട്ടു.