സൈന്‍സ് ചലച്ചിത്ര മേള ഇന്നു മുതല്‍

218

കൊച്ചി: പത്താമത് സൈന്‍സ് ഹ്രസ്വചിത്ര- ഡോക്കുമെന്ററി മേളയ്ക്ക് സെപ്റ്റംബര്‍ 28ന് തിരശീലയുയരും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വൈകിട്ട് അഞ്ചിന് എറണാകുളം ടൗണ്‍ ഹാളില്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. വിവിധ വിഭാഗങ്ങളിലായി ഇരുനൂറോളം ഹ്രസ്വചിത്രങ്ങളും ഡോക്കുമെന്ററികളും മാറ്റുരയ്ക്കുന്ന മേള, കൊച്ചി ബിനാലെ ഫൗണ്ടേഷനുമായി ചേര്‍ന്ന് ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരള ഘടകമാണ് സംഘടിപ്പിക്കുന്നത്. ഉദ്ഘാടനച്ചടങ്ങിനു ശേഷം മല്‍സര വിഭാഗത്തിലുള്‍പ്പെടെ നാലു ഡോക്കുമെന്ററികളും നാലു ഹ്രസ്വചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. എല്ലാ പ്രദര്‍ശനങ്ങളും എറണാകുളം ടൗണ്‍ ഹാളിലെ രണ്ടു വേദികളിലായിരിക്കും. പ്രവേശനം സൗജന്യമാണ്. ഒക്‌ടോബര്‍ രണ്ടുവരെയാണ് സൈന്‍സ് 2016 ചലച്ചിത്രോല്‍സവം. നന്ദന സക്‌സേനയും കവിത ബാഹ്‌ലും ചേര്‍ന്നു സംവിധാനം ചെയ്ത് ഇന്നു മല്‍സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ”ഐ കാന്‍ നോട്ട് ഗിവ് യു മൈ ഫോറസ്റ്റ്’, രുചി ശ്രീവാസ്തവ, സുമിത് ഖന്ന എന്നിവരുടെ ‘ദ് മാന്‍ ഹു ഡ്വാര്‍ഫ്ഡ് ദ് മൗണ്ടന്‍സ്”, രാജ ഷബീര്‍ ഖാന്റെ ‘ദ് വാനിഷിങ് ഗ്ലേസിയേഴ്‌സ്’ എന്നീ മൂന്നു ഡോക്കുമെന്ററികളിലാവും ചലച്ചിത്രപ്രേമികളുടെ ശ്രദ്ധ. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള 2014ലെ ദേശീയ അവാര്‍ഡ് നേടിയ ”ഐ കാന്‍ നോട്ട് ഗിവ് യു മൈ ഫോറസ്റ്റ്’, കാടിന്റെ പരിസ്ഥിതിയോട് ഇണങ്ങിക്കഴിയുന്ന കോന്‍ധ് ആദിവാസി സമൂഹത്തിന്റെ കഥയാണു പറയുന്നത്. ഈ വര്‍ഷത്തെ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ ”ദ് മാന്‍ ഹു ഡ്വാര്‍ഫന്‍ഡ് ദ് മൗണ്ടന്‍സ്” പരിസ്ഥിതി പ്രവര്‍ത്തകനും ചിപ്‌കോ പ്രസ്ഥാനത്തിന്റെ നേതാവുമായ ചന്ദി പ്രസാദ് ഭട്ടിനെപ്പറ്റിയാണ്. പരിസ്ഥിതി ചൂഷണങ്ങളെത്തുടര്‍ന്ന് അപകടാവസ്ഥയിലായ വടക്കേ ഇന്ത്യയിലെ ഹിമപാളികളെപ്പറ്റിയാണ് ”ദ് വാനിഷിങ് ഗ്ലേസിയേഴ്‌സ്” പ്രശസ്ത ചലച്ചിത്രകാരന്‍ രാകേഷ് ശര്‍മയാണ് ജൂറി അധ്യക്ഷന്‍. മികച്ച ഡോക്കുമെന്ററിക്കും ഷോര്‍ട് ഫിലിമിനും ജോണ്‍ ഏബ്രഹാമിന്റെ പേരിലുള്ള പുരസ്‌കാരം നല്‍കും. ഒക്‌ടോബര്‍ ഒന്നിന് ”അസഹിഷ്ണുതയുടെ കാലം, സെന്‍സര്‍
ചെയ്യപ്പെട്ട മനസ്സുകള്‍” എന്ന വിഷയത്തില്‍ ജോണ്‍ ഏബ്രഹാം അനുസ്മരണ പ്രഭാഷണവും രാകേഷ് ശര്‍മ നടത്തും.
ആവിഷ്‌കാര സ്വാതന്ത്ര്യവും വിയോജിക്കാനുള്ള അവകാശവും ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് സൈന്‍സ് പോലെയുള്ള ചലച്ചിത്ര ആസ്വാദനാനുഭവങ്ങള്‍ ഒഴിച്ചുകൂടാനാവാത്തതാണെന്ന് ഫിലിം ഫെസ്റ്റിവല്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടറും ചലച്ചിത്ര നിരൂപകനുമായ ഡോ. സി.എസ്. വെങ്കിടേശ്വരന്‍ പറഞ്ഞു. ചലച്ചിത്രങ്ങളുടെ സൗന്ദര്യശാസ്ത്രത്തിനും രാഷ്ട്രീയത്തിനും തുല്യപ്രാധാന്യമാകും സൈന്‍സില്‍. കലാസ്വാദനത്തിന്റെയും ആവിഷ്‌കാരത്തിന്റെയും ഉത്തമ മാതൃകകളാകുമ്പോഴും കാലത്തെയും ജീവിതത്തെയും മനുഷ്യന്റെ നിലനില്‍പ്പിനെയും പറ്റി അസ്വസ്ഥതയുണര്‍ത്തുന്ന ചോദ്യങ്ങളുയര്‍ത്തുന്നതാകും സൈന്‍സ് ചിത്രങ്ങള്‍. കൊച്ചി ബിനാലെ ഫൗണ്ടേഷനുമായുള്ള സഹകരണം സൈന്‍സിനു കൂടുതല്‍ പ്രചാരം നല്‍കുകയും ആസ്വാദകരെ സൃഷ്ടിക്കുകയും ചെയ്യുന്നു. ചിത്രങ്ങളുടെ ഉള്ളടക്കത്തില്‍ കൂടുതല്‍ സര്‍ഗാത്മകത അനുഭവപ്പെടുന്നുണ്ടെന്നും വെങ്കിടേശ്വരന്‍ പറഞ്ഞു. മെട്രോ ഫിലിം സൊസൈറ്റി സെക്രട്ടറി എം. ഗോപിനാഥന്‍, എഫ്എഫ്എസ്‌ഐ കേരള സെക്രട്ടറി വി.കെ. ജോസഫ്, വൈസ് പ്രസിഡന്റ് ചെലവൂര്‍ വേണു എന്നിവരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും. മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍, കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ സത്യപാല്‍, കൊച്ചി മുസിരിസ് ബിനാലെ സ്ഥാപകന്‍ റിയാസ് കോമു, കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റി ബോണി തോമസ്, അഭിനേത്രി സജിത മഠത്തില്‍, ചലച്ചിത്ര സംവിധായകന്‍ ആഷിക് അബു എന്നിവരെ ചടങ്ങില്‍ ആദരിക്കും. ഊരാളി മ്യൂസിക് ബാന്‍ഡിന്റെ സംഗീതവിരുന്നും ഉദ്ഘാടനച്ചടങ്ങില്‍ നടക്കും.

NO COMMENTS

LEAVE A REPLY