ലോക്ഡൗൺ കാലത്ത് ലോക്ക് ആയ വയോജനങ്ങൾക്കും രോഗികൾക്കും സഹായവുമായി ഷീ ടാക്സി

0
76

കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള ലോക്ഡൗണിൽ ബുദ്ധിമുട്ടുന്ന വയോജനങ്ങൾക്കും രോഗികൾക്കും സഹായവുമായി ഞായറാഴ്ച മുതൽ (ഏപ്രിൽ 5) ഷീ ടാക്സി എത്തുമെന്ന് ആരോഗ്യ സാമൂഹ്യ നീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ഒറ്റപ്പെട്ട് കഴിയുന്നവർക്കും വൃദ്ധ ജനങ്ങൾക്കും മരുന്നുകൾ വാങ്ങുന്നതിനും അപ്പോയ്മെന്റ് എടുത്തവർക്ക് ആശുപത്രികളിൽ പോകുന്നതിനും ഷീ ടാക്സി സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ 15 കിലോമീറ്റർ ചുറ്റളവിലായിരിക്കും ഷീ ടാക്സിയുടെ സേവനം തുടക്കത്തിൽ ലഭ്യമാവുക. ഷീ ടാക്സി സേവനം ആവശ്യമുള്ളവർ കേന്ദ്രീകൃത കോൾ സെന്ററിലേക്ക് 7306701200, 7306701400 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

മരുന്നുകൾ ആവശ്യമുള്ളവർ കോൾ സെന്ററുമായി ബന്ധപ്പെടുന്നതോടൊപ്പം ഡോക്ടറുടെ കുറിപ്പടി കൂടി ഈ മൊബൈൽ നമ്പരിലേക്ക് വാട്സാപ്പ് മുഖേന അയച്ചു കൊടുക്കേണ്ടതാണ്.

ബി.പി.എൽ. കാർഡുള്ളവർക്ക് പൂർണമായും സൗജന്യമായിട്ടായിരിക്കും ഈ സേവനം ലഭ്യമാക്കുക. മറ്റുള്ളവരിൽ നിന്നും കിലോമീറ്ററിന് അംഗീകൃത നിരക്കിൽ നിന്നും പകുതി ഈടാക്കും. അതേസമയം എ.പി.എൽ വിഭാഗത്തിൽപ്പെട്ടവരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സൗജന്യ സേവനം നൽകും.

സൗജന്യ സേവനം നൽകുന്നതിലൂടെ ഷീ ടാക്സി ഡ്രൈവർമാർക്കുണ്ടാകുന്ന ചെലവ് ജെൻഡർ പാർക്കും, ഗ്ലോബൽ ട്രാക്സും (കോൾ സെന്റർ), ഷീടാക്സി ഡ്രൈവർമാരും ചേർന്നാകും വഹിക്കുക. സുരക്ഷ ഉറപ്പാക്കുന്നതിനായി ഷീ ടാക്സി ഡ്രൈവർമാർക്ക് ആവശ്യമായ സുരക്ഷാ കിറ്റുകൾ തിരുവനന്തപുരം നിംസ് ആശുപത്രി നൽകും.