ശംഖുംമുഖം ബീച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ; 14.67 കോടി രൂപയുടെ വികസന പദ്ധതി

165

തിരുവനന്തപുരം: ശംഖുംമുഖം ബീച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താകുന്ന 14.67 കോടി രൂപയുടെ വികസന പദ്ധതികളുടെ നിർമാണോദ്ഘാടനം സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ശംഖുംമുഖത്തിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാനും പുതിയ മുഖച്ഛായ നൽകാനും പദ്ധതിക്ക് കഴിയുമെന്ന് മന്ത്രി പറഞ്ഞു.
തലസ്ഥാന ജില്ലയിൽ മാത്രം 125 കോടി രൂപയുടെ വികസന പദ്ധതികളാണ് ടൂറിസം മേഖലയിൽ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോക ടൂറിസം മാപ്പിൽ ഇടം പിടിച്ച ശംഖുംമുഖത്തിന് വേലിയേറ്റത്തിൽ തീരവും മനോഹാരിതയും നഷ്ടമായി. ഇത് തിരിച്ചുപിടിക്കുന്നതിനൊപ്പം ടൂറിസ്റ്റുകൾക്ക് സൗകര്യവും വർധിപ്പിക്കാൻ തയാറാക്കിയ മാസ്റ്റർ പ്ലാനിന്റെ അടിസ്്ഥാനത്തിലാണ് വികസന പദ്ധതികൾ നടപ്പാക്കുന്നത്.

ജില്ലയിൽ പൊൻമുടിയിൽ പുതിയ കോട്ടേജുകളും വാച്ച് ടവറും പാർക്കും ഒരുക്കി. കനകക്കുന്നിൽ ആറുകോടിയുടെ ഡിജിറ്റൽ മ്യൂസിയം ആരംഭിക്കുന്നു. ചെമ്പഴന്തയിൽ കൺവെൻഷൻ സെൻററും ഡിജിറ്റൽ മ്യൂസിയവും വരുന്നു. വെള്ളാറിലെ ക്രാഫ്റ്റ് വില്ലേജ് വിദേശികളെ ആകർഷിക്കുന്ന നിലയിലേക്ക് മാറ്റുന്നു. മടവൂർപ്പാറ, ചാല പൈതൃക പദ്ധതികൾ പുരോഗമിക്കുന്നു. വേളിയിലും ആക്കുളത്തും ഒട്ടേറെ വികസന പദ്ധതികൾ പുരോഗമിക്കുന്നു. തിരുവിതാംകൂറിന് മൊത്തമായി പൈതൃക പദ്ധതിയും പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം മാലിന്യമുക്തമായും പ്ലാസ്റ്റിക് മുക്തമായും പരിപാലിക്കുന്ന രീതിയിൽ നമ്മുടെ സമീപനത്തിലും മാറ്റം വരണമെന്ന് അദ്ദേഹം പറഞ്ഞു.

1.21 കോടി രൂപയിൽ പൂർത്തീകരിച്ച നവീകരണ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
കൗൺസിലർ സോളമൻ വെട്ടുകാട് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ കക്ഷി നേതാക്കളായ അശ്വനികുമാർ, പി. പത്മകുമാർ, എസ്. അനിൽകുമാർ, രാജശേഖരൻ തുടങ്ങിയവർ സംബന്ധിച്ചു. ടൂറിസം ഡയറക്ടർ പി. ബാലകിരൺ സ്വാഗതവും ജോയൻറ് സെക്രട്ടറി സി.എസ്. മായാദേവി നന്ദിയും പറഞ്ഞു.
എൻട്രി ഇംപ്രൂവ്‌മെൻറ്, അർബൻ പ്ലാസ, പാർക്കിംഗ്-ട്രാഫിക്ക് ആൻറ് റിക്രിയേഷണൽ ഹബ്, കൾചറൽ ഹബ് തുടങ്ങിയ വിവിധ വികസന പദ്ധതികളാണ് മാസ്റ്റർ പ്ലാനിന്റെ ഭാഗമായി ശംഖുംമുഖത്ത് വരുന്നത്.

NO COMMENTS