ക്വാറന്റൈൻ സംബന്ധിച്ച് ക്രമീകരണം; ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന രോഗലക്ഷണമില്ലാത്തവർ വീടുകളിൽ ക്വാറന്റൈനിൽ കഴിയണം

60

തിരുവനന്തപുരം : കോവിഡ് 19 ക്വാറന്റൈൻ സംബന്ധിച്ച് പുതിയ ക്രമീകരണം ആയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്വാറന്റൈൻ ക്രമീകരണം ശാസ്ത്രീയമായി പഠിക്കാൻ നിയോഗിച്ച ഡോ. ബി. ഇക്ബാലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി റിപ്പോർട്ട് നൽകിയിട്ടുണ്ട്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ആളുകൾക്ക് ആദ്യം മെഡിക്കൽ പരിശോധന നടത്തും. രോഗലക്ഷണം ഇല്ലാത്തവരെ 14 ദിവസം വീടുകളിലേക്ക് ക്വാറന്റൈനിൽ അയക്കും. രോഗലക്ഷണ മുണ്ടെങ്കിൽ പിസിആർ ടെസ്റ്റ് നടത്തുകയും കോവിഡ് ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്യും.

ക്വാറന്റൈൻ സമയത്ത് രോഗലക്ഷണം കാണുകയാണെങ്കിൽ പിസിആർ ടെസ്റ്റും തുടർചികിത്സയും ലഭ്യമാക്കും. രോഗലക്ഷണങ്ങൾ ഉള്ളവരെ ടെസ്റ്റ് ചെയ്യും. ആന്റിബോഡി കിറ്റുകൾ പരമാവധി ലഭ്യമാക്കുന്നതിന് ശ്രമിക്കുന്നുണ്ട്.
കേരളത്തിന്റെ സവിശേഷ സാഹചര്യവും സംസ്ഥാനത്ത് എത്തിച്ചേരാനുള്ള പ്രവാസികളുടെ ബാഹുല്യവും കണക്കിലെടുത്താണ് ക്രമീകരണങ്ങൾ വരുത്തുന്നത്. കേരളത്തിൽ വീടുകളിലെ നിരീക്ഷണ സമ്പ്രദായം ഫലപ്രദമാണെന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും സഹകരണത്തോടെ ഈ സംവിധാനം മറ്റ് എന്തിനേക്കാളും മെച്ചമാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. കമ്മിറ്റി നിർദേശങ്ങൾ സർക്കാർ അംഗീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. വീടുകളിൽ ക്വാറന്റൈൻ ചെയ്യുമ്പോൾ പാലിക്കേണ്ട ക്രമീകരണങ്ങളും നിബന്ധനകളും പ്രസിദ്ധപ്പെടുത്തും.

തമിഴ്‌നാട്ടിൽ നിന്നുവന്ന അമ്മയുടെയും മകളുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

NO COMMENTS