അഭിഭാഷകരെ ആയുധമാക്കി കോടതികളെ സ്വകാര്യവല്‍ക്കരിക്കാനുള്ള ഗൂഢശ്രമമാണ് കേരളത്തില്‍ നടക്കുന്നതെന്ന് സെബാസ്റ്റ്യന്‍ പോള്‍

211

തിരുവനന്തപുരം• ഒരുകൂട്ടം അഭിഭാഷകരെ ആയുധമാക്കി കോടതികളെ സ്വകാര്യവല്‍ക്കരിക്കാനുള്ള ഗൂഢശ്രമമാണ് കേരളത്തില്‍ നടക്കുന്നതെന്ന് സെബാസ്റ്റ്യന്‍ പോള്‍. ജനകീയ പ്രശ്നങ്ങളിലെ കോടതി നിലപാടുകള്‍ ജനങ്ങള്‍ അറിയരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഈ നീക്കത്തിനു പിന്നില്‍. കേരളത്തിലെ പ്രശ്നങ്ങള്‍ തുടക്കം മാത്രമാണെന്നും ഇന്ത്യ മുഴുവന്‍ ഇതു വ്യാപിപ്പിക്കുന്നതിനുമുമ്പ് പൊതു സമൂഹം ഇടപെടണമെന്നും മൂവ്മെന്റ് ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്സ് സംഘടിപ്പിച്ച സെമിനാറില്‍ സെബാസ്റ്റ്യന്‍ പോള്‍ ആവശ്യപ്പെട്ടു. വ്യാപകമായി സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുത്തിയ കേസ് അടുത്തിടെ കോടതി പരിഗണിച്ചിരുന്നു. ഈ പ്രശ്നത്തില്‍ സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാട് എന്തായിരുന്നെന്ന് ജനങ്ങള്‍ അറിഞ്ഞിട്ടില്ല. സ്വാശ്രയ കോളജ് വിഷയത്തിലും സര്‍ക്കാര്‍ വക്കീലിന്റെ നിലപാട് രഹസ്യമായിപ്പോയി. മൂന്നാറിലേതുള്‍പ്പെടെ സര്‍ക്കാര്‍ ഭൂമിയുമായി ബന്ധപ്പെട്ട കേസുകള്‍ ഇനി വരാനിരിക്കുന്നുണ്ടെന്നതുകൂടി കണക്കിലെടുക്കുമ്ബോള്‍ അഭിഭാഷകരുടെ നിലപാട് ദുരൂഹമാണെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
എല്ലാ അഭിഭാഷകരും പ്രശ്നക്കാരല്ല. ചുരുക്കം ചിലര്‍ മാത്രമാണ് ശബ്ദായമാനമായ അന്തരീക്ഷം സൃഷ്ടിച്ച്‌ പ്രശ്നങ്ങളുണ്ടാക്കുന്നത്. അഭിഭാഷക സംഘടനകള്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് ഇതേവരെ എടുത്തിട്ടില്ല. ഭരണഘടന അനുസരിച്ചാണ് കോടതികള്‍ പ്രവര്‍ത്തിക്കുന്നത്. ആ ഭരണഘടന സൃഷ്ടിച്ചത് ജനങ്ങളാണ്. ജനങ്ങളുടെ ദൃഷ്ടിപഥത്തില്‍ നിന്ന് കോടതികളെ അകറ്റിനിര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. ജഡ്ജിമാര്‍ ഇക്കാര്യത്തില്‍ നിസഹായരായി നില്‍ക്കുന്നതു കാണുമ്ബോള്‍ ആശ്ചര്യത്തേക്കാള്‍ ഉപരി, ആപല്‍സൂചനകളാണ് ലഭിക്കുന്നത്. കോടതികള്‍ക്കും മാധ്യമങ്ങള്‍ക്കും വക്കീലന്മാര്‍ക്കും ഇക്കാര്യത്തില്‍ നഷ്ടപ്പെടാ‍ന്‍ ഒന്നുമില്ല. നഷ്ടം ജനങ്ങള്‍ക്കു മാത്രമായിരിക്കും എന്നതു മനസിലാക്കി പ്രതികരിക്കണമെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY