കടലാമകള്‍ കുടുങ്ങുന്നു – ഇന്ത്യയില്‍നിന്നുള്ള കടല്‍ച്ചെമ്മീന്‍ അമേരിക്ക നിരോധിച്ചു.

103

തോപ്പുംപടി: ഇന്ത്യയില്‍നിന്നുള്ള കടല്‍ച്ചെമ്മീന്‍ അമേരിക്ക നിരോധിച്ചു. രാജ്യത്തെ മീന്‍പിടിത്തബോട്ടുകളില്‍ ഉപ യോഗിക്കുന്ന ട്രോള്‍ വലകളില്‍ കടലാമകള്‍ കുടുങ്ങുന്നുവെന്ന പരാതിയെത്തുടര്‍ന്നാണിത്.വര്‍ഷം ശരാശരി 35,000 ടണ്‍ ചെമ്മീനാണ് കേരളം പിടിക്കുന്നത്. ഇതില്‍ ഭൂരിപക്ഷവും കയറ്റി അയക്കാറാണു പതിവ്. 3800 ട്രോള്‍ ബോട്ടു കളാണ് കേരളത്തിലുള്ളത്. ഇവ പിടിക്കുന്ന ചെമ്മീന്‍ കയറ്റുമതി ചെയ്യാന്‍ കഴിയാതായാല്‍ മേഖല തകരും.

വംശനാശം നേരിടുന്ന കടലാമകളെ സംരക്ഷിക്കുംവിധം പ്രത്യേക സംവിധാനം ഉപയോഗിച്ച്‌ ചെമ്മീന്‍ പിടിക്കണമെന്ന് അമേരിക്ക നേരത്തേ നിര്‍ദേശിച്ചിരുന്നു. ഇതിനായി ബോട്ടുകളില്‍ ടി.ഇ.ഡി. എന്ന ഉപകരണം ഘടിപ്പിക്കാനായിരു ന്നു ഉപദേശം. യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റിലെ നാഷണല്‍ മറൈന്‍ ഫിഷറീസ് സര്‍വീസിന്റെ നിര്‍ദേശ പ്രകാരമാണ് നിരോധനനടപടി. ഇത് പ്രാബല്യത്തില്‍വന്ന സാഹചര്യത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടു ത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര സമുദ്രോത്പന്ന കയറ്റുമതി വികസന ഏജന്‍സി (എം.പി.ഇ.ഡി.എ.) കയറ്റുമതി സ്ഥാപനങ്ങള്‍ക്ക് കത്തയച്ചു.

കേരളത്തിലെ ട്രോള്‍ ബോട്ടുകള്‍ പിടിക്കുന്ന ചെമ്മീന്‍ തലകളഞ്ഞ് തോട് പൊളിച്ചാണ് കയറ്റിയയക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത്തരത്തിലുള്ള 6,15,690 ടണ്‍ ചെമ്മീനാണ് രാജ്യം കയറ്റിയയച്ചത്. ഇതിന്റെ പ്രധാന വിപണി അമേരിക്ക യാണ്. അമേരിക്ക ഇറക്കുമതിചെയ്യുന്ന ചെമ്മീനിന്റെ 36 ശതമാനവും ഇന്ത്യയില്‍നിന്നാണ്.

കടലാമകളുടെ പേരിലുള്ള ചെമ്മീന്‍ ഇറക്കുമതി നിരോധനം തെറ്റിദ്ധാരണ മൂലമുള്ളതാണെന്ന് മേഖലയിലുള്ളവര്‍ പറയുന്നു. ഇന്ത്യന്‍ ബോട്ടുകള്‍ മീന്‍പിടിക്കുന്ന മേഖലയില്‍ കടലാമകള്‍ കാര്യമായി ഉണ്ടാകാറില്ല. കേരളത്തിലാകട്ടെ അപൂര്‍വവുമാണ്. ഇത് അമേരിക്കയെ ബോധ്യപ്പെടുത്തുന്നതില്‍ കേന്ദ്രസര്‍ക്കാരിനും രാജ്യത്തെ കയറ്റുമതി വികസന സ്ഥാപനങ്ങള്‍ക്കും വീഴ്ചയുണ്ടായതായാണു പറയുന്നത്.

NO COMMENTS