സൂക്ഷ്മ പരിശോധന നവംബർ 20 ന് – തിരക്കൊഴിവാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഓരോ വാർഡിനും പ്രത്യേക സമയം – സമയക്രമം കർശനമായി പാലിക്കണമെന്നു കളക്ടർ

26

തിരുവനന്തപുരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു ലഭിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബർ 20ന് ന് ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റിട്ടേണിങ് ഓഫിസർമാരുടെ ഓഫിസുകളിൽ രാവിലെ ഒമ്പതു മുതൽ സൂക്ഷ്മ പരിശോധന ആരംഭിക്കും.

തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിവിൽ സ്റ്റേഷനിലും മറ്റിടങ്ങളിലും പ്രവർത്തിക്കുന്ന റിട്ടേണിങ് ഓഫിസർമാരുടെ ഓഫിസുകളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കോവിഡിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ എല്ലാ റിട്ടേണിങ് ഓഫിസർമാരുടെ കാര്യാലയങ്ങളിലും തിരക്ക് ഒഴിവാക്കാൻ പ്രത്യേക ശ്രദ്ധവയ്ക്കണമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്ജ്യോത് ഖോസ നിർദ്ദേശിച്ചു. തദ്ദേശ സ്ഥാപന വാർഡ് അടിസ്ഥാനത്തിൽ സൂക്ഷ്മ പരിശോധനയ്ക്കു പ്രത്യേക സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. ഇതു പ്രകാരം മാത്രമേ സ്ഥാനാർഥികളും ബന്ധപ്പെട്ടവരും റിട്ടേണിങ് ഓഫിസർമാരുടെ ഓഫിസുകളിൽ എത്താവൂ. സ്ഥാനാർഥിക്കും ഏജന്റിനും നിർദേശകനും മാത്രമേ സൂക്ഷ്മ പരിശോധന നടക്കുന്ന സ്ഥലത്ത് പ്രവേശനം അനുവദിക്കൂ. പരമാവധി 30 പേർ മാത്രമേ ഒരു സമയം സൂക്ഷ്മ പരിശോധനാ ഹാളിൽ ഉണ്ടാകാവൂ എന്നും കളക്ടർ അറിയിച്ചു.

സൂക്ഷ്മ പരിശോധന നടക്കുന്ന സ്ഥലത്ത് കർശനമായി സാമൂഹിക അകലം പാലിക്കണം. ഇതനുസരിച്ചാണ് എല്ലായിടത്തും ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സൂക്ഷ്മ പരിശോധനാ വേളയിൽ വരണാധികാരി, ഉപവരണാധികാരി, സഹവരണാധികാരി എന്നിവർ നിർബന്ധമായും മാസ്‌ക്, ഫെയ്സ് ഷീൽഡ്, കൈയുറ, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണമെന്നും കളക്ടർ പറഞ്ഞു.

സിവിൽ സ്റ്റേഷനിലെ ക്രമീകരണങ്ങൾ ഇങ്ങനെ

16 റിട്ടേണിങ് ഓഫിസർമാരുടെ ഓഫിസുകളാണ് തിരുവനന്തപുരം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നത്. മൂന്ന് ഗേറ്റുകളിലൂടെ മാത്രമേ സൂക്ഷ്മ പരിശോധനയ്ക്ക് എത്തുന്നവരെ പ്രവേശിപ്പിക്കൂ.

ഗേറ്റ് -1

തിരുവനന്തപുരം കോർപ്പറേഷന്റെ 51 മുതൽ 75 വരെ ഡിവിഷനുകളിലെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്ന കളക്ടറേറ്റിലെ സബ് കളക്ടറുടെ ഓഫിസ് (ഒന്നാം നില), പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന്റെ സൂക്ഷ്മ പരിശോധന നടക്കുന്ന പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ ഓഫിസ്(നാലാം നില), വിളവൂർക്കൽ പഞ്ചായത്തിന്റെ സൂക്ഷ്മ പരിശോധന നടക്കുന്ന സ്യൂട്ട് സെക്ഷൻ സീനിയർ സൂപ്രണ്ട് ഓഫിസ്(മൂന്നാം നില) എന്നിവിടങ്ങളിലേക്കു വരുന്നവർ ഒന്നാമത്തെ ഗേറ്റിലൂടെ പ്രവേശിക്കണം.

ഗേറ്റ് -2

തിരുവനന്തപുരം കോർപ്പറേഷന്റെ 01 മുതൽ 25 വരെ ഡിവിഷനുകളിലെ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്ന ജില്ലാ പ്ലാനിങ് ഓഫിസ്(സിവിൽ സ്റ്റേഷൻ നാലാം നില), കോർപ്പറേഷൻ 26 മുതൽ 50 വരെ ഡിവിഷനുകളുടെ സൂക്ഷ്മ പരിശോധന നടക്കുന്ന ജില്ലാ സപ്ലൈ ഓഫിസ്(അഞ്ചാം നില), നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ 23 മുതൽ 44 വരെ വാർഡുകളുടെ സൂക്ഷ്മ പരിശോധന നടക്കുന്ന പെർഫോമൻസ് ഓഡിറ്റ് വിഭാഗം അസിസ്റ്റന്റ് ഡെവലപ്മെന്റ കമ്മിഷണറുടെ ഓഫിസ്(നാലാം നില), നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ സൂക്ഷ്മ പരിശോധന നടക്കുന്ന ഡെപ്യൂട്ടി കളക്ടർ(എൽ.എ) ഓഫിസ്,(മൂന്നാം നില), വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ പരിശോധന നടക്കുന്ന അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മിഷണർ(ജനറൽ) ഓഫിസ്(നാലാം നില) മലയിൻകീഴ് പഞ്ചായത്തിന്റെ സൂക്ഷ്മ പരിശോധന നടക്കുന്ന സ്പെഷ്യൽ തഹസിൽദാർ(എൽ.എ)(അഞ്ചാം നില), വെമ്പായം പഞ്ചായത്തിന്റെ സൂക്ഷ്മ പരിശോധന നടക്കുന്ന ശ്രീപണ്ടാരവക ലാൻഡ്സ് വിഭാഗം സ്പെഷ്യൽ തഹസിൽദാർ ഓഫിസ് എന്നിവിടങ്ങളിലേക്കുള്ളവർ രണ്ടാം നമ്പർ ഗേറ്റ് വഴി പ്രവേശിക്കണം.

ഗേറ്റ് – 3

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്ന ജില്ലാ കളക്ടറുടെ ചേംബർ(രണ്ടാം നില), വർക്കല മുനിസിപ്പാലിറ്റിയുടെ സൂക്ഷ്മ പരിശോധന നടക്കുന്ന ഡെപ്യൂട്ടി കളക്ടർ(ആർആർ) ഓഫിസ്(ഒന്നാം നില), വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ സൂക്ഷ്മ പരിശോധന നടക്കുന്ന ഡെപ്യൂട്ടി കളക്ടർ(വിജിലൻസ്) ഓഫിസ്(നാലാം നില), പള്ളിച്ചൽ പഞ്ചായത്തിന്റെ പരിശോധന നടക്കുന്ന ജില്ലാ സർവെ സൂപ്രണ്ട് ഓഫിസ്(മൂന്നാം നില), കരകുളം പഞ്ചായത്തിന്റെ പരിശോധന നടക്കുന്ന എൽ.എ. സ്പെഷ്യൽ തഹസിൽദാർ ഓഫിസ്(ഏഴാം നില), അരുവിക്കര പഞ്ചായത്തിന്റെ സൂക്ഷ്മ പരിശോധന നടക്കുന്ന അഡിഷണൽ എൽ.എ. യൂണിറ്റ് സ്പെഷ്യൽ തഹസിൽദാർ ഓഫിസ്(ആറാം നില) എന്നിവിടങ്ങളിലേക്കുള്ളവർ മൂന്നാം ഗേറ്റ് വഴിയും പ്രവേശിക്കണം.

കളക്ടറേറ്റ് വളപ്പിൽ പാർക്കിങ് അനുവദിക്കില്ല

നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്കെത്തുന്നവരുടെ വാഹനങ്ങൾ കളക്ടറേറ്റ് വളപ്പിൽ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്ന് കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. സൂക്ഷ്മ പരിശോധനയ്ക്കായി സ്ഥാനാർഥി, നാമനിർദേശകൻ, ഏജന്റ് എന്നിവർ ഒരു വാഹനത്തിൽ എത്തണം. വാഹനം സിവിൽ സ്റ്റേഷനിലെത്തി ആളുകളെ ഇറക്കി സിവിൽ സ്റ്റേഷൻ വളപ്പിനു പുറത്ത് പാർക്ക് ചെയ്യണമെന്നും കളക്ടർ അറിയിച്ചു.

ജീവനക്കാരുടെ വിവരങ്ങൾ നവംബർ 20 ന് തന്നെ നൽകണം; വീഴ്ച വരുത്തിയാൽ നടപടി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിക്കാനുള്ള ജീവനക്കാരുടെ പട്ടിക ജില്ലയിലെ സർക്കാർ ഓഫിസുകളിൽനിന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിർദേശിച്ചിട്ടുള്ള മറ്റ് ഓഫിസുകളിൽനിന്നും 20 നവംബർ വൈകിട്ട് അഞ്ചിനു മുൻപ് ഇ-ഡ്രോപ്പ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. വീഴ്ചവരുത്തുന്നവർ ക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും കളക്ടർ പറഞ്ഞു.

ഇ-ഡ്രോപ്പ് വെബ്സൈറ്റിൽ ഉൾപ്പെടുത്താത്ത ഓഫിസുകളിലെ ജീവനക്കാരുടെ വിവരങ്ങൾ സ്പാർക്കിൽനിന്നു ശേഖരിച്ചു പോളിങ് ഡ്യൂട്ടിക്കു നിയോഗിക്കും. ഇങ്ങനെ നിയമിക്കുമ്പോൾ പോളിങ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കേണ്ട ജീവനക്കാർക്ക് ആനുകൂല്യം ലഭിക്കാത്ത സാഹചര്യമുണ്ടായേക്കാമെന്നും അതിന്റെ ഉത്തരവാദിത്തം സ്ഥാപന മേലധികാരിക്കു മാത്രമായിരിക്കുമെന്നും കളക്ടർ അറിയിച്ചു.

NO COMMENTS