ബ്രെക്സിറ്റിന്‍റെ പശ്ചാത്തലത്തില്‍ വീണ്ടും സ്വതന്ത്ര സ്കോട്ട്ലന്‍ഡിനായി ഹിതപരിശോധനാ നീക്കം

176

ലണ്ടന്‍• ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തില്‍ വീണ്ടും സ്വതന്ത്ര സ്കോട്ട്ലന്‍ഡിനായി ഹിതപരിശോധനാ നീക്കം. ഇതിനായുള്ള കൂടിയാലോചനകള്‍ ആരംഭിച്ചതായി സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടി (എസ്‌എന്‍പി) നേതാവും സ്കോട്ട്ലന്‍ഡ് ഫസ്റ്റ് മിനിസ്റ്ററുമായ നിക്കൊളാസ് സ്റ്റര്‍ജന്‍ സ്ഥിരീകരിച്ചു. എസ്‌എന്‍പിയുടെ ഗ്ലാസ്കോ സമ്മേളനത്തിലാണു സ്വതന്ത്ര സ്കോട്ട്ലന്‍ഡിനായുള്ള പുതിയ ഹിതപരിശോധനാ ബില്‍ അടുത്തയാഴ്ച ചര്‍ച്ചകള്‍ക്കായി പ്രസിദ്ധപ്പെടുത്തുമെന്ന് അവര്‍ വ്യക്തമാക്കിയത്. യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ബ്രിട്ടന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സ്കോടലന്‍ഡിനെ സ്വതന്ത്ര രാഷ്ട്രമാക്കി, യൂറോപ്യന്‍ യൂണിയന്റെ ഭാഗമാക്കാനാണ് എസ്‌എന്‍പി ആഗ്രഹിക്കുന്നത്.

ബ്രെക്സിറ്റില്‍ സ്കോട്ട്ലന്‍ഡിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടാത്ത സാഹചര്യത്തില്‍ സ്വതന്ത്രമായി ചിന്തിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണു നിക്കൊളാസ് സ്റ്റര്‍ജന്റെ വാദം.2014ലായിരുന്നു സ്വതന്ത്ര സ്കോട്ട്ലന്‍ഡിനായുള്ള ഹിതപരിശോധന നടന്നത്. ഇതില്‍ 55%പേരും സ്കോട്ട്ലന്‍ഡ് ബ്രിട്ടന്റെ ഭാഗമായി തുടരണമെന്ന അഭിപ്രായക്കാരായിരുന്നു. പിന്നീടു നടന്ന ബ്രെക്സിറ്റ് ഹിതപരിശോധനയില്‍ സ്കോട്ടീഷ് ജനതയുടെ താല്‍പര്യം സംരക്ഷിക്കപ്പെട്ടില്ല. രാജ്യത്തൊട്ടാകെ 52% വോട്ടര്‍മാര്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നു വിധിയെഴുതിയപ്പോള്‍ സ്കോട്ടിഷ് ജനതയുടെ ആവശ്യം യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്നായിരുന്നു. 62% സ്കോട്ട്ലന്‍ഡുകാരാണ് യൂണിയനില്‍ തുടരാനായി വോട്ടുചെയ്തത്. 38% എതിര്‍ത്തും വോട്ടുചെയ്തു.
സ്കോട്ടിഷ് ജനതയുടെ അഭിപ്രായം കണക്കിലെടുക്കാതെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്കു യൂറോപ്യന്‍ യൂണിയന്റെ ഭാഗമായി തുടരാന്‍ അനുമതി വേണമെന്നതാണ് എസ്‌എന്‍പിയുടെ ഹിതപരിശോധനാ നീക്കത്തിനു ബലം നല്‍കുന്നത്.
രണ്ടാം ഹിതപരിശോധനയ്ക്കായി എസ്‌എന്‍പി മുറവിളി കൂട്ടുമ്ബോഴും ഇതിനോടു മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ മുഖതിരിച്ചു നില്‍ക്കുകയാണ്. നിലവിലുള്ള നിയമപ്രകാരം ഈ തലമുറയ്ക്കായി ഇക്കാര്യത്തില്‍ മറ്റൊരു ഹിതപരിശോധനയ്ക്കു നിയമസാധുതയുമില്ല. എങ്കിലും പ്രാദേശിക വികാരം ആളിക്കത്തിച്ചു രാഷ്ട്രീയനേട്ടത്തിനുള്ള പുറപ്പാടിലാണ് എസ്‌എന്‍പി.
ബ്രെക്സിറ്റ് നടപടികളുമായി മുന്നോട്ടുപോകുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതാണു സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്ററുടെ പുതിയ പ്രഖ്യാപനം.

NO COMMENTS

LEAVE A REPLY