സൗദി അറേബ്യയിലെ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട പാക്ക് ഭീകരര്‍ ഉള്‍പ്പെട്ട സംഘം പിടിയില്‍

151

ജിദ്ദ• സൗദി അറേബ്യയിലെ ജിദ്ദയിലുള്ള ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ സ്ഫോടനം നടത്താന്‍ പാക്ക് ഭീകരര്‍ ഉള്‍പ്പെട്ട സംഘം പദ്ധതിയിട്ടിരുന്നതായി സൗദി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. സൗദിയില്‍ നടത്തിയ ഭീകരാക്രമണങ്ങളെ കുറിച്ച്‌ അറിയിക്കുന്നതിനിടെയായിരുന്നു സ്റ്റേഡിയം തകര്‍ക്കാന്‍ പദ്ധതിയിട്ട കാര്യം ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി വെളിപ്പെടുത്തിയത്. ജിദ്ദയിലെ അല്‍ ജൗഹറ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ പതിനൊന്നിനു സൗദിയും യുഎഇയും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ ഫുട്ബോള്‍ മല്‍സരത്തിനിടയില്‍ ആക്രമണം നടത്തുകയായിരുന്നു ഭീകരരുടെ പദ്ധതി. സ്റ്റേഡിയത്തോട് അനുബന്ധിച്ചുള്ള പാര്‍ക്കിങ് ഏരിയയില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ എത്തിച്ച്‌ ആക്രമണം നടത്തുകയായിരുന്നു ലക്ഷ്യം.
എന്നാല്‍ മുന്‍കൂട്ടി വിവരമറിഞ്ഞ സുരക്ഷാ സേന പദ്ധതി തകര്‍ത്തു. തുടര്‍ന്ന് ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ മത്സരത്തിന്റെ തലേന്നു നടത്തിയ പരിശോധനയില്‍ ഭീകരാക്രമണത്തിനു പദ്ധതിയിട്ടവരെന്നു സംശയിക്കുന്ന എട്ടു പേരെ സുരക്ഷാവിഭാഗം പിടികൂടി കസ്റ്റഡിയിലെടുത്തു. പാക്കിസ്ഥാന്‍, സിറിയ, സുഡാന്‍ പൗരന്മാരെയാണ് അറസ്റ്റ് ചെയ്തതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായവരില്‍ രണ്ടു പേര്‍ പാക്ക് സ്വദേശികളാണ്. മക്ക ആക്രമിക്കാനുള്ള യെമനിലെ ഹൂതി വിമതരുടെ ശ്രമം കഴിഞ്ഞ ദിവസമാണ് സൗദി സേന തകര്‍ത്തത്.

NO COMMENTS

LEAVE A REPLY