സൗദിയില്‍ കാലപ്പഴക്കം ചെന്നതും കേടുപാടുകള്‍ ഉള്ളതുമായ ടാക്സി കാറുകള്‍ പിടിച്ചെടുക്കും

198

ജിദ്ദ: സൗദിയില്‍ കാലപ്പഴക്കം ചെന്നതും കേടുപാടുകള്‍ ഉള്ളതുമായ ടാക്സി കാറുകള്‍പിടിച്ചെടുക്കാന്‍ മക്കാ ഗവര്‍ണറും രാജാവിന്റെ ഉപദേഷ്ടാവുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ നിര്‍ദേശിച്ചു. ചൊവ്വാഴ്ച മുതല്‍ ഇത് സംബന്ധിച്ച പരിശോധന ആരംഭിക്കും. രാജ്യത്ത് ടാക്സി സര്‍വീസുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്റെ നിര്‍ദേശം.
കേടുപാടുകള്‍ ഉള്ളതും ഗതാഗത നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതുമായ വാഹനങ്ങള്‍അത് പരിഹരിക്കുന്നത് വരെ റോഡില്‍ ഇറക്കാന്‍പാടില്ല. കാറുകള്‍ നിര്‍മിച്ച് ആറു വര്‍ഷത്തില്‍ കൂടുതല്‍ ടാക്സി സര്‍വീസിനു ഉപയോഗിക്കാന്‍പാടില്ല. അടുത്ത ചൊവ്വാഴ്ച മുതല്‍ ഇത് സംബന്ധമായ പരിശോധന ആരംഭിക്കാനും പ്രതിവാര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഗവര്‍ണര്‍ ഗതാഗത വകുപ്പിന് നിര്‍ദേശം നല്‍കി. കാറുകളുടെ മോടി കൂട്ടാനായി ട്രാഫിക് വകുപ്പ് കഴിഞ്ഞ മേയ് മുതല്‍ഏഴ് മാസത്തെ സമയ പരിധി ടാക്സി കമ്പനികള്‍ക്ക് നല്‍കിയിരുന്നു.
ടാക്സി സേവനങ്ങളുമായി ബന്ധപ്പെട്ടും കാറുകളുടെ ഗുണനിലവാരത്തെക്കുറിച്ചും നിരവധി പരാതികളാണ് ട്രാഫിക് വിഭാഗത്തിന് ലഭിക്കുന്നത്. 938 എന്ന ടോള്‍ഫ്രീ നമ്പറില്‍വിളിച്ചു ആര്‍ക്കും പരാതിപ്പെടാനുള്ള സൗകര്യമുണ്ട്. ജിദ്ദയില്‍ 40000, റിയാദില്‍ 35000 ദമ്മാമില്‍ 25000 ടാക്സി കാറുകള്‍ ഉള്ളതായാണ് കണക്ക്. ഒരു കമ്പനിക്ക് കീഴില്‍ അമ്പതില്‍ കൂടുതല്‍ ടാക്സികള്‍ ഉണ്ടാകാന്‍ പാടില്ല എന്ന നിയമവും ഉണ്ട്. ടാക്സികളുടെ പുറംഭാഗം മോശമായാല്‍ 700 റിയാലും സേവനം നിഷേധിച്ചാല്‍ 300 റിയാലും പിഴ ചുമത്തും. യാത്രക്കാരനെ ലക്ഷ്യസ്ഥാനത്തല്ലാതെ ഇറക്കിയാല്‍ 1000 റിയാല്‍വരെ പിഴ ചുമത്തും.

NO COMMENTS

LEAVE A REPLY