സരിത എസ്.നായരുടെ അറസ്റ്റ് സംബന്ധിച്ചു കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തെറ്റായി മൊഴി നല്‍കിയതായി സോളര്‍ കമ്മിഷനില്‍ വാദം

179

കൊച്ചി • സോളര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്.നായരുടെ അറസ്റ്റ് സംബന്ധിച്ചു കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തെറ്റായി മൊഴി നല്‍കിയതായി സോളര്‍ കമ്മിഷനില്‍ വാദം. സോളര്‍ കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിലെ അംഗം ഡിവൈഎസ്പി വി.അജിത്തിനെ വിസ്തരിക്കുന്നതിനിടെ ലോയേഴ്സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ബി.രാജേന്ദ്രനാണു സിഐ വി.റോയിയുടെ മൊഴിയിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയത്. സരിത അറസ്റ്റ് ചെയ്യപ്പെട്ട പെരുമ്ബാവൂര്‍ സോളര്‍ തട്ടിപ്പ് കേസിലെ അന്വേഷണോദ്യോഗസ്ഥനായിരുന്നു റോയ്.
പെരുമ്ബാവൂര്‍ എസ്‌ഐ സുധീര്‍ മനോഹറിന്റെ നേതൃത്വത്തിലുള്ള സംഘമാണു 2013 ജൂണ്‍ മൂന്നിന് സരിതയെ ഇടപ്പഴഞ്ഞിയിലെ വീടിനു മുന്‍പില്‍നിന്ന് അറസ്റ്റ് ചെയ്തതെന്ന് വി.അജിത് ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സോളര്‍ കമ്മിഷനില്‍ നേരത്തേ മൊഴി നല്‍കിയിരുന്നു.ഈ ദിവസം സിഐ നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലായിരുന്നുവെന്ന് അന്നത്തെ ഡിവൈഎസ്പി കെ.ഹരികൃഷ്ണനും കമ്മിഷനില്‍ മൊഴി നല്‍കിയിരുന്നു.
എന്നാല്‍ സി.കെ.ബാബുരാജന്‍ വാദിയായ കേസില്‍ സരിതയെയും ബിജു രാധാകൃഷ്ണനെയും ശിക്ഷിച്ചുകൊണ്ടുള്ള പത്തനംതിട്ട കോടതിയുടെ വിധിയില്‍, സരിതയെ അറസ്റ്റ് ചെയ്തതു സിഐ റോയിയാണെന്നു പ്രതിപാദിക്കുന്നുണ്ട്. ഈ കേസില്‍ സാക്ഷിയായി റോയിയെ കോടതി വിസ്തരിച്ചിരുന്നു. സരിതയുടെ ലാപ് ടോപ്പുകളും മൊബൈല്‍ ഫോണുകളും പാന്‍കാര്‍ഡും മറ്റു വസ്തുക്കളും എറണാകുളത്തെ ഓഫിസില്‍ നിന്നു പിടിച്ചെടുത്തുവെന്നുമാണു വിധിപ്പകര്‍പ്പിലുള്ളത്.എന്നാല്‍, ഇവ പിടിച്ചെടുത്തതു സരിതയുടെ ഇടപ്പഴഞ്ഞിയിലെ വീട്ടില്‍നിന്നാണെന്നു സോളര്‍ കമ്മിഷനില്‍ പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ പല സാക്ഷികളും മൊഴി നല്‍കിയിരുന്നു. ഈ രണ്ടു വൈരുദ്ധ്യങ്ങളും ചൂണ്ടിക്കാണിച്ചാണു സരിതയുടെ അറസ്റ്റ് സംബന്ധിച്ചു സിഐ റോയ് തെറ്റായി കോടതിയില്‍ മൊഴി നല്‍കിയതായി കേസിലെ കക്ഷികളിലൊരാളായ ലോയേസ് യൂണിയന്‍ സമര്‍ഥിച്ചത്. സാക്ഷിയായി വിസ്തരിച്ച വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണു കോടതി വിധിയുടെ പകര്‍പ്പ് സോളര്‍ കമ്മിഷനു നല്‍കിയിരുന്നത്.

NO COMMENTS

LEAVE A REPLY