വസന്തോത്സവത്തിലെ താരമായി സരസ്വതി വർമ

205

1976 മുതൽ പുഷ്പോത്സവ വേദിയിലെ വർണസാന്നിധ്യമാണ് സരസ്വതി വർമ എന്ന 82 കാരി. പങ്കെടുത്ത 17 ഇനങ്ങളിലും സമ്മാനം നേടി വസന്തോത്സവത്തിലും താരമായിരിക്കുകയാണ് ഇവർ. ഏറ്റവും കൂടുതൽ പോയിന്റു നേടുന്നവർക്കു നൽകുന്ന ചീഫ് മിനിസ്റ്റേർട്സ് ട്രോഫി ഇത്തവണയും സരസ്വതി വർമയുടെ ദേവസ്വം ബോർഡ് ജങ്ഷനിലുള്ള വീടിന്റെ സ്വീകരണമുറി അലങ്കരിക്കും. പൂക്കളോടും ചെടികളോടുമുള്ള അഭിനിവേശം ഒന്നുമാത്രമാണ് എല്ലാ വർഷവും പുഷ്പോത്സവത്തിന്റെ ഭാഗമാകാൻ ഇവരെ പ്രേരിപ്പിക്കുന്നത്.

ജമന്തി, ഡാലിയ, ക്രിസാന്തിമം, കാർണേഷ്യം തുടങ്ങി പൂക്കളിലെ ഒട്ടുമിക്ക ഇനങ്ങളും ശേഖരത്തിലുണ്ടെങ്കിലും റോസുകളാണ് സരസ്വതി വർമയ്ക്ക് ഏറെ പ്രിയങ്കരം. ധാരാളം സമ്മാനങ്ങൾ നേടിക്കൊടുക്കുന്നതും ആസ്വാദകശ്രദ്ധ പിടിച്ചുപറ്റുന്നതുമായ വിവിധതരം റോസ് ചെടികൾ പൂന്തോട്ടത്തിലുണ്ട്. കേരളത്തിനകത്തും പുറത്തുനിന്നുമായി കൊണ്ടുവന്നിട്ടുള്ള റോസുകളിൽ ക്യൂൻ എലിസബത്ത്, മരിയ കളേർസ്, അഹല്യ, എന്നിവയാണ് സരസ്വതി വർമ്മയ്ക്ക് ഏറെ പ്രിയം.

ഭർത്താവ് രവിവർമയും മക്കളും കൊച്ചുമക്കളും അവരുടെ മക്കളും ഉൾക്കൊള്ളുന്ന വലിയ കുടുംബത്തിലെ എല്ലാവർക്കും ഒന്നിനൊന്നു പ്രിയങ്കരമാണു പൂക്കൾ. പൂക്കളുടേയും പൂച്ചെടികളുടേയും പരിപാലനത്തിന് കുടുംബത്തിലെ എല്ലാവരും സരസ്വതി വർമയ്ക്കു വലിയ പിന്തുണയാണു നൽകുന്നത്.

NO COMMENTS