സംസ്ഥാന സര്‍ക്കാരിന്റെ ‘സാന്ത്വന സ്പര്‍ശം’; പരാതി പരിഹാരത്തിനായി അദാലത്തുകള്‍ ജില്ലയിലെ പരാതി പരിഹാര അദാലത്ത് ഫെബ്രുവരി 8,9 തിയ്യതികളില്‍

118

കാസറഗോഡ് : മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ.കെ ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ ‘സാന്ത്വന സ്പര്‍ശം’ പൊതുജന പരാതി പരിഹാര അദാലത്തുകള്‍ ഫെബ്രുവരി എട്ട്, ഒമ്പത് തിയ്യതികളില്‍ നടത്തും. ഫെബ്രുവരി എട്ടിന് കാഞ്ഞങ്ങാടും ഒമ്പതിന് കാസര്‍കോടുമാണ് അദാലത്തെന്ന് റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു.

ഫെബ്രുവരി രണ്ട് വൈകീട്ട് അഞ്ചു വരെ പരാതികള്‍ സമര്‍പ്പിക്കാം. വില്ലേജ് ഓഫീസിലും പഞ്ചായത്ത് ഓഫീസിലും അപേക്ഷ സമര്‍പ്പിക്കാം. ഇതിന് പുറമേ ഓണ്‍ലൈനായും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പരാതികള്‍/അപേക്ഷകള്‍ സമര്‍പ്പിക്കാം. https://www.cmo.kerala.gov.in ലൂടെയാണ് അപേക്ഷിക്കേണ്ടത്. അക്ഷയ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിക്കുന്ന പരാതികള്‍ക്കും അപേക്ഷകള്‍ക്കും ഫീസ് നല്‍കേണ്ടതില്ല. ജില്ലയില്‍ വാട്ട്‌സാപ്പ് നമ്പര്‍ വഴി പരാതികളും അപേക്ഷകളും സമര്‍പ്പിക്കാനും അവസരമുണ്ട്. എ.ഡി.എമ്മിന്റെ വാട്ട്‌സാപ്പ് നമ്പറായ 9447726900 ലേക്ക് പൊതുജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാം.

പട്ടികജാതി, പട്ടിക വര്‍ഗ കോളനികള്‍ സന്ദര്‍ശിച്ച് പരാതികള്‍ നേരിട്ട് സ്വീകരിക്കാന്‍ അക്ഷയ കേന്ദ്രങ്ങളിലെ പ്രത്യേക സംഘത്തെ നിയോഗിക്കും. ഇതിനായി അതത് പ്രദേശത്തെ അക്ഷയ കേന്ദ്രങ്ങളെ ചുമതലപ്പെടുത്തി. അദാലത്തില്‍ ലഭിക്കുന്ന പരാതികള്‍ റവന്യു, സിവില്‍ സപ്ലൈസ്, തദ്ദേശ ഭരണം, സാമൂഹിക നീതി, കൃഷി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സമിതിയാണ് പരിശോധിക്കുക.

മുഴുവന്‍ പരാതികള്‍ക്കും അപേക്ഷകള്‍ക്കും സമയബന്ധിതമായി മറുപടി ലഭിക്കും. അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. അദാലത്തിന് മുമ്പ് തന്നെ പരാതികള്‍ ഉദ്യോഗസ്ഥതലത്തില്‍ തീര്‍പ്പാക്കാന്‍ ശ്രമിക്കും. പരിഹാരം കണ്ടെത്താന്‍ സാധിക്കാത്ത പരാതികളാണ് അദാലത്തിലേക്ക് പരിഗണിക്കുക. അതിനാല്‍, നിര്‍ദേശിക്കപ്പെട്ടവരാണ് അദാലത്തില്‍ ഹാജരാകേണ്ടതെന്നും മന്ത്രി പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് അദാലത്ത് നടക്കുക. പത്രസമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബവും സംസാരിച്ചു.

NO COMMENTS