സഞ്ജുവിനെതിരെ അച്ചടക്ക നടപടിയുണ്ടായേക്കും

159

കൊച്ചി• ഇന്ത്യന്‍ ദേശീയ ടീമില്‍ ഇടം നേടിയ മലയാളി യുവതാരം സഞ്ജു സാംസണ്‍ വിവാദക്കുരുക്കില്‍. നിലവില്‍ കേരള രഞ്ജി ടീമംഗമായ സഞ്ജു, അച്ചടക്ക ലംഘനം നടത്തിയെന്നാണ് ആരോപണം. ഇക്കാര്യം അന്വേഷിക്കുന്നതിനായി കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) ടി.ആര്‍.ബാലകൃഷ്ണന്‍ ചെയര്‍മാനായ നാലംഗ സമിതിയെ നിയോഗിച്ചു. സഞ്ജുവിന് സമിതി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. എസ്.രമേശ്, പി.രംഗനാഥന്‍, അഡ്വ.ശ്രീജിത്ത് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. ഇത്തവണത്തെ രഞ്ജി സീസണിനിടെ സഞ്ജു നടത്തിയെന്ന് ആരോപിക്കപ്പെടുന്ന എല്ലാ അച്ചടക്ക ലംഘനങ്ങളും കെസിഎ നിയോഗിക്കുന്ന കമ്മിറ്റി അന്വേഷണ വിധേയമാക്കും. മുംബൈയില്‍ ഗോവയ്ക്കെതിരായ രഞ്ജി ട്രോഫി മല്‍സരം നടക്കുന്നതിനിടെ സ‍ഞ്ജു അധികൃതരുടെ അനുമതിയില്ലാതെ പുറത്തുപോയെന്ന ആരോപണത്തേക്കുറിച്ചും അന്വേഷിക്കും.

ചട്ടവിരുദ്ധമായി ഏറെ സമയം പുറത്ത് ചെലവഴിച്ച സഞ്ജു, ഏറെ വൈകിയാണ് ടീമിന്റെ താമസ സ്ഥലത്തേക്ക് മടങ്ങിയെത്തിയതെന്നാണ് ആരോപണം. എന്നാല്‍, സഞ്ജുവിന്റെ ഭാവിയെ കരുതി ഇക്കാര്യം ടീം അധികൃതര്‍ ഉന്നതങ്ങളിലേക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. മാത്രമല്ല, ടീം ക്യാംപിലെ സഞ്ജുവിന്റെ പെരുമാറ്റ രീതിയേക്കുറിച്ചും പരാതികളുണ്ട്. ഗോവയ്ക്കെതിരായ മല്‍സരത്തില്‍ പൂജ്യത്തിന് പുറത്തായ സഞ്ജു ‍ഡ്രസിങ് റൂമില്‍ മടങ്ങിയെത്തിയശേഷം പരുഷമായി പെരുമാറിയതായി ആരോപണമുണ്ട്. കെസിഎ പ്രസിഡന്റും ബിസിസിഐ വൈസ് പ്രസിഡന്റുമായി ടി.സി. മാത്യു ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കെസിഎ പ്രസിഡന്റ് ടി.സി. മാത്യുവിനെ സഞ്ജുവിന്റെ പിതാവ് ഫോണില്‍ അസഭ്യം പറഞ്ഞെന്ന ആരോപണത്തേക്കുറിച്ചും സമിതി അന്വേഷിക്കും.

NO COMMENTS

LEAVE A REPLY