വില്ലേജ് ഓഫീസിന് തീയിട്ട സാംകുട്ടിക്ക് ഒടുവില്‍ വസ്തു പോക്കുവരവ് ചെയ്തുകിട്ടി

165

വൈകി കിട്ടുന്ന നീതി, നീതി നിഷേധമാണെന്ന് സാംകുട്ടി ഇനി പറയില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം പട്ടയ ഭൂമി പോക്കുവരവ് ചെയ്തുകിട്ടിയതിന്റെ സന്തോഷത്തിലാണ് സാംകുട്ടി. പോക്കുവര് ചെയ്ത് കരവുമൊടുക്കി. നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസിലെത്തി കരമടച്ച് രേഖകളെല്ലാം സ്വന്തമാക്കിയ സാം കുട്ടിക്ക് ഇതൊന്നും ഇക്കാലത്തൊന്നും നടക്കുമെന്ന് കരുതിയതല്ലെന്നാണ് പറയുന്നത്. ദൈവവും പിന്നെ മാധ്യമങ്ങളും വിചാരിച്ചതുകൊണ്ടുമാത്രമാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്നും സാം കുട്ടി പറയുന്നു
വര്‍ഷങ്ങളായുളള നീതി നിഷേധത്തിനെതിരെ ശക്തമായ ഭാഷയിലായിരുന്നു സാം കുട്ടിയുടെ പ്രതികരണം. കഴിഞ്ഞ എപ്രില്‍ 28ന് വെളളറട വില്ലേജ് ഓഫീസിലെ ജീവനക്കാരെ പൂട്ടിയിട്ട് തീയിട്ടു. വില്ലേജ് ഓഫീസര്‍ക്കുള്‍പ്പെടെ പരിക്കേറ്റു. പിടിയിലായ സാംകുട്ടി ജയിലിലുമായി. ഉദ്യോഗസ്ഥരുടെ അലംഭാവത്തില്‍ ചുവപ്പുനാടയില്‍ കുരുങ്ങിയ ജീവിതം പുറംലോകത്തെ അറിയിച്ചത് ഏഷ്യാനെറ്റ് ന്യൂസിന്റെ അന്വേഷണം പരിപാടി. പോക്കുവരവ് ചെയ്തുകിട്ടാന്‍ സാംകുട്ടി നല്‍കിയ അപേക്ഷയില്‍ പട്ടയനമ്പര്‍ മാറിപ്പോയതാണ് പ്രശ്നകാരണമെന്നാണ് അധികൃതരുടെ കണ്ടെത്തല്‍. ഏഷ്യാനെറ്റ് ന്യൂസിലൂടെ സാംകുട്ടിയുടെ അവസ്ഥ അറിഞ്ഞതോടെ റവന്യുമന്ത്രി ഉള്‍പ്പെടെയുള്ളവരാണ് പ്രശ്നത്തില്‍ ഇടപെട്ടത്. ഇനി ഈ ഭൂമി വിറ്റ് കടബാധ്യതകള്‍ തീര്‍ക്കണമെന്നാണ് സാംകുട്ടിയുടെ ആഗ്രഹം.