റിയോയിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ; ഗുസ്തിയിൽ സാക്ഷി മാലിക്കിന് വെങ്കലം

212

റിയോ ∙ ഒടുവിൽ ഇന്ത്യയുടെ കാത്തിരിപ്പിന് അവസാനം. രാജ്യത്തിന് അഭിമാനമായി ഇന്ത്യൻ താരം സാക്ഷി മാലിക്കിന് ഒളിംപിക്സ് ഗുസ്തിയിൽ വെങ്കലം. വനിതകളുടെ 58 കിലോഗ്രാം ഗുസ്തി ഫ്രീസ്റ്റൈൽ വിഭാഗത്തിലാണ് സാക്ഷി വെങ്കലം നേടിയത്. കിർഗിസ്ഥാന്റെ ഐസുലു ടിനിബെക്കോവയെ 8–5നു മലർത്തിയടിച്ചാണു സാക്ഷിയുടെ നേട്ടം. 5–0നു എതിരാളി മുന്നിലെത്തിയ ശേഷം ശക്തമായി തിരിച്ചടിച്ചാണ് സാക്ഷിയുടെ ജയം. റിയോയിൽ ഇന്ത്യയുടെ ആദ്യ മെഡലാണിത്.ക്വാർട്ടർ ഫൈനലിൽ തോറ്റു പുറത്തായ സാക്ഷി, റെപ്പഷാജെ മൽസരത്തിലൂടെയാണു വെങ്കലം നേടിയത്. ക്വാർട്ടറിൽ സാക്ഷിയെ തോൽപിച്ച റഷ്യൻ താരം വലേറിയ ഫൈനലിൽ കടന്നതോടെയാണു സാക്ഷിക്കു റെപ്പഷാജെയിൽ അവസരം കിട്ടിയത്.റെപ്പഷാജെയുടെ ആദ്യ റൗണ്ടിൽ മംഗോളിയയുടെ ഒർഖോൺ പുറെഡോർജിനെ (12-3) തോൽപിച്ചതോടെയാണ് ഇന്ത്യൻ താരം വെങ്കല പോരാട്ടത്തിന് യോഗ്യത നേടിയത്. സാക്ഷിക്കു 12 പോയിന്റുകൾ കിട്ടിയപ്പോൾ മംഗോളിയൻ താരത്തിനു കിട്ടിയത് മൂന്നു പോയിന്റ് മാത്രം.അതേസമയം, മെഡൽ നേടിയ സാക്ഷിക്കു പ്രോൽസാഹനവുമായി ഹരിയാന സർക്കാർ. രണ്ടരക്കോടി രൂപയും സർക്കാർ ജോലിയും സാക്ഷിക്കു നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ സാക്ഷിയുടെ പിതാവ് സുഖ്ബീറിനെ വിളിച്ച് അഭിനന്ദനം അറിയിച്ചു.