സൈന നെഹ്വാളിന് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റന്‍ കിരീടം

233

സിഡ്നി• സൈന നെഹ്വാള്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടത്തില്‍ മുത്തമിട്ടു. ഫൈനലില്‍ ലോക രണ്ടാം നമ്ബര്‍ താരം ചൈനയുടെ സുന്‍ യുവിനെ 11-21, 21-14, 21-19ന് തകര്‍ത്താണ് എട്ടാം നമ്ബര്‍ താരമായ സൈനയുടെ കിരീടനേട്ടം. ലണ്ടന്‍ ഒളിംപിക്സിലെ വെങ്കലമെഡല്‍ ജേത്രിയാണ് ഇരുപത്താറുകാരിയായ സൈന. സീസണില്‍ സൈനയുടെ ആദ്യ കിരീടമാണിത്. ഓസ്ട്രേലിയന്‍ ഓപ്പണില്‍ രണ്ടാം കിരീടവും.
സിഡ്നി സ്പോര്‍ട്സ് സെന്ററില്‍ ആദ്യ സെറ്റ് ദയനീയമായി തോറ്റശേഷമായിരുന്നു സൈനയുടെ തിരിച്ചുവരവ്. ആദ്യ സെറ്റില്‍ കാര്യമായ പോരാട്ടം കാഴ്ചവയ്ക്കാനാകാതെ 11-21നായിരുന്നു സൈനയുടെ തോല്‍വി.
എന്നാല്‍, തുടര്‍ന്നങ്ങോട്ട് കളം പിടിച്ച സൈന എതിരാളിക്ക് കാര്യമായ അവസരങ്ങളൊന്നും നല്‍കാതെ രണ്ടാം സെറ്റെടുത്തു. നിര്‍ണായകമായ മൂന്നാം സെറ്റില്‍ സൈനയും സുന്‍ യുവും വാശിയോടെ പൊരുതിയെങ്കിലും അവസരത്തിനൊത്ത് ഉയര്‍ന്ന സൈന സെറ്റു കിരീടവും സ്വന്തമാക്കി.
സൈനയുടെ ഏഴാം സൂപ്പര്‍ സീരീസ് കിരീടമാണിത്. ഇന്തോനീഷ്യന്‍ ഓപ്പണ്‍ (രണ്ടു തവണ), സിംഗപ്പൂര്‍ ഓപ്പണ്‍, ഹോങ്കോങ് ഓപ്പണ്‍, ഇന്ത്യ ഓപ്പണ്‍ എന്നിവയാണ് സൈന നേടിയ മറ്റു സൂപ്പര്‍ സീരീസ് കിരീടങ്ങള്‍.